UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കീഴടി പര്യവേക്ഷകന്റെ യുഎസ് പ്രഭാഷണത്തിന് വിലക്ക്; ചരിത്രം അടച്ചുവെക്കാൻ ശ്രമിക്കുന്നത് ഹിന്ദുത്വ ലോബി

നിലവിൽ ഹിന്ദു സംസ്കാരമെന്ന നിലയിൽ പൊതുവെ വിവക്ഷിക്കപ്പെടുന്ന ബ്രാഹ്മണ സംസ്കാരത്തിന് ഇപ്പോൾ പറയപ്പെടുന്ന അത്ര നീണ്ടകാലത്തെ ചരിത്രമില്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് കീഴടി എക്സ്കവേഷനിലൂടെ പുറത്തു വന്നത്.

തമിഴ്നാട്ടിലെ ശിവഗംഗൈ ജില്ലയിൽ കീഴടി പര്യവേക്ഷണ കേന്ദ്രത്തിൽ ജോലി ചെയ്തിരുന്ന പുരാവസ്തു ഗവേഷകന് യുഎസ്സിൽ പോകുന്നതിന് വിലക്ക്. കീഴടിയിൽ പര്യവേക്ഷണം നടത്തിയിരുന്ന അമർനാഥ് രാമകൃഷ്ണയ്ക്കാണ് വിലക്ക്. കേന്ദ്രത്തിൽ ബിജെപി സർക്കാർ നിലവിൽ വന്നതോടെ കീഴടി പര്യവേക്ഷണത്തിനുള്ള ഫണ്ടുകൾ തടയുകയും ഇദ്ദേഹത്തെ ആസ്സാമിലേക്ക് സ്ഥലം മാറ്റുകയും ചെയ്തിരുന്നു.

കീഴടി പര്യവേക്ഷണം സംബന്ധിച്ച ഒരു പ്രഭാഷണത്തിനായാണ് ഇദ്ദേഹം യുഎസ്സിൽ പോകാനൊരുങ്ങിയത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയാണ് യാത്രയ്ക്ക് തടസ്സമുന്നയിച്ചത്.

കീഴടിയില്‍ നടന്ന ആദ്യത്തെ രണ്ട് എക്സ്കവേഷനുകൾക്ക് നേത‍ൃത്വം കൊടുത്തത് ഇദ്ദേഹമായിരുന്നു. നോർത്ത് അമേരിക്കയിൽ ഫെഡറേഷൻ ഓഫ് തമിൾ സങ്കംസ് എന്ന സംഘടന സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാനാണ് അമർനാഥ് പോകാനിരുന്നത്. അമ്പതോളം തമിഴ് സംഘടനകളുടെ കൂട്ടായ്മയാണ് ഫെഡറേഷൻ ഓഫ് തമിൾ സങ്കംസ്. ജൂൺ 29 മുതൽ ജൂലൈ 1 വരെ നീണ്ടു നിൽക്കുന്ന പ്രഭാഷണപരമ്പരയാണ് ഉദ്ദേശിച്ചിരുന്നത്.

അമർനാഥിന്റെ യാത്ര തടഞ്ഞതിനു പിന്നിലെ കാരണം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല.

‘ഹിന്ദു സംസ്കാര’ത്തിന് ഐതിഹ്യങ്ങളിൽ പറയുന്ന ചരിത്രമില്ല!

നിലവിൽ ഹിന്ദു സംസ്കാരമെന്ന നിലയിൽ പൊതുവെ വിവക്ഷിക്കപ്പെടുന്ന ബ്രാഹ്മണ സംസ്കാരത്തിന് ഇപ്പോൾ പറയപ്പെടുന്ന അത്ര നീണ്ടകാലത്തെ ചരിത്രമില്ല എന്നതിന്റെ ജീവിക്കുന്ന തെളിവുകളാണ് കീഴടി എക്സ്കവേഷനിലൂടെ പുറത്തു വന്നത്. ലോകം ഈ കണ്ടെത്തലുകൾ അതീവ താൽപര്യത്തോടെ ചർച്ച ചെയ്തു തുടങ്ങിയപ്പോഴാണ് ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിലെ ഉത്തരേന്ത്യന്‍ ഹിന്ദുത്വ വാദികൾ ഉണർന്നത്. ബ്രാഹ്മണികമായ ചരിത്രമാണ് ഇന്ത്യയുടെ ചരിത്രമെന്നത് പൂർണമായും അട്ടിമറിക്കപ്പെടുമെന്നത് തിരിച്ചറിഞ്ഞുള്ള നീക്കങ്ങളായിരുന്നി പിന്നീട് നടന്നത്.

കീഴടിയിലെ മൂന്നാമത്തെ എക്സ്കവേഷൻ നടക്കുന്നതിനു മുന്നോടിയായി അമർനാഥിനെ സ്ഥലം മാറ്റി. ഇദ്ദേഹത്തിന് പകരമായെത്തിയത് പിഎസ് ശ്രീരാമനാണ്. ആർക്കിയോളജിക്കൽ സർവ്വേയുടെ ഇപ്പോഴത്തെ നിലപാടുകൾക്ക് ഏറെ യോജിച്ചയാളാണിദ്ദേഹം.

ഹൈന്ദവ സംസ്കാരം സംബന്ധിച്ച് വളരെ ചുരുങ്ങിയ ചരിത്രലക്ഷ്യങ്ങളെ ആധാരമാക്കിയുള്ള ഊഹങ്ങളിൽ അധിഷ്ഠിതമാണ് പ്രമുഖമായ പല ചരിത്രകൃതികളും. ഹൈന്ദവസംസ്കാരത്തിന് ആയിരത്താണ്ടുകൾ പഴക്കമുണ്ടെന്ന വാദങ്ങളെ ഖണ്ഡിക്കാൻ പോന്നവയാണ് കീഴടി അടക്കമുള്ള പുതിയ ആർ‌ക്കിയോളജിക്കൽ സൈറ്റുകൾ. ഇവിടങ്ങളിൽ പര്യവേക്ഷണം നടക്കുന്നത് തടയാനും, തടയാൻ സാധിക്കാത്തവയെ വഴി തെറ്റിക്കാനും സംഘടിതമായ നീക്കങ്ങൾ നടക്കുന്നുണ്ട്.

കീഴടി അടക്കമുള്ള പുതിയ സൈറ്റുകളിലെ ചിത്രങ്ങൾ മാത്രം വെച്ചാൽ പൊളിഞ്ഞു വീഴും നിലവിലുള്ള പല ചരിത്ര സിദ്ധാന്തങ്ങളും എന്നതാണ് എസ്റ്റാബ്ലിഷ്ഡ് ചരിത്രമെഴുത്തുകാര്‍ നേരിടുന്ന വെല്ലുവിളി. കേരളത്തിലെ പട്ടണം പോലെ ഒരു ആവാസകേന്ദ്രമായിരുന്നു കീഴടി എന്നതാണ് ഇതിലെ പ്രധാനപ്പെട്ട വസ്തുത. ഇവിടെ നിന്നും ലഭിക്കുന്ന തെളിവുകൾ അന്നത്തെ പൊതുജീവിതത്തെക്കുറിച്ച് വ്യക്തമായ കാഴ്ച പകർന്നു തരും. അതിൽ ഇന്നീപ്പറയുന്ന ‘ഹിന്ദുത്വ’ ഉണ്ടായിരിക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമുണ്ടാകും.

തമിഴകത്ത് കുറെ ഗോത്രവർഗ്ഗക്കാർ മാത്രമാണ് പുരാതന കാലത്തുണ്ടായിരുന്നത് എന്ന സിദ്ധാന്തവും ഇതോടെ പൊളിഞ്ഞുവീഴും. കീഴടിയിൽ കാണുന്നത് പരിഷ്കൃതമായ ഒരു സമൂഹം നിലനിന്നിരുന്നു എന്നതാണ്. വൈഗൈ നദീതീരം കേന്ദ്രീകരിച്ച് ഒരു നാഗരികത നിലവിലുണ്ടായിരുന്നു എന്നത് അംഗീകരിക്കാൻ ആര്‍ക്കിയോളജിക്കൽ സർവ്വേയിലെയും ചരിത്രമെഴുത്തുകാർക്കിടയിലെയും താപ്പാനകൾക്ക് താൽപര്യമില്ല എന്നതാണ് പ്രശ്നം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍