UPDATES

അംബേദ്കര്‍ ദിനത്തില്‍ പരിചയപ്പെടാം, സ്വന്തമായി പഞ്ചായത്ത് ഓഫീസ് പണിയേണ്ടിവന്ന ദളിത് പ്രസിഡന്റിനെ

ജാതീയതയെ ചെറുക്കുന്നതിൽ ദ്രാവിഡ രാഷ്ട്രീയം ഏതുവരെ മുന്നേറി?

തിരുനെൽവേലി ജില്ലയിലെ മാധവക്കുറിച്ചി പഞ്ചായത്തിൽ പ്രസിഡണ്ടായ കെ മുത്തുക്കന്നിയുടെ അനുഭവം തമിഴകത്തെ താഴ്ന്ന ജാതിവിഭാഗത്തിൽ പെട്ടവരുടെ രാഷ്ട്രീയ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ്. തനിക്കുമുമ്പ് പഞ്ചായത്ത് പ്രസിഡണ്ടായിരുന്നയാള്‍ ഓഫീസിൽ അനുഭവിക്കുന്ന കെടുതികൾ നേരിൽക്കണ്ടതോടെയാണ് കെ മുത്തുക്കന്നി രാഷ്ട്രീയത്തിലിറങ്ങാൻ തീരുമാനിച്ചത്. പഞ്ചായത്ത് ഓഫീസിലെ മറവർ ജാതിക്കാർ താഴ്ന്ന ജാതിക്കാരനായ പ്രസിഡണ്ടിനെ ഓഫീസിലിരിക്കാൻ അനുവദിച്ചിരുന്നില്ല. ഓഫീസിനു മുമ്പിലെ റോഡിൽ നിന്ന് ചെക്കുകളൊപ്പിടുകയും മറ്റും ചെയ്യുന്നത് മുത്തുക്കന്നി കണ്ടു. ഇതിൽ മാറ്റം വരുത്തണമെന്ന് അവർ തീരുമാനിച്ചു.

2011ലെ തെരഞ്ഞെടുപ്പിൽ മുത്തുക്കന്നി മത്സരരംഗത്തിറങ്ങി. സംസ്ഥാന സർക്കാരിന്റെ പുതുവാഴ്‍വ് എന്ന മൈക്രോ ഫിനാൻസിങ് പരിപാടിയിൽ 17 വർഷത്തോളം മെമ്പറായിരുന്ന മുത്തുക്കന്നിക്ക് സ്ത്രീ വോട്ടര്‍മാരെ നന്നായി സ്വാധീനിക്കാനായി. ജയിച്ചു.

തെരഞ്ഞെടുപ്പ് ജയത്തെക്കാൾ വലിയ പരീക്ഷണങ്ങൾ പഞ്ചായത്തോഫീസിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. മുത്തുക്കന്നി ഓഫീസിൽ കയറുന്നത് ആദ്യദിവസം തന്നെ മറവർ പുരുഷന്മാർ തടഞ്ഞു. അവർ പ്രതീക്ഷിക്കാത്ത മറുപടിയാണ് മുത്തുക്കന്നി കൊടുത്തത്. തൊട്ടടുത്ത പ്രദേശത്തെ കമ്മ്യൂണിറ്റി ലൈബ്രറി ഹാളിൽ മുത്തുക്കന്നി പഞ്ചായത്ത് മീറ്റിങ് വിളിച്ചുചേർത്തു. സ്ത്രീകളുടെ വലിയ പങ്കാളിത്തമുണ്ടായ ഈ പരിപാടി മറവർ പുരുഷന്മാർ ബഹിഷ്കരിച്ചു.

മുത്തുക്കന്നിയുടെ നേതൃപാടവം വ്യക്തമാക്കുന്ന മറ്റൊരു നീക്കം കൂടി പഞ്ചായത്ത് കണ്ടു. അടുത്ത പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യാ സിമന്റ്സ് ഓഫീസുമായി ബന്ധപ്പെട്ട് ഈ പ്രശ്നത്തിന് പരിഹാരം തേടി. കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ട് ഉപയോഗിച്ച് പുതിയൊരു പഞ്ചായത്തോഫീസ് പണിതു. 50 ലക്ഷം രൂപയാണ് ഇന്ത്യാ സിമന്റ്സ് നൽകിയത്. ഏസി അടക്കമുള്ള സൗകര്യങ്ങളോടെ പണിത ഈ ഓഫീസിന്റെ പ്രത്യേകതയായി മുത്തുക്കന്നി പറയുന്നത് ഇതാണ്: ‘ഈ ഓഫീസിലേക്ക് ഏത് ജാതിക്കാർക്കും ധൈര്യപൂർവ്വം കയറി വരാം!’

തോട്ടിപ്പണി ചെയ്യാന്‍ വിസമ്മതിച്ച ദലിത് ദമ്പതികള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ പിഴ

മുത്തുക്കന്നിയുടേത് ഒറ്റപ്പെട്ട സംഭവമല്ല. തിരുനെൽവേലി ജില്ലയിൽ മാത്രം ഇരുപത്തഞ്ചോളം സ്ത്രീകളായ ദളിത് പ്രസിഡണ്ടുമാർ കടുത്ത ജാതി-ലിംഗ വിവേചനം തങ്ങളുടെ ഓഫീസുകളിൽ അനുഭവിക്കുന്നുണ്ടെന്നാണ് ഈ വിഷയത്തിൽ പഠനം നടത്തിയ ജോർജ് ദിമിത്രോവ് പറയുന്നത്. ഗാന്ധിഗ്രാം സർവ്വകലാശാലയിൽ നിന്ന് ഇതേ വിഷയത്തിൽ പിഎച്ച്ഡി എടുത്തയാളാണ് ജോർജ്..

നാൽപ്പത്തിയാറ് പട്ടികജാതി-പട്ടികവർഗ അസംബ്ലി സീറ്റുകളുള്ള സംസ്ഥാനമാണ് തമിഴ്നാട്. ഡിഎംകെ, എഐഎഡിഎംകെ എന്നീ ദ്രാവിഡ കക്ഷികളാണ് ഭൂരിഭാഗം സീറ്റുകളും സ്വന്തമാക്കിയിരിക്കുന്നത്. ദ്രാവിഡ കക്ഷികൾക്കകത്ത് ജാതിവ്യവസ്ഥയുടെ ഏതാണ്ട് മധ്യത്തിൽ വരുന്ന ജാതികൾക്കാണ് മുൻതൂക്കമെങ്കിലും രാഷ്ട്രീയ മുന്നേറ്റങ്ങളിലൂടെ ശക്തിയാർജിച്ച ചില താഴ്ന്ന ജാതി വിഭാഗങ്ങള്‍ക്കും ശക്തമായ പ്രാതിനിധ്യമുണ്ട്. താഴ്ന്ന സമുദായങ്ങളായ പല്ലരും കള്ളരുമെല്ലാം ഇന്ന് അധികാരകേന്ദ്രങ്ങളിൽ ശക്തമായ സാന്നിധ്യമാണ്.

കക്കൂസ് കഴുകുന്നവര്‍ കക്കൂസ് കഴുകിയാല്‍ മതി എന്നു പറയുന്ന കോടതികളുടെ കാലം

കാർഷികജോലികൾ ചെയ്യുന്ന സമുദായങ്ങളിൽ ഏറ്റവും ഉയര്‍ന്നവരെന്നും ചാതുർവർണ്യവ്യവസ്ഥയിൽ ശൂദ്രരെന്നും പരിഗണിക്കപ്പെടുന്ന ഇസൈ വെള്ളാളര്‍ സമുദായക്കാരനാണ് കരുണാനിധി. ഇയ്യോതീ താസിന്റെ നേതൃത്വത്തിൽ വലിയ ജാതിവിരുദ്ധ നവോത്ഥാനം നടന്ന പറയർ സമുദായവും ഇന്ന് സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയബന്ധങ്ങളുള്ള സമുദായമാണ്. എങ്കിലും ജാതിവ്യവസ്ഥയുടെ കെടുതികളിൽ നിന്ന് ഇവരിലാർക്കും മോചനമില്ല. പല്ലർ, പറയർ തുടങ്ങിയ സമുദായങ്ങൾക്ക് തേവർ, മറവർ, കള്ളർ തുടങ്ങിയ ജാതികളിൽ നിന്ന് ശക്തമായ ജാതിവിവേചനം നേരിടേണ്ടി വരുന്നുണ്ട്. സാമ്പത്തികമായി കുറെയെല്ലാം മുന്നേറിയതു കൊണ്ടും രാഷ്ട്രീയമായി സംഘടിച്ചതു കൊണ്ടും ഇവർക്ക് ജാതിവിവേചനങ്ങളെ ചില സ്ഥലങ്ങളിലെങ്കിലും ചെറുത്തു നിൽക്കാൻ കഴിയാറുണ്ട്.

രാഷ്ട്രീയരംഗത്തു മാത്രമല്ല, സാസ്കാരികരംഗത്തും ഈ സമുദായങ്ങൾക്ക് ശക്തമായ സ്വാധീനമുണ്ട്. ഇളയരാജ, ചിയാൻ വിക്രം, പ്രശാന്ത്, തുടങ്ങിയവർ പല്ലർ സമുദായക്കാരാണ്. (സിനിമയിൽ അവർ ബ്രാഹ്മണ കഥാപാത്രങ്ങളേ അഭിനയിക്കാറുള്ളൂ എങ്കിലും!)

അധികാരവ്യവസ്ഥയിൽ കുറെയെല്ലാം പങ്കുണ്ടായിട്ടും, സാമ്പത്തികമായി വലിയ മാറ്റങ്ങളുണ്ടായിട്ടും, സാസ്കാരികമായ ഉയർച്ച കൈവരിച്ചിട്ടും തങ്ങളെ ചൂഴ്ന്നു നിൽക്കുന്ന ജാതിമേൽക്കോയ്മയെ മറികടക്കാൻ ഇവർക്കാർക്കും സാധിച്ചിട്ടില്ല. തങ്ങളെക്കാൾ താഴ്ന്ന സമുദായക്കാരോട് കടുത്ത ജാതിവെറി പുലർത്തുകയും ചെയ്യുന്നു ഇവരിൽ ഭൂരിഭാഗം പേരും! തമിഴ്നാട്ടിലെ ഏറ്റവും താഴ്ന്ന ജാതി വിഭാഗമായ ചക്ലിയ (അരുന്ധതിയാർ) വിഭാഗങ്ങൾ താമസിക്കുന്നിടങ്ങളിൽ ഇപ്പോഴും ജാതിമതിലുകൾ ഉയരുന്നു. പറയ സമുദായത്തിൽ പെട്ടവർ ചക്ലിയർക്കെതിരെ ജാതിമതിൽ കെട്ടിയ സംഭവം ഏതാനും ആഴ്ചകൾക്കു മുമ്പു വരെ ചർച്ചയിൽ വന്നിരുന്നു.

എന്തുകൊണ്ടാണ് ദലിതര്‍ തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്‌?

ദ്രാവിഡ രാഷ്ട്രീയം ജാതീയതയുടെ സംരക്ഷകരായി പരിണമിച്ചതിന്റെ കാരണങ്ങൾ പലതാണ്. ഭൂബന്ധങ്ങളിൽ കാര്യമായ മാറ്റം കൊണ്ടുവരാൻ ദ്രാവിഡ കക്ഷികളിലാർക്കും സാധിച്ചില്ലെന്ന ഒരു വാദമാണ് ഇതിൽ കാര്യമായി ഉയർന്നു വരാറുള്ളത്. പുറമ്പോക്ക് ഭൂമി ‘പഞ്ചമിനിലം’ എന്ന പേരിൽ തിരിച്ചറിഞ്ഞ് താഴ്ന്ന ജാതിക്കാർക്ക് പതിച്ചു നൽകാനുള്ള ഒരു ഉത്തരവ് 1892ൽ ബ്രിട്ടീഷ് കളക്ടറായ ജെഎച്ച്എ ട്രീമെൻഹീരിന്റെ ശുപാർശകളെ അടിസ്ഥാനമാക്കി സർക്കാർ പുറപ്പെടുവിച്ചിരുന്നു. ഈ ഭൂമി വിൽക്കാനോ പുനർവിഭാഗീകരണം നടത്താനോ സാധിക്കില്ലെന്നാണ് വെപ്പ്. 12 ലക്ഷത്തോളം ഏക്കർ ഭൂമി അന്ന് പഞ്ചമിനിലമായി കണ്ടെത്തിയിരുന്നെങ്കിലും ഇന്ന് അവ മിക്കതും ഉയർന്ന ജാതിക്കാരുടെ കൈവശമിരിക്കുകയോ ഫ്ലാറ്റുകളോ വ്യാപാരസ്ഥാപനങ്ങളോ നിൽക്കുന്ന ഇടങ്ങളായി പരിണമിക്കുകയോ ചെയ്തിരിക്കുകയാണ്. പല പഞ്ചമി നിലങ്ങളും മാറിമാറി വന്ന ദ്രാവിഡ സർക്കാരുകൾ ഇൻഡസ്ട്രിയൽ പാർക്കുകൾ നിർമിക്കാൻ സ്പെഷ്യൽ ഇക്കണോമിക് സോണുകളാക്കി മാറ്റി. 2012ൽ 750 ഏക്കർ പഞ്ചമിനിലം ഗ്രാനൈറ്റ് കമ്പനികൾക്ക് പതിച്ചുകൊടുത്ത സംഭവം ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കുംഭകോണങ്ങളിൽ ഒന്നായി കുപ്രസിദ്ധി നേടിയിരുന്നു. 16,000 കോടി രൂപയുടെ അഴിമതിയാണ് ഈ ഭൂമി കൈമാറ്റത്തിലൂടെ നടന്നത്.

ഉയർന്ന ജാതിക്കാർ തെരഞ്ഞെടുപ്പ് പ്രക്രിയകൾ പലവിധത്തിൽ അട്ടിമറിക്കുന്നത് സാധാരണമാണ് തമിഴകത്ത്. ഉത്തരേന്ത്യയിലെ ഖാപ്പ് പഞ്ചായത്തുകള്‍ക്ക് സമാനമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്ന കട്ടപ്പഞ്ചായത്തുകളാണ് പലപ്പോഴും പട്ടികജാതി-വർഗ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം സംവരണം ചെയ്തിട്ടുണ്ടെങ്കിൽ അവിടെ ആരു വരണമെന്നത് കട്ടപ്പഞ്ചായത്ത് തീരുമാനിക്കും. പലപ്പോഴും കള്ളർ-മറവർ-തേവർ വിഭാഗങ്ങൾ (മുക്കലത്തോർ) ചക്ലിയ വിഭാഗങ്ങളെ വളരെ സമർത്ഥമായി ഈയാവശ്യത്തിന് ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന്, രാഷ്ട്രീയമായി കുറെയെല്ലാം ശക്തരായ താഴ്ന്ന ജാതിവിഭാഗമായ പല്ലര്‍ മത്സരിച്ച് ജയിക്കുന്നത് തടയാൻ തങ്ങളോട് അടുപ്പമുള്ള ചക്ലിയരെ സ്ഥാനാർത്ഥിയാക്കുന്നു. പല്ലരിൽ നിന്നും ജാത്യാധിക്ഷേപം നേരിടേണ്ടി വരാറുള്ള ചക്ലിയരെ സംബന്ധിച്ചിടത്തോളം ഇതിൽ അന്യായമൊന്നും തന്നെയില്ല. കൂടാതെ, ഭൂവുടമസ്ഥത ഇല്ലാത്ത ഇക്കൂട്ടർക്ക് തങ്ങളെ ആവശ്യമുള്ളവരോട് ചാരി നിൽക്കാതെ വയ്യ എന്ന നിലയുമുണ്ട്.

എന്‍ എസ് എസ് ഇടപെട്ടു; വടയമ്പാടിയില്‍ അംബേദ്കര്‍ ജയന്തി പരിപാടിക്ക് മൈതാനം ഉപയോഗിക്കുന്നതിന് വിലക്ക്

തേവർ, മറവർ, കള്ളർ തുടങ്ങിയവയാണ് തമിഴ്നാട്ടിൽ ഭൂമി വൻതോതിൽ കൈവശം വെച്ചിരിക്കുന്നത്. ഇവരാണ് തമിഴകത്തെ ഏറ്റവും ശക്തമായ രാഷ്ട്രീയാധികാരമുള്ള ജാതിവിഭാഗങ്ങളെന്നു പറയാം. ഇവരിലൂടെ താഴ്ന്ന ജാതിവിഭാഗങ്ങൾക്കു വേണ്ടിയുള്ള ഒരു നീക്കം, പ്രത്യേകിച്ചും ഭൂവുടമസ്ഥതയെ ആധാരമാക്കി, വരുന്നത് അസാധ്യമാണ്.

ഭൂബന്ധങ്ങളിൽ മാറ്റമുണ്ടാക്കാതെ ജാതിവ്യവസ്ഥയ്ക്കെതിരെ എന്തെങ്കിലും ചെയ്യാനാകുമെന്ന് കരുതുന്നത് അബദ്ധമാണ്. ഇതിനൊരു മികച്ച ദൃഷ്ടാന്തമാണ് ദ്രാവിഡരാഷ്ട്രീയം ശക്തമായിട്ടും, ബിജെപി പോലുള്ള, ജാതിവ്യവസ്ഥയെ ആധാരമാക്കി പ്രവർത്തിക്കുന്ന കക്ഷികളെ അകറ്റി നിറുത്താൻ സാധിച്ചിട്ടും ജാതി ഇന്നും ശക്തമായി തമിഴ്നാട്ടിൽ നിൽക്കുന്നു എന്ന വസ്തുത.

അടുത്ത തെരഞ്ഞെടുപ്പിനു മുമ്പ് അംബേദ്കറെ ബിജെപി രാമഭക്തനാക്കും; പ്രകാശ് അംബേദ്കര്‍

സന്ദീപ് കരിയന്‍

സന്ദീപ് കരിയന്‍

അഴിമുഖം സ്റ്റാഫ് റൈറ്റര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍