തന്റെ നാട്ടിലെ പെണ്‍കുട്ടികള്‍ ആര്‍ത്തവംമൂലം നേരിടുന്ന പ്രയാസങ്ങളെ മറികടക്കാനായി സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാന്‍ പഠിക്കുകയായിരുന്നു ഡ്വെയ്ന്‍ ബ്രാവോ.
വെസ്റ്റിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡ്വെയ്ന്‍ ബ്രാവോ പാഡുണ്ടാക്കാന് പഠിച്ചു. ക്രിക്കറ്റ് കളിക്കിടയില്‍ പരിക്കുകളെ പ്രതിരോധിക്കാന്‍ കാലില്‍ കെട്ടാനല്ല. പകരം തന്റെ നാട്ടിലെ പെണ്‍കുട്ടികള്‍ നേരിടുന്ന ആര്‍ത്തവ പ്രശ്നങ്ങളെ മറികടക്കാന്‍ സഹായിക്കാനായി സാനിറ്ററി പാഡുകള്‍ നിര്‍മ്മിക്കാന്‍ പഠിക്കുകയായിരുന്നു ഡ്വെയ്ന്‍ ബ്രാവോ.
പാഡ്മാന് എന്നറിയപ്പെടുന്ന കോയമ്പത്തൂരിലെ അരുണാചലം മുരുകാനന്ദന്റെ അടുത്തെത്തിയായിരുന്നു പഠനം. പിരീഡ് എന്ന ചിത്രം കണ്ടതോടെയാണ് ഡ്വെയ്ന്‍ ബ്രാവോ ചുരുങ്ങിയ ചിലവില്‍ മുരുകാനന്ദന് പാഡ് നിര്‍മ്മിക്കുന്നതിനെ കുറിച്ചറിഞ്ഞത്. മുരുകാനന്ദനെ കാണാന്‍ ഡ്വെയ്ന്‍ ബ്രാവോ നേരിട്ടെത്തുകയായിരുന്നു.
കാശില്ലാത്തതിനാല്‍ സാനിറ്ററി നാപ്കിന് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത സ്ത്രീകള്‍ക്കായി കുറഞ്ഞ ചെലവില്‍ നാപ്കിന് നിര്‍മിച്ച് വിപ്ലവം സൃഷ്ടിച്ചയാളാണ് അരുണാചലം മുരുകാനന്ദം. ഇതിനായി ചുരുങ്ങിയ ചെലവില്‍ നാപ്കിന് നിര്‍മാണയന്ത്രം നിര്‍മിച്ചു. മുരുകാനന്ദത്തിന്റെ ജീവിതം ‘പാഡ്മാന്’ എന്ന ബോളിവുഡ് സിനിമയ്ക്കും പ്രചോദനമായി. ഒസ്കാര്വരെയെത്തിയ ‘പീരിയഡ്, എന്‍ഡ് ഓഫ് സെന്റന്‍സ്’ എന്ന ഹ്രസ്വചിത്രവും പദ്മശ്രീ ജേതാവായ മുരുകാനന്ദത്തെപ്പറ്റിയാണ്.
വെസ്റ്റ് ഇന്‍ഡീസിലെ ട്രിനിഡാഡില്‍ പെണ്‍കുട്ടികള്‍ പലതരത്തിലുള്ള ആര്‍ത്തവ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. സാനിറ്ററി നാപ്കിനുകള്‍ വിലയേറിയതായതിനാല്‍ പെണ്‍കുട്ടികള്‍ ഇത് ഉപയോഗിക്കുന്നില്ല. ഈ പ്രദേശങ്ങളില്‍ പെണ്‍കുട്ടികള്‍ ആര്‍ത്തവ പ്രശ്നങ്ങള്‍മൂലം പഠനം നിര്‍ത്താന്‍ വരെ കാരണമാവാറുണ്ട്. അതിനാല്‍ സ്കൂളുകളിലും, കോളേജുകളിലും കുറഞ്ഞ ചിലവില്‍ പാഡ് നിര്‍മ്മിക്കുന്ന മിഷിയനുകള് സ്ഥാപിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഡ്വെയ്ന്‍ ബ്രാവോ പറയുന്നു.
തന്നെ കാണാനെത്തുന്നതുവരെ ബ്രാവോ ആരാണെന്ന് മുരുകാനന്ദന് അരിയില്ലായിരുന്നു. ബ്രാവോ മുരുകാനന്ദനോടൊപ്പം രണ്ട് മറിക്കൂറോളം ഫാക്ടറിയില്‍ ചെലവിട്ടു. പരീക്ഷണാര്‍ഥം രണ്ട് സാനിറ്ററി നാപ്കിനുകള്‍ യന്ത്രമുപയോഗിച്ച് സ്വന്തമായി നിര്‍മിച്ചു. യന്ത്രങ്ങള്‍ ട്രിനിഡാഡിലേക്ക് ഉടന്‍ അയക്കുമെന്നാണ് മുരുകാനന്ദന് പറയുന്നത്. ബ്രാവോയുടെ നേതൃത്വത്തിലുള്ള സംഘടനയിലൂടെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും നാപ്കിന് നിര്‍മാണയന്ത്രങ്ങള്‍ നല്‍കാനാണ് പദ്ധതി.