UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പായ്‌വഞ്ചിയോട്ട മത്സരത്തിനിടെ മലയാളി നാവികന്‍ അപകടത്തിൽ പെട്ടു; ഓസ്ട്രേലിയൻ വ്യോമസേന രക്ഷാപ്രവർത്തനത്തിൽ

ജൂലൈ ഒന്നിന് ഫ്രാൻസിലെ സാബ്ലെ ദൊലോനിൽ നിന്നും പുറപ്പെട്ടതാണ് അഭിലാഷ് അടക്കമുള്ളവരുടെ പായ്‌വഞ്ചികൾ.

ഇന്ത്യയുടെ ഏറ്റവും മികച്ച പായ്‌വഞ്ചിയോട്ട വിദഗ്ധരിലൊരാളായ മലയാളി നാവികൻ അഭിലാഷ് ടോമി അപകടത്തിൽ പെട്ടു. ഇദ്ദേഹത്തെ രക്ഷിക്കാൻ ഓസ്ട്രേലിയൻ സമുദ്ര സുരക്ഷാ വിഭാഗം രംഗത്തിറങ്ങിയിട്ടുണ്ട്. പെർത്തിൽ നിന്നും കടലിൽ 3000 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായിരിക്കുന്നത്.

പതിന്നാല് മീറ്ററോളം ഉയർന്ന തിരമാലയിൽ കുടുങ്ങി പായ്‌വഞ്ചി തകരാറിലാകുകയായിരുന്നു. അഭിലാഷിന്റെയും മറ്റ് രണ്ട് വിദേശ നാവികരുടെയും പായ്‌വഞ്ചികൾ അപകടത്തിൽ പെട്ടിട്ടുണ്ട്. വഞ്ചി തകരാറിലായെന്നും തനിക്ക് സാരമായ പരിക്കുണ്ടെന്നും അഭിലാഷ് ടോമി സന്ദേശം നൽകിയിരുന്നു. ഇതിനു ശേഷം അഭിലാഷിനെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.

ജൂലൈ ഒന്നിന് ഫ്രാൻസിലെ സാബ്ലെ ദൊലോനിൽ നിന്നും പുറപ്പെട്ടതാണ് അഭിലാഷ് അടക്കമുള്ളവരുടെ പായ്‌വഞ്ചികൾ. ലോകം ചുറ്റി തുടങ്ങിയ ഇടത്തു തന്നെ തിരിച്ചെത്തുന്ന മത്സരമാണിത്. ഗോൾഡൻ ഗ്ലോബ് റേസ് ആണ് ഈ റേസിന്റെ സംഘാടകർ.

താൻ മറിഞ്ഞുവീണുവെന്നും പിൻവശത്ത് സാരമായ പരിക്കുണ്ടെന്നും എഴുന്നേൽക്കാൻ കഴിയുന്നില്ലെന്നുമായിരുന്നു അഭിലാഷ് അവസാനമയച്ച സന്ദേശമെന്ന് റേസ് സംഘാടകർ അറിയിച്ചു. അടുത്തുള്ള ഫിഷറീസ് പട്രോൾ വിഭാഗത്തെ അറിയിച്ചുവെങ്കിലും അവർ അഭിലാഷിന്റെ പായ്‌വഞ്ചി നിൽക്കുന്ന ഇടത്തെത്താൻ ദിവസങ്ങളെടുക്കുമെന്ന് മറുപടി നൽകി. ഇതോടെ ഓസ്ട്രേലിയൻ വ്യോ സേനയുടെ സഹായം തേടുകയായിരുന്നു. ഇവരുടെ വിമാനം ഇന്ന് രാത്രിയോടെ അഭിലാഷിനെ കണ്ടെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എല്ലാ കപ്പലുകളിലേക്കും ഇതു സംബന്ധിച്ചുള്ള സന്ദേശം പോയിട്ടുണ്ട്. ഓസ്ട്രേലിയയുടെ സഹായം ലഭിച്ചതിലുള്ള നന്ദി റേസ് ചെയർമാൻ ഡോൺ മക്ഇന്റയർ പ്രകടിപ്പിച്ചു. വഞ്ചിയിൽ നിന്നുള്ള സിഗ്നൽ സന്ദേശം ഇപ്പോഴും ലഭിക്കുന്നുണ്ട്. ഇതിൽ മാത്രമാണ് ഏക പ്രതീക്ഷ. ഇതിനും ബാറ്ററി ലൈഫ് പരിമിതമായതിനാൽ രക്ഷാപ്രവർത്തനം വേഗത്തിൽ നടത്തണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍