UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാൽസംഗം ചെയ്ത സംഭവം: പോൺ നിരോധിക്കണമെന്ന് ഹൈക്കോടതി

കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇന്റർനെറ്റ് സേവന ലൈസൻസ് റദ്ദാക്കുമെന്നും താക്കീതുണ്ട്.

പോൺ വെബ്സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തണമെന്ന് ഇന്റർനെറ്റ് സേവനദാതാക്കൾക്ക് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നിർദ്ദേശം. കർശനമായി നിരോധനം നടപ്പാക്കിയില്ലെങ്കിൽ ലൈസൻസ് റദ്ദ് ചെയ്യുമെന്നും ഇന്റർനെറ്റ് സേവനദാതാക്കൾക്ക് കോടതി നിർദ്ദേശം നൽകി. ഡെറാഡൂണിലെ ഒരു സ്കൂളിൽ വിദ്യാർത്ഥിനിയെ സഹപാഠികൾ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ ആധാരമാക്കിയാണ് കോടതി ഈ നടപടിയെടുത്തത്. പോൺ സൈറ്റ് സന്ദർശിച്ച ശേഷമാണ് തങ്ങൾ അക്രമം നടത്തിയതെന്ന് ഇവർ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു.

പോൺ സൈറ്റുകളുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രണ്ടുതവണ നിരോധനവുമായി വരികയും പിന്നീട് ഭാഗികമായി പിൻവലിക്കുകയും ചെയ്തിരുന്നു. ആദ്യത്തേത് പോൺ സൈറ്റുകളുടെ പൂർണമായ നിരോധനമായിരുന്നു. ഇതിനെതിരെ ജനരോഷമുയർന്നപ്പോൾ നിരോധനം ഭാഗികമാക്കി. പിന്നീട് 2015 ഓഗസ്റ്റ് മാസത്തിൽ ടെലികോം ഡിപ്പാർട്ട്മെന്റ് 857 പോൺ സൈറ്റുകൾക്ക് നിരോധനമേർപ്പെടുത്തി. ഇതിനെതിരെയും ജനരോഷമുയർന്നു. ഇതോടെ നിരോധനം കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് പ്രദർശിപ്പിക്കുന്ന വെബ്സൈറ്റുകൾക്ക് മാത്രമായി ചുരുക്കി.

ചീഫ് ജസ്റ്റിസ് രാജിവ് ശർമ, ജസ്റ്റിസ് മനോജ് തിവാരി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് കുട്ടികൾക്കു കൂടി ലഭ്യമാകുന്ന വിധത്തിൽ പോൺ സൈറ്റുകൾ പ്രവർത്തിക്കുന്നതിനെതിരെ കർശനമായ നടപടികൾ കൈക്കൊള്ളണമെന്ന് നിർദ്ദേശിച്ചിരിക്കുന്നത്. മൂന്നു വർഷം മുമ്പ് കേന്ദ്ര സർക്കാർ മുമ്പോട്ടു വെച്ച നിരോധനം കർശനമായി നടപ്പാക്കണമെന്ന് കോടതി സേവനദാതാക്കളോട് ആവശ്യപ്പെട്ടു.

കോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ഇന്റർനെറ്റ് സേവന ലൈസൻസ് റദ്ദാക്കുമെന്നും താക്കീതുണ്ട്. ഇൻഫർമേഷൻ ടെക്നോളജി നിയമത്തിന്റെ 25ാം വകുപ്പ് പ്രകാരമായിരിക്കും നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍