UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചങ്ങരംകുളം വില്ലേജ് ഓഫീസർ പക്ഷികളെ കൂട്ടക്കൊല ചെയ്ത സംഭവം: പ്രതിഷേധം ശക്തമാകുന്നു

കിളികളും കുഞ്ഞുങ്ങളുമെല്ലാം ചത്തുകിടക്കുന്ന ദയനീയമായ കാഴ്ച കണ്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

ചങ്ങരംകുളം ആലങ്കോട് വില്ലേജോഫീസിനു മുമ്പിൽ നിന്നിരുന്ന മരങ്ങളിൽ കൂടുകൂട്ടിയ ദേശാടനപ്പക്ഷികൾ കാഷ്ഠിക്കുന്നതിന് ‘പരിഹാര’മായി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ കൂട്ടക്കൊലപാതകത്തിൽ പ്രതിഷേധം ശക്തമാകുന്നു. പക്ഷികൾ കൂടു കൂട്ടിയ മരം മുറിക്കുമ്പോൾ ചെയ്യേണ്ട മുൻനടപടികളൊന്നും എടുക്കാതെയായിരുന്നു വില്ലേജോഫീസറുടെ നടപടി.

പത്തിലധികം മരങ്ങളുടെ കൊമ്പുകളാണ് വില്ലേജ് ഓഫീസറുടെ ആവശ്യപ്രകാരം പൊന്നാനി തഹസിൽദാർ ഉത്തരവിട്ട് മുറിച്ചു നീക്കിയത്. ആയിരക്കണക്കിന് ദേശാടനക്കിളികളാണ് ദിനംപ്രതി ഈ മരങ്ങളിൽ എത്തിയിരുന്നത്. മരങ്ങളിൽ കൂടുകൂട്ടിയ ഇവയുടെ കുഞ്ഞുങ്ങളെല്ലാം ഈ കൂട്ടക്കൊലയിൽ ചത്തൊടുങ്ങി. കിളികളിട്ട മുട്ടകൾ താഴെ വീണുടഞ്ഞ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

മരങ്ങൾ വെട്ടാൻ പോകുന്നുവെന്നറിഞ്ഞ് അത് തടയണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തു വന്നിരുന്നു. മരക്കൊമ്പുകൾക്കു താഴെ ടാർപോളിന്‍ കെട്ടി കാഷ്ടിക്കുന്നതിൽ നിന്നുള്ള ബുദ്ധിമുട്ട് ഒഴിവാക്കാമെന്ന നിർദ്ദേശവുമായും ചിലരെത്തി. സ്വന്തം ചെലവിൽ ഇതെല്ലാം ചെയ്തുനൽകാൻ തയ്യാറായി ആളുകൾ ടാർപോളിനുമായി എത്തുന്നതിനു മുമ്പു തന്നെ കൊമ്പുകളെല്ലാം ധൃതി പിടിച്ച് വെട്ടിയൊഴിവാക്കുകയായിരുന്നു.

കിളികളും കുഞ്ഞുങ്ങളുമെല്ലാം ചത്തുകിടക്കുന്ന ദയനീയമായ കാഴ്ച കണ്ട നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീകളും കുട്ടികളുമെല്ലാമടങ്ങുന്ന നാട്ടുകാർ വില്ലേജോഫീസിനു മുമ്പിൽ പ്രതിഷേധപ്രകടനം നടത്തി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നിയമനടപടിയെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു. വനംവകുപ്പധികൃതർ സംഭവത്തിൽ കേസ്സെടുക്കാൻ തയ്യാറായിട്ടില്ല.

അധികൃതരുടെ ഭാഗത്തു നിന്നും നടപടികളുണ്ടാകാത്ത സാഹചര്യത്തിൽ നാട്ടുകാർ നേരിട്ട് നിയമപരമായി മുമ്പോട്ടു പോകാൻ തീരുമാനമായിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍