UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൻ തിരിച്ചടിയുമായി കോണ്‍ഗ്രസ്സും ആർജെഡിയും; ഗോവയിലും ബിഹാറിലും സർക്കാർ രൂപീകരിക്കാൻ അവകാശമുന്നയിച്ചു

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ്സായതിനാൽ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് കോൺഗ്രസ്സ് നേതാവ് യതിഷ് നായിക്ക് ഗോവൻ ഗവര്‍ണറോട് ആവശ്യപ്പെട്ടു.

കർണാടകത്തിൽ ഗവർണർ ഏറ്റവും വലിയ ഒറ്റക്കക്ഷിയെ സർക്കാരുണ്ടാക്കാൻ ക്ഷണിച്ച് കീഴ്‌വഴക്കങ്ങൾ ലംഘിച്ചതിന്റെ പശ്ചാത്തലത്തിൽ ഗോവയിലും ബിഹാറിലും പ്രതിപക്ഷങ്ങൾ സർക്കാരുണ്ടാക്കാൻ അവകാശമുന്നയിച്ച് ഗവർണർമാരെ സമീപിച്ചു. ഇന്ന് രാവിലെയാണ് ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ യെദ്യൂരപ്പ ഭൂരിപക്ഷം തെളിയിക്കണം.

സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി കോൺഗ്രസ്സായതിനാൽ തങ്ങളെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കണമെന്ന് കോൺഗ്രസ്സ് നേതാവ് യതിഷ് നായിക്ക് ഗോവൻ ഗവര്‍ണറോട് ആവശ്യപ്പെട്ടു. വിശ്വാസവോട്ടെടുപ്പിനെ നേരിടാൻ തങ്ങൾ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ഗോവയിലും മണിപ്പൂരിലും ഏറ്റവും വലിയ ഒറ്റക്കക്ഷിയല്ലാതിരുന്നിട്ടും സര്‍ക്കാർ രൂപീകരിക്കാൻ ബിജെപിയെ ക്ഷണിച്ചതിനെ കർണാടകയിലെ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കോൺഗ്രസ്സ് ചോദ്യം ചെയ്തു.

അതെസമയം ബിഹാറിൽ രാഷ്ട്രീയ ജനതാദളും സമാനമായ ആവശ്യവുമായി രംഗത്തു വന്നിട്ടുണ്ട്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും അധികാരത്തിനു പുറത്തു നിൽക്കുകയാണ് ആർജെഡി. ജനതാദൾ യുനൈറ്റ‍ഡ്, ആർജെഡിയുമായുള്ള സഖ്യം പിരിയുകയും തൊട്ടു പിന്നാലെ ബിജെപിയുമായി സഖ്യം ചേരുകയുമായിരുന്നു ബിഹാറിൽ നടന്നത്.

2017ൽ നടന്ന ഇലക്ഷനുകളിൽ അവസാനഘട്ടത്തിൽ ഉണ്ടാക്കിയ സഖ്യങ്ങളിലൂടെയാണ് ഗോവയിലും മണിപ്പൂരിലും ബിജെപി അധികാരത്തിലേറിയത്.

ബിഹാറിൽ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് ആർജെഡി നേതാവ് തേജസ്വി യാദവ്. കർണാടകത്തിൽ ജനാധിപത്യം കൊല ചെയ്യപ്പെട്ടെന്ന് തേജസ്വി വ്യക്തമാക്കി. തന്റെ കൂടെയുള്ള എംഎല്‍എമാരുമായി ഗവർണറെ കാണുമെന്നും സർക്കാരുണ്ടാക്കാൻ അവകാശമുന്നയിക്കുമെന്നും തേജസ്വി പറഞ്ഞു.

അതെസമയം, കർണാടകത്തില്‍ യെദ്യൂരപ്പയുടെ ഭാവി അദ്ദേഹം സീൽ ചെയ്ത് ഗവർണർക്ക് നൽകിയ കത്തില്‍ തന്നെ തീരുമാനമായിട്ടുണ്ടെന്ന് കോൺഗ്രസ്സ് നേതാവ് പി ചിദംബരം. ഈ കത്തിൽ 104 എംഎൽഎമാരിൽക്കൂടുതൽ പേർ തന്നെ പിന്തുണയ്ക്കുന്നതായി യെദ്യൂരപ്പ പറയുന്നില്ലെന്ന് ചിദംബരം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍