UPDATES

സംഹാര താണ്ഡവം; കനത്ത മഴ തുടരുന്നു; വ്യാപകമായി ഉരുള്‍പൊട്ടല്‍; എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു

ഇന്ന് പന്ത്രണ്ടരക്കുള്ളില്‍ 25  പേര്‍ പേര്‍ മരിച്ചതായാണ് കണക്ക്. ഇതോടെ രണ്ട് ദിവസത്തിനകം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 41ആയി

സംസ്ഥാനമൊന്നാകെ വെള്ളത്തില്‍. കനത്തമഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ ഉരുള്‍പൊട്ടല്‍ വ്യാപകമായതോടെ ദുരന്തം ഇരട്ടിയായി. ഇന്ന് പന്ത്രണ്ടരക്കുള്ളില്‍ 25  പേര്‍ പേര്‍ മരിച്ചതായാണ് കണക്ക്. ഇതോടെ രണ്ട് ദിവസത്തിനകം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 41ആയി. മലപ്പുറത്തും മൂന്നും കാസര്‍കോഡ് ഒഴികെയുള്ള എല്ലാ ജില്ലകളിലും കനത്ത ജാഗ്രത തുടരുകയാണ്. കണ്ണൂരിൽ മീന്‍പിടിക്കാനിറങ്ങിയ ഒരാള്‍ മരിച്ചു.

കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പലയിടങ്ങളിലായി ഉരുള്‍പൊട്ടല്‍ ഉണ്ടായതാണ് മരണസംഖ്യ വര്‍ധിക്കാനിടയായത്. എല്ലാ ഡാമുകളും നിറഞ്ഞുകവിഞ്ഞു. ഡാമുകളിലെ ജലനിരപ്പുയര്‍ന്നതോടെ കൂടുതല്‍ വെള്ളം പുഴകളിലേക്കൊഴുക്കുന്ന സാഹചര്യമാണുള്ളത്. ഇതോടെ പലയിടങ്ങളിലും ഒരു മീറ്റര്‍ മുതല്‍ മൂന്ന് മീറ്റര്‍ വരെ ജലനിരപ്പുയര്‍ന്നു. വടക്കന്‍ ജില്ലകളില്‍ രാവിലെ രണ്ട് മണിക്കൂറോളം മഴയില്‍ അല്‍പം കുറവുണ്ടായിരുന്നെങ്കിലും പതിനൊന്ന് മണിയോടെ മഴ വീണ്ടും ശക്തമായി.

മലപ്പുറം ജില്ലയില്‍ അഞ്ചിടത്തും പാലക്കാട് ജില്ലയില്‍ രണ്ടിടത്തും ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് മാവൂര്‍ ഊര്‍ക്കടവില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. കൂടരഞ്ഞി കുമ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. കണ്ണൂര്‍ അമ്പായത്തോടിലും വന്‍തോതില്‍ നാശം വിതച്ച് ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി മണിയാറന്‍കുടിയില്‍ ഇന്നലെ രാത്രി ഉരുള്‍പൊട്ടി രണ്ട് പേര്‍ മരിച്ചിരുന്നു. തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി 15പേരെ കാണാതായി. തൃശൂര്‍ പൂമലയില്‍ വീടിഞ്ഞ് വീണ് രണ്ട് മരണവും ഉണ്ടായി.

കുതിരാന്‍മലയില്‍ കാറിന് മുകളില്‍ മണ്ണിടിഞ്ഞ് വീണ് ഒരാള്‍ മരിച്ചു. ഇതോടെ തൃശൂരില്‍ ഇന്ന് നാല് മരണമായി. പാലക്കാട് നെന്മാറയില്‍ ഉരുള്‍പൊട്ടലില്‍ എട്ടുപേരും, മലപ്പുറത്ത് വിവിധയിടങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും മൂന്ന് പേരും മരണപ്പെട്ടതായാണ് വിവരം. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. എന്നാല്‍ പലയിടത്തും വീണ്ടും ഉരുള്‍പൊട്ടനും മണ്ണിടിച്ചിലിനുമുള്ള സാധ്യത നിലനില്‍ക്കുന്നത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ട്.

എംസി റോഡില്‍ വാഹനഗതാഗതം പൂര്‍ണമായും നിലച്ചു. കൊട്ടിയൂര്‍-തലശേരി, നിലമ്പൂര്‍-വഴിക്കടവ്, പാലക്കാട്-തൃശൂര്‍ ദേശീയപാത, മൂവാറ്റുപുഴ-കോതമംഗംലം, തൊടുപുഴ-മൂലമറ്റം റോഡ്, വണ്ടിപ്പെരിയാര്‍-പീരുമേട് റോഡുകളില്‍ ഗതാഗതം പൂര്‍ണമായും നിലച്ചു. ചാലക്കുടി, പെരിയാര്‍, കുന്തി, ഒലി, ഭവാനി,നെല്ലിപ്പുഴകളില്‍ വെള്ളം കരകവിഞ്ഞൊഴുകുകയാണ്. പുഴയോരങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാവുകയും ഗതാഗതം സ്തംഭിക്കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പലയിടങ്ങളിലായി നിരവധി പേര്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

പെരിയാര്‍ കരകവിഞ്ഞതോടെ ആലുവ പൂര്‍ണമായും വെള്ളത്തിനടിയിലായി. പലയിടങ്ങളിലായി കുടുങ്ങിക്കിടന്നിരുന്ന കൈക്കുഞ്ഞുങ്ങളും വൃദ്ധരുമുള്‍പ്പെടെയുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പലപ്പോഴും ഹെല്‍പ് ലൈന്‍ നമ്പറുകളില്‍ വിളിച്ചിട്ടും സഹായം ലഭിക്കാതിരുന്നപ്പോള്‍ കടുങ്ങല്ലൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. ഇനിയും ഒരു മീറ്റര്‍ കൂടി വെള്ളമുയര്‍ന്നേക്കാമെന്ന ജാഗ്രതാ നിര്‍ദ്ദേശം വന്നതോടെ ആളുകള്‍ പരിഭ്രാന്തിയിലായിട്ടുണ്ട്.

ആലുവയിലും പത്തനംതിട്ടയിലും ഹെലികോപ്ടര്‍ വഴിയുള്ള രക്ഷാപ്രവര്‍ത്തനവും മുന്നോട്ട് പോവുകയാണ്. ദേശീയപാതയിലും വെള്ളം നിറഞ്ഞതോടെ ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഏലൂരില്‍ നൂറിലധികം കുടുംബങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട് കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനത്തിന് ബോട്ടുകള്‍ മതിയാവാത്ത സാഹചര്യവുമുണ്ട്. പെരുമ്പാവൂരില്‍ നിന്ന് മൂവാറ്റുപുഴയിലേക്കുള്ള ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ടു.

അപകടകരമായ സാഹചര്യം നിലനിന്നിരുന്ന പത്തനംതിട്ട ജില്ലയില്‍ സ്ഥിതിയില്‍ അല്‍പം ആശ്വാസമുണ്ടായതായാണ് വിവരം. റാന്നിയില്‍ ജലനിരപ്പ് രണ്ടടിയോളം താഴ്ന്നിട്ടുണ്ട്. എന്നാല്‍ തിരുവല്ല, അപ്പര്‍കുട്ടനാട്, കോഴഞ്ചേരി ഭാഗങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേസം തുടരുകയാണ്. ദുരന്തനിവാരണ സേനയും വ്യോമസേനയും ചേര്‍ന്നാണ് ഇവിടുത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ കുട്ടനാട്ടില്‍ വെള്ളമുയരാനുള്ള സാധ്യതയാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്.

സംസ്ഥാനത്തുള്ള എല്ലാ ഡാമുകളും കരകവിഞ്ഞ അവസ്ഥയാണുള്ളത്. ഇടുക്കിയില്‍ വീണ്ടും കനത്ത മഴക്ക് സാധ്യത എന്ന മുന്നറിയിപ്പ് ഉണ്ട്. അതോടെ ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്ന അവസ്ഥയുണ്ടാവും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്ക് സെക്കന്‍ഡില്‍ 30,000ഘന അടി വരെ വെള്ളമെത്തുന്നു. 13 ഷട്ടറുകള്‍ വഴി ഒഴുക്കിവിടുന്ന വെള്ളം ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകുകയാണ്. ചെറുതോണി അണക്കെട്ടില്‍ നിന്ന് 1500 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് വിടുന്നു. ബാണാസുര ഡാമിന്റേയും കാരാപ്പുഴ ഡാമിന്റേയും ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയതോടെ വയനാട്ടില്‍ വെള്ളപ്പൊക്കം രൂക്ഷമായി. പനമരം, പടിഞ്ഞാറേത്തറ, കോട്ടത്തറ, ചൂട്ടക്കടവ് തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളും ഗ്രാമങ്ങളും പൂര്‍ണമായും വെളഅളത്തിനടിയിലാണ്. മാനന്തവാടി റോഡില്‍ തലപ്പുഴ ഭാഗത്ത് വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. വയനാട്ടില്‍ മാത്രം കാല്‍ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

കോട്ടയത്ത് ഉയര്‍ന്ന പ്രദേശമായ പാലാ നഗരമുള്‍പ്പെടെ ഏറെക്കുറെ പൂര്‍ണമായും വെള്ളത്തിനടിയിലായി. നഗരത്തിലെ നൂറോളം കടകളിലും മുപ്പതോളം വീടുകളിലും വെള്ളം കയറി. മീനച്ചില്‍ പുഴയോട് ചേര്‍ന്നുള്ള ഭാഗങ്ങള്‍ പൂര്‍ണമായും വെള്ളക്കെട്ടിലാണ്. ഭാരതപ്പുഴ കരകവിഞ്ഞ് പട്ടാമ്പി പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍