UPDATES

ട്രെന്‍ഡിങ്ങ്

ഇന്ദു മൽഹോത്രയുടെ വിയോജിപ്പില്‍ ഊന്നി എന്‍ എസ് എസ് അഭിഭാഷകന്റെ തന്ത്രം; എന്താണ് തൊട്ടുകൂടായ്മയെന്ന് ഭരണഘടന കൃത്യമായി നിർവ്വചിച്ചിട്ടില്ലെന്ന് കെ പരാശരന്‍

മതസ്ഥാപനങ്ങൾ പൊതുസ്ഥലമായി പരിഗണിക്കരുത്.

യുവതീപ്രവേശം അനുവദിച്ച വിധി ഭരണഘടനാ വിരുദ്ധമാണെന്നാണ് എൻഎസ്എസിന്റെ അഭിഭാഷകൻ കെ പരാശരൻ വാദിച്ചത്. നേരത്തെ ശബരിമല യുവതീപ്രവേശന കേസിൽ വിധികളിൽ വിയോജനവിധി പുറപ്പെടുവിച്ച ഇന്ദു മൽഹോത്ര ഉന്നയിച്ച വാദങ്ങളാണ് പരാശരൻ തന്റെ വാദങ്ങൾക്ക് ആധാരമായി ഉപയോഗിച്ചത്. വിശ്വാസം പുലര്‍ത്താനുള്ള ഭരണഘടനാപരമായ അവകാശമാണ് പരാശരൻ ചൂണ്ടിക്കാണിച്ചത്. തുല്യത എന്ന ഭരണഘടനാ അവകാശം നിലനിൽക്കുന്നുണ്ട് എന്നിരിക്കെത്തന്നെ, ഒരു ഭരണഘടനാ അവകാശത്തെ സ്ഥാപിക്കാൻ മറ്റൊരു ഭരണഘടനാ അവകാശത്തെ റദ്ദ് ചെയ്യാനാകില്ലെന്നത് സ്ഥാപിതമായ കാര്യമാണ്. ഈ വാദമായിരുന്നു ഇന്ദു മൽഹോത്രയുടെ വിധിയിലെ പ്രധാന ഭാഗം. ഇതേ നിലപാടുകളാണ് എൻഎസ്എസ്സിന്റെ അഭിഭാഷകൻ മുമ്പോട്ടു വെച്ചത്.

തൊട്ടുകൂടായ്മ സംബന്ധിച്ച് ഭരണഘടനയിൽ കൃത്യമായ നിര്‍വ്വചനം നൽകിയിട്ടില്ലാത്തതിനാൽ ശബരിമലയിൽ നടക്കുന്നത് തൊട്ടുകൂടായ്മയാണെന്ന് സ്ഥാപിക്കാനാകില്ലെന്ന സൂചനയും പരാശരന്റെ വാദത്തിലുണ്ടായിരുന്നു. തൊട്ടുകൂടായ്മ കുറ്റകരമാണെങ്കിലും ഭരണഘടന എന്താണ് തൊട്ടുകൂടായ്മ എന്ന് നിർവ്വചിച്ചിട്ടില്ലെന്ന് അദ്ദേഹം വാദമുന്നയിച്ചു.

ഭരണഘടനയിലെ 15, 17, 25 എന്നീ അനുച്ഛേദങ്ങൾ തമ്മിലുള്ള ബന്ധം വിലയിരുത്തിയതിൽ പിഴവുണ്ടെന്ന വാദവും പരാശരൻ എൻഎസ്എസ്സിനു വേണ്ടി ഉന്നയിച്ചു. വിവേചനത്തെ നിരോധിക്കുന്നതാണ് ആർട്ടിക്കിൾ 15. തൊട്ടുകൂടായ്മയെ നിരോധിക്കുന്നതാണ് ആർട്ടിക്കിൾ 17. വിശ്വാസ സ്വാതന്ത്ര്യം ഉറപ്പിക്കുന്നതാണ് ആർട്ടിക്കിൾ 25. ആർ‌ട്ടിക്കിള്‍ 15, 17 എന്നിവ സ്ഥാപിക്കുന്നതിനായി ആർട്ടിക്കിൾ 25 നൽകുന്ന അവകാശങ്ങളെ നിഷേധിക്കുകയാണ് ചെയ്യുന്നത്. ഈ വകുപ്പുകൾ തമ്മിലുള്ള ബന്ധം ശരിയായ വിധത്തിലല്ല വിലയിരുത്തിയിരിക്കുന്നതെന്ന് പരാശരൻ ചൂണ്ടിക്കാട്ടി.

മതസ്ഥാപനങ്ങൾ പൊതുസ്ഥലങ്ങളുടെ ഗണത്തിൽ പെടുത്തരുതെന്ന വാദവും എൻഎസ്എസ് മുമ്പോട്ടു വെച്ചു. മതസ്ഥാപനങ്ങൾ പൊതുസ്ഥലമായി പരിഗണിക്കരുത്. പൊതുസ്ഥലങ്ങളിൽ വിവിധ ലിംഗങ്ങൾക്ക് തുല്യാവകാശമുണ്ട്. എന്നാല്‍ ഇത് ക്ഷേത്രങ്ങള്‍ക്ക് ബാധകമല്ല.

ഒരു പട്ടികജാതി സ്ത്രീക്ക് പ്രവേശനനിഷേധം വന്നാൽ എന്തു സംഭവിക്കുമെന്ന നിയമപരമായ പ്രശ്നം ജസ്റ്റിസ് നരിമാൻ പരാശരനോട് ഉന്നയിച്ചു. സ്ത്രീയെ ഒഴിച്ചു നിർത്തുന്ന ആചാരത്തിന് അടിസ്ഥാനം അവിടുത്തെ പ്രതിഷ്ഠയുടെ നൈഷ്ഠിക ബ്രഹ്മചര്യത്തെ ആധാരമാക്കിയാണെന്നും അതിൽ തൊട്ടുകൂടായ്മയില്ലെന്നും എൻഎസ്എസ് മറുപടി നൽകി.

വിവേചനത്തെയും തൊട്ടുകൂടായ്മയെും തടയുന്ന ആർട്ടിക്കിൾ 15 (1) (2) എന്നിവയെ ആധാരമാക്കി ഒരു ക്ഷേത്രത്തിന്റെ ആചാരങ്ങളെ ഇല്ലാതാക്കുന്നത് തെറ്റാണെന്ന് എൻഎസ്എസ് വാദിച്ചു. യുവതീപ്രവേശനം നിഷേധിക്കുന്നത് തൊട്ടുകൂടായ്മ മൂലമല്ലെന്നും, തൊട്ടുകൂടായ്മയുണ്ട് എന്ന് സ്ഥാപിക്കാനാകുക ആരെയെങ്കിലും മനുഷ്യനെക്കാൾ നീചമെന്ന് പരിഗണിച്ചാൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. യുവതീപ്രവേശന നിഷേധത്തിൽ ഇത്തരമൊരു കാര്യമില്ല. ഈ വാദത്തെ ജസ്റ്റിസ് റോഹിൻടൺ നരിമാൻ ഉടൻ തന്നെ ഖണ്ഡിച്ചു. തൊട്ടുകൂടായ്മ മാത്രം നോക്കിയല്ല വിധിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍