കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ ചര്‍ച്ച് മെഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിത മയക്കുമരുന്ന് പരിശോധനയ്ക്ക് വിധേയമാക്കാന്‍ മാനേജ്‌മെന്റ് നിര്‍ദേശം. ഇതിനായി വിദ്യാര്‍ത്ഥികളുടെ മൂത്രത്തിന്റെ സാമ്പിളുകള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കി കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് ഡീന്‍ കെ.കെ ദിവാകര്‍ ഉത്തരവിറക്കി. എന്നാല്‍ ഇത് നിയമ വിരുദ്ധമാണെന്നും മനുഷ്യാവകാശങ്ങള്‍ ലംഘിക്കുന്നതാണെന്നും ഡോക്ടര്‍മാരും വിദ്യാര്‍ത്ഥികളും അടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു.
മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിന് മൂത്ര പരിശോധനയിലുടെ കണ്ടെത്താന്‍ കഴിയുന്ന സംവിധാനം ഇപ്പോള്‍ ലഭ്യമാണ്. അതുകൊണ്ട് വിദ്യാര്‍ത്ഥികളില്‍ മൂത്ര പരിശോധന നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. അതിനാല്‍ വിദ്യാര്‍ത്ഥികളില്‍ ഇടയ്ക്ക് ഈ പരിശോധന നടത്തുന്നതായിരിക്കും. ഫോറന്‍സിക് മെഡിസിനിലെ അസി. പ്രൊഫസറെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ഇതിനോട് സഹകരിക്കണമെന്ന് നിര്‍ദേശിക്കുന്നുു എന്നാണ് നോട്ടീസില്‍ നിര്‍ദേശിച്ചിരിക്കുന്നത്.
എന്നാല്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജിന്റെ നടപടി തീര്‍ത്തും നിയമവിരുദ്ധമാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ സമ്മതമില്ലാതെ അവരില്‍ പരിശോധന നടത്തുന്നത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. മാത്രവുമല്ല, എംബിബിഎസ് പഠനത്തിന് എത്തുന്ന വിദ്യാര്‍ത്ഥികള്‍ പ്രായപൂര്‍ത്തിയായവരും വോട്ടവകാശമുള്ളവരുമാണ് എന്നതിനാല്‍ പൗരാവകാശ ലംഘനവുമാണ് ഇത്തരത്തിലുള്ള നിര്‍ബന്ധിത മൂത്ര പരിശോധനയിലൂടെ നടപ്പാക്കുന്നത് എന്നാണ് ആരോപണം.