UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആശാറാം ബലാൽസംഗക്കേസ് വിധി ഇന്ന്; ജോധ്പൂർ ജയിലിൽ വൻ സുരക്ഷാ സന്നാഹം

മൂന്ന് പ്രധാന സാക്ഷികളെ കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ കൊലപ്പെടുത്തുകയുണ്ടായി. സാക്ഷികളുടെ കുടുംബങ്ങളെ ആക്രമിക്കുകയും ചെയ്തു ആശാറാമിന്റെ ഭക്തന്മാർ.

ആൾദൈവം ആശാറാം ബാപ്പുവിനെതിരായ ബലാൽസംഗക്കേസിൽ ജോധ്പൂർ കോടതി ഇന്ന് ശിക്ഷ വിധിക്കും. 16 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലാണ് കോടതി ഇന്ന് ശിക്ഷ വിധിക്കുക. ഇന്ത്യയിലാകമാനം ആയിരക്കണക്കിന് ആരാധകരുള്ള ആൾദൈവമാണ് ഇയാൾ. പണവും ആൾബലവും അധികാരബലവും ഏറെയുള്ളതിനാൽ പൊലീസ് കനത്ത ജാഗ്രത പുലർത്തുകയാണ്.

ആശാറാമിനെതിരെ സാക്ഷി പറയാൻ ധൈര്യപ്പെട്ടവർക്ക് വിചാരണക്കാലയളവിൽ ആക്രമണങ്ങൾ നേരിടേണ്ടി വന്നിരുന്നു. പൊലീസുദ്യോഗസ്ഥരും മാധ്യമപ്രവർത്തകരുമെല്ലാം ലക്ഷ്യം വെക്കപ്പെടുകയുണ്ടായി.

2013 മുതൽ ജോധ്പൂർ ജയിലിലാണ് ദൈവത്തിന്റെ താമസം. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് ഇയാളെ ജയിലിൽ പാർപ്പിച്ചു വന്നിരുന്നത്. ബലാൽസംഗത്തിനിരാ കുട്ടിയും കുടുംബവും താമസിക്കുന്ന ഉത്തർപ്രദേശിലെ ഷാജഹാന്‍പൂരിലും സമാനമായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

1300 പേജുള്ള കുറ്റപത്രമാണ് രാജസ്ഥാൻ പൊലീസ് ആശാറാമിനെതിരെ ഫയൽ ചെയ്തിട്ടുള്ളത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടവിൽ പാർപ്പിക്കുകയും ബലാൽസംഗം ചെയ്യുകയും ചെയ്തതാണ് ചുമത്തിയിട്ടുള്ള പ്രധാന കുറ്റം. കുട്ടിയുടെ ദേഹത്ത് ബാധ കയറിയിട്ടുണ്ടെന്നും ഒഴിപ്പിക്കാൻ ആശാറാം തയ്യാറാണെന്നും ആശാറാമിന്റെ സഹായികൾ കുട്ടിയെ ധരിപ്പിക്കുകയായിരുന്നു. ഇതെത്തുടർന്നാണ് ബലാൽസംഗം നടന്നത്. ആശാറാമിന്റെ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു പെൺകുട്ടി.

സമാനമായ മറ്റൊരു കേസും ആശാറാമിനെതിരെയുണ്ട്. 1997 മുതൽ 2006 വരെയുള്ള കാലയളവിൽ ആശാറാമിന്റെ ഗുജറാത്തിലെ ആശ്രമത്തിലുള്ള സ്കൂളിൽ താമസിച്ച് പഠിക്കുകയായിരുന്ന സഹോദരിമാരാണ് പീഡിപ്പിച്ചെന്ന് പരാതി നൽകിയിട്ടുള്ളത്. ആശാറാമിന്റെ മകൻ നാരായൺ സായിക്കെതിരെയും പരാതിയുണ്ട്.

ജോധ്പൂരിൽ തന്നെ ഗൗരവപ്പെട്ട രണ്ട് കേസുകൾ കൂടി ആൾദൈവത്തിനെതിരെ നിലവിലുണ്ട്. ഉദയ് മന്ദിർ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതാണ് ഇവയിലൊന്ന്. വാട്സാപ്പിലൂടെയാണ് ഭീഷണി മുഴക്കിയത്.

ഇടക്കാല ജാമ്യം അനുവദിച്ചു കിട്ടുന്നതിന് ബലമേകാനായി വ്യാജരേഖകൾ കോടതിയിൽ സമർപ്പിച്ചെന്നതാണ് മറ്റൊരു കേസ്. സുപ്രീംകോടതിയിലായിരുന്നു ആശാറാമിന്റെ വ്യാജരേഖാ സമർപ്പണം. രേഖ വ്യാജമാണെന്ന് കണ്ടെത്തിയ കോടതി 1 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ആശാറാമിന്റെ ജാമ്യാപേക്ഷ കോടതി ആറുതവണയാണ് തള്ളിയത്.

സാക്ഷികളുടെ കൊലപാതകം

മൂന്ന് പ്രധാന സാക്ഷികളെ കേസന്വേഷണം പുരോഗമിക്കുന്നതിനിടെ ഇയാൾ കൊലപ്പെടുത്തുകയുണ്ടായി. സാക്ഷികളുടെ കുടുംബങ്ങളെ ആക്രമിക്കുകയും ചെയ്തു ആശാറാമിന്റെ ഭക്തന്മാർ. അമൃത്പൂരി എന്ന ആയുർവ്വേദ ഡോക്ടറാണ് കൊല്ലപ്പെട്ടവരിലൊരാൾ. ഇദ്ദേഹം ആശാറാമിന്റെ മോട്ടേര ആശ്രമത്തിൽ 15 വർഷത്തോളം പ്രവർത്തിച്ചിരുന്നു.

ഒരുകാലത്ത് ആശാറാമിന്റെ വിശ്വസ്തനായിരുന്ന, പിന്നീട് ഈ കേസിൽ സാക്ഷിയായി മാറിയ അഖിൽ ഗുപ്ത എന്നയാൾ 2015ൽ കൊല്ലപ്പെട്ടു.

കപിൽ സിങ് എന്ന എൽഐസി ഏജന്റും കേസിലെ പ്രധാന സാക്ഷികളിലൊരാളായിരുന്നു. ഇദ്ദേഹത്തെ വെടി വെച്ച് കൊല്ലുകയാണുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍