UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമല: നടക്കുന്നത് പ്രമാണിത്തം വീണ്ടെടുക്കാനുള്ള സവർണരുടെ ഗൂഢനീക്കം; ദളിതർ മുന്നിട്ടിറങ്ങണമെന്ന് ഡോ. മീരാ വേലായുധൻ

ഹിന്ദു ഐക്യം എന്ന വൻ കാപട്യത്തിനെതിരായ ചെറുത്തുനിൽപ്പ് ദളിതർക്കിടയിൽ നിന്നു തന്നെ ഉയർന്നു വരേണ്ടതാണെന്നും അവർ വ്യക്തമാക്കി.

പോയകാലത്തെ അധികാരവും പ്രമാണിത്തവും തിരിച്ചുപിടിക്കാനുള്ള സവർണരുടെ ശ്രമമാണ് ഇപ്പോൾ‌ ശബരിമലയിലെ സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്നതെന്ന് ഡോ. മീരാ വേലായുധൻ. ഉന്നതജാതിക്കാരുടെ ബ്രാഹ്മണ്യ ആഖ്യാനങ്ങൾക്കെതിരെ കൂടുതൽ ശബ്ദങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. ദളിതരെ തങ്ങൾക്കൊപ്പം കൂട്ടിക്കെട്ടി നേട്ടമുണ്ടാക്കാനുള്ള സവർണരുടെ ശ്രമത്തിനെതിരെ ദളിത് വിഭാഗങ്ങളിൽ നിന്നു തന്നെ എതിർപ്പുകൾ ഉയർന്നു വരേണ്ടതുണ്ടെന്നും അവർ വ്യക്തമാക്കി.

ശുദ്ധാശുദ്ധങ്ങളും, ലിംഗപരമായ അയിത്തവുമെല്ലാമാണ് ശബരിമലയിലെ ഇപ്പോഴത്തെ ആചാരപ്രശ്നമായി ഉയർന്നു വന്നിട്ടുള്ളത്. ഇതു തന്നെയാണ് ജാതിവ്യവസ്ഥയുടെ പ്രധാനമായ ഘടകങ്ങളെന്നത് തിരിച്ചറിയണം. ഇക്കാരണത്താൽ തന്നെ ഹിന്ദു ഐക്യം എന്ന വൻ കാപട്യത്തിനെതിരായ ചെറുത്തുനിൽപ്പ് ദളിതർക്കിടയിൽ നിന്നു തന്നെ ഉയർന്നു വരേണ്ടതാണെന്നും അവർ വ്യക്തമാക്കി.

സുപ്രീംകോടതിയിലെ കേസിൽ ഇടതുപക്ഷമോ എൽഡിഎഫോ കക്ഷികളല്ലെന്നത് ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമായി പ്രസ്താവിച്ചിട്ടുള്ളതുമാണ്. ഗതകാല പ്രൗഢിയെ തിരിച്ചുപിടിക്കാനുള്ള സവർണ ഗൂഢതന്ത്രങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. സമൂഹത്തില്‍ പിന്തിരിപ്പൻ സാഹചര്യങ്ങൾ സൃഷ്ടിക്കാനുള്ള അവസരമാണ് കേരളരാഷ്ട്രീയത്തിലെ പുരുഷാധിപത്യ സംസ്കാരം ഇപ്പോൾ സൃഷ്ടിച്ചു നൽകിയിട്ടുള്ളതെന്നും അവർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

സാമൂഹ്യശാസ്ത്രജ്ഞയെന്ന നിലയിൽ അന്തർദ്ദേശീയ പ്രശസ്തിയുള്ള ഡോ. മീരാ വേലായുധൻ ഇന്ത്യൻ ഭരണഘടനാ രൂപീകരണ സമിതിയിലെ അംഗമായിരുന്ന ഏക ദളിത് വനിത ദാക്ഷായണി വേലായുധന്റെ മകളാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍