UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോനി ചുഴലിക്കാറ്റ്; പുതിയ സഞ്ചാര പാത ഇങ്ങനെ

ഫോനി എത്രമാത്രം ശക്തമാകുമെന്നും എത്രത്തോളം നാശനഷ്ടമുണ്ടാക്കുമെന്നും ഇന്ന് വൈകിട്ടോടെ അറിയാന്‍ സാധിക്കും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഫോനി ചുഴലിക്കാറ്റിന്റെ ഏറ്റവും പുതിയ പാത പ്രവചനം കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ടു. ബുള്ളറ്റിന്‍ നമ്പര്‍ 12 പ്രകാരം ഫോനി ചുഴലിക്കാറ്റ് നിലവില്‍ ഇന്ത്യയുടെ കിഴക്കന്‍ തീരത്ത് നിന്ന് വടക്ക് കിഴക്ക് ദിശയില്‍ അകന്ന് പോവുന്നതായാണ് പ്രവചനം. ചെന്നൈ അടക്കമുള്ള വടക്കന്‍ തമിഴ്‌നാട്ടിലേക്കും ആന്ധ്രയുടെ തെക്കന്‍ തീരപ്രദേശങ്ങളിലേക്കും ഫോനി എത്തുന്നതായായിരുന്നു ആദ്യ പ്രവചനം. ഇപ്പോള്‍ ആന്ധ്രാ തമിഴ്‌നാട് തീരങ്ങളില്‍ നിന്നും ഫോനി അകന്നുപോകുന്നതായിട്ടാണ് പ്രവചിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയോടെയാവും ഫോനി കരയിലേക്കെത്തുമെന്നും കേരളത്തിലടക്കം വിവിധ ഇടങ്ങളില്‍ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ അറിയിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. കേരളം ഫോനിയുടെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും ചില ജില്ലകളില്‍ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്.

തമിഴ്‌നാട്ടിലെ ചെന്നൈയില്‍ നിന്നും 1200 കി.മീ.യും ആന്ധ്രാപ്രദേശിലെ മച്ചിലിപ്പട്ടണത്തില്‍ നിന്ന് 1390 കി.മീ. ദൂരത്തിലുമാണ് നിലവില്‍ ഫോനി ചുഴലിക്കാറ്റ്. അടുത്ത മണിക്കൂറില്‍ ഫോനി ശക്തിപ്രാപിച്ച് തീവ്രചുഴലിക്കാറ്റാകാനും, അതിതീവ്ര ചുഴലിക്കാറ്റാവാനുമുള്ള സാധ്യതയുണ്ടെന്ന് വിലയിരുത്തുന്നു.

ഫോനി എത്രമാത്രം ശക്തമാകുമെന്നും എത്രത്തോളം നാശനഷ്ടമുണ്ടാക്കുമെന്നും ഇന്ന് വൈകിട്ടോടെ അറിയാന്‍ സാധിക്കും. ആന്ധ്രതീരത്ത് മാത്രമെ കാറ്റ് കൂടുതലായി വീശുകയുള്ളൂ എന്നും തമിഴ്‌നാട് തീരത്ത് കനത്ത മഴയില്‍ ഒതുങ്ങുമെന്നുമാണ് നിലവിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍. ഇരു സംസ്ഥാനങ്ങളിലും ഫോനിയെ നേരിടാനുള്ള മുന്‍കരുതല്‍ എടുത്തുകഴിഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍