UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മൻചാണ്ടിക്കെതിരെ ഞാൻ വീരമൃത്യു വരിച്ചത് കുത്തകയെ ചോദ്യം ചെയ്ത്: ചെറിയാൻ ഫിലിപ്പ്

‘ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും പ്രധാന പ്രശ്നം അധികാര കുത്തകകളാണ്.’

അധികാര കുത്തകകൾക്കെതിരെ 1987ൽ കോൺഗ്രസ്സിൽ താനുയർത്തിയ ആവശ്യങ്ങളുടെ തുടർച്ചയാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നതെന്ന് സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പ്. രണ്ട് ടേം പൂർത്തിയാക്കിയ എംഎൽഎമാർക്കും എംപിമാർക്കും സീറ്റ് നൽകരുതെന്ന തന്റെ ആവശ്യം തള്ളിയതിനെ തുടർ‌ന്നാണ് 2001ൽ താൻ ഉമ്മൻചാണ്ടിക്കെതിരെ മത്സരിച്ച് വീരമ‍ൃത്യു വരിച്ചതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു.

ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും പ്രധാന പ്രശ്നം അധികാര കുത്തകകളാണ്. സ്ഥാനം കിട്ടിയവർക്ക് തുടർച്ചയായി സ്ഥാനങ്ങൾ കിട്ടിക്കൊണ്ടിരിക്കുന്നു. ഇത് അധികാര കുത്തകയുടെ വികൃതരൂപമാണെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തല ഉരുളാതെ സൂക്ഷിക്കണമെന്നും ചെറിയാൻ ഫിലിപ്പ് മറ്റൊരു പോസ്റ്റിൽ പറഞ്ഞു. കേരളത്തിൽ ഉടൻ നേതൃമാറ്റം നടക്കുമെന്ന റിപ്പോർട്ടുകൾ വരുന്നുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ എഐസിസി ഇടപെടൽ ഉണ്ടാകുമെന്നാണ് വിവരം.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സൻ എന്നിവരെ പ്രധാന ലക്ഷ്യങ്ങളാക്കി കോൺഗ്രസ്സിന്റെ പ്രായമേറിയ നേതൃത്വത്തിനെതിരെ ശക്തമായ എതിർപ്പുകളാണ് ഉയർന്നുവരുന്നത്.

ചെറിയാൻ ഫിലിപ്പിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അധികാര കുത്തകക്കെതിരെ 1987 ൽ കോൺഗ്രസിൽ ഞാൻ ഉയർത്തിയ ആവശ്യങ്ങളാണ് ഇപ്പോഴത്തെ യുവതലമുറ കലാപമാക്കി മാറ്റിയിരിക്കുന്നത്. സിപിഐ(എം)നെ പോലെ രണ്ടു തവണ പൂർത്തിയാക്കിയ എം എൽ എ മാർക്കും എം പി മാർക്കും വീണ്ടും സീറ്റ് നൽകരുതെന്ന എന്റെ ആവശ്യം കെ പി സി സി തള്ളിയതിനെ തുടർന്നാണ് 2001 ൽ ഏറ്റവുമധികം കാലം എം എൽ എ സ്ഥാനത്തിരുന്ന ഉമ്മൻ ചാണ്ടിക്കെതിരെ പുതുപ്പള്ളിയിൽ മത്സരിച്ചു ഞാൻ വീരമൃത്യു വരിച്ചത്. ഇന്ന് എല്ലാ രാഷ്ട്രീയ കക്ഷികളിലെയും മുഖ്യ പ്രശനം അധികാര കുത്തകയാണ്. സ്ഥാനം കിട്ടിയവർക്കു തന്നെയാണ് തുടർച്ചയായി സ്ഥാനങ്ങൾ. ഒരേ ആളുകൾ തന്നെ സംഘടനാ സ്ഥാനവും പാർലമെന്ററി സ്ഥാനവും വഹിക്കുന്ന തെറ്റായ പ്രവണത അധികാര കുത്തകയുടെ വികൃത രൂപമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍