UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഗള്‍ഫ് സിന്‍ഡ്രോം തിരിച്ചറിഞ്ഞ മനഃശാസ്ത്രജ്ഞന്‍: ഡോ. എസ് ശാന്തകുമാര്‍ അന്തരിച്ചു

ഗള്‍ഫ് സിന്‍ഡ്രോം ഹണിമൂണ്‍ സിന്‍ഡ്രോം എന്നീ രോഗങ്ങളെ തിരിച്ചറിഞ്ഞതും ചികിത്സ രൂപപ്പെടുത്തിയതും ഇദ്ദേഹമാണ്.

പ്രശസ്ത മനഃശാസ്ത്രജ്ഞനും സംസ്ഥാന സര്‍ക്കാരിന്റെ മാനസികാരോഗ്യ ഉപദേഷ്ടാവുമായിരുന്ന പാവമണി റോഡ് വാത്യാട് വീട്ടില്‍ ഡോ. എസ് ശാന്തകുമാര്‍ അന്തരിച്ചു. കോഴിക്കോട് ഇംഹാന്‍സ് ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും ഗവൺമെന്റ് മാനസികാരോഗ്യ കേന്ദ്രം മുന്‍ സുപ്രണ്ടറുമാണ്.

ഇന്ന് രാവിലെ പത്തിന് മാവൂര്‍ റോഡ് ശ്മശാനത്തില്‍ സംസ്‌കാരം നടന്നു. മാനസികാരോഗ്യ ചികിത്സയില്‍ കമ്മ്യൂണിറ്റി മെഡിസിന്‍ ആദ്യമായി നടപ്പാക്കിയ അദ്ദേഹം മികച്ച ഡോക്ടര്‍ക്കുള്ള ഡോ. ബി സി റോയ് സ്മാരക ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. മനഃശാസ്ത്ര വിഷയത്തില്‍ നൂറിലേറെ പുസ്തകങ്ങള്‍ രചിച്ചു. മനഃശാസ്ത്രം മാസികയുടെ എഡിറ്ററായിരുന്നു. മനഃശാസ്ത്ര ഗ്രന്ഥരചനയ്ക്ക് എസ്‌കെ പൊറ്റക്കാട് സാഹിത്യ പുരസ്‌കാരവും സോഷ്യലിസ്റ്റ് കലാസംസ്‌കാരയുടെ മദര്‍ തെരേസ പുരസ്‌കാരവും നേടി.

ഗള്‍ഫ് സിന്‍ഡ്രോം ഹണിമൂണ്‍ സിന്‍ഡ്രോം എന്നീ രോഗങ്ങളെ തിരിച്ചറിഞ്ഞതും ചികിത്സ രൂപപ്പെടുത്തിയതും ഇദ്ദേഹമാണ്. മൂന്ന് എംആര്‍സിപി (ഗ്ലാസ്‌ഗോ, എഡിന്‍ബറ, മെല്‍ബണ്‍) ലഭിച്ച അപൂര്‍വം ചില ഡോക്ടര്‍മാരില്‍ ഒരാളാണ്. എഡിന്‍ബറ കോളേജ് ഓഫ് ഫിസീഷ്യന്‍സ് എഫ്ആര്‍സിപിയും നല്‍കിയിട്ടുണ്ട്. മദ്രാസ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് പൂര്‍ത്തിയാക്കിയ ശേഷമാണ് ലണ്ടനില്‍ നിന്നും സൈക്കോളജിക്കല്‍ മെഡിസിനില്‍ ഡിപ്ലോമയും എആര്‍സി സൈക്കും നേടിയത്. കൊല്ലം ജില്ലാ ആശുപത്രിയിലാണ് സേവനം ആരംഭിച്ചത്.

ഭാര്യ: ഡോ. ഉഷാ ഭായ് (കോഴിക്കോട് മെഡിക്കല്‍ കോളേജ് ശിശുരോഗവിഭാഗം റിട്ട. പ്രൊഫസര്‍). മക്കള്‍: സഞ്ജയ് എസ് കുമാര്‍, ഡോ. അഞ്ജലി എസ് കുമാര്‍. മരുമക്കള്‍: ഡോ. ബിനു പ്രസാദ്, ഡോ. ഹരി കെ സുഗതന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍