UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിജെപി സ്ത്രീകളുടെ അവകാശത്തിലും സ്വാതന്ത്ര്യത്തിലും വിശ്വസിക്കുന്നു; മകന്‍ യുവതിയെ അപമാനിച്ച കേസില്‍ ബിജെപി നേതാവിന്റെ പ്രതികരണം

ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ബറാലയുടെ മകനാണ് യുവതിയെ അപമാനിച്ച കേസിലെ പ്രതി

ചണ്ഡിഗഡില്‍ യുവതിയെ കാറില്‍ പിന്‍തുടര്‍ന്നു ശല്യപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത യുവാവിന്റെ പിതാവും ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷനുമായ സുഭാഷ് ബറാല പ്രതികരണവുമായി രംഗത്ത്. വര്‍ണിക കുന്ദു എന്ന യുവതിയെയാണ് സുഭാഷ് ബറാലയുടെ മകന്‍ വികാസ് ബറാലയും സുഹൃത്തും ചേര്‍ന്ന് കാറില്‍ പിന്തുടര്‍ന്നു ശല്യം ചെയ്തത്. വര്‍ണികയും കാറില്‍ സഞ്ചരിക്കുകയായിരുന്നു. തന്നെ കാര്‍ തഞ്ഞു നിര്‍ത്തി അക്രമിച്ചെന്ന വര്‍ണികയുടെ പരാതിയെ തുടര്‍ന്നു വികാസിനെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്‌തെങ്കിലും പ്രതികളെ ഉടന്‍ തന്നെ ജാമ്യത്തില്‍വിട്ടത് സംഭവം വലിയ വിവാദമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് സുഭാഷ് ബറാല പ്രതികരണവുമായി രംഗത്തു വന്നിരിക്കുന്നത്. വര്‍ണിക തനിക്ക് മകളെപ്പോലെയാണ്. കേസ് അന്വേഷണത്തില്‍ യാതൊരുവിധ സമ്മര്‍ദ്ദവും ചെലുത്തുന്നില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. സ്ത്രീകളുടെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലുമാണ് ബിജപി വിശ്വസിക്കുന്നത്’ സുഭാഷ് ബറാല പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷപദത്തില്‍ നിന്നും ഈ സംഭവത്തിന്റെ പേരില്‍ ബറാല ഒഴിയുമെന്നു വാര്‍ത്തകള്‍ വന്നിരുന്നു. അമിത് ഷായെ വിളിച്ച് ബറാല തന്നെയാണ് കേസ് അന്വേഷണം അവസാനിക്കും വരെ അധ്യക്ഷസ്ഥാനത്തു നിന്നും മാറി നില്‍ക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതെന്നാണ് വാര്‍ത്തകള്‍.

അതേസമയം കേസില്‍ നിര്‍ണായക തെളിവായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. വര്‍ണികയുടെ കാറിനെ വികാസും സുഹൃത്ത് ആശിഷും ചേര്‍ന്ന് അവരുടെ ആഡംബര കാറില്‍ പിന്തുടരുന്ന ദൃശ്യങ്ങളാണ് കിട്ടിയത്. സിസിടിവി ദൃശ്യങ്ങള്‍ നഷ്ടമായി എന്നായിരുന്നു പൊലീസ് ആദ്യം പറഞ്ഞിരുന്നത്.

കേസില്‍ പ്രതികള്‍ക്കെതിരേ ദുര്‍ബല വകുപ്പുകള്‍ ചുമത്തി രക്ഷപ്പെടുത്താനുള്ള നീക്കമാണ് പൊലീസ് നടത്തുന്നതെന്നു കോണ്‍ഗ്രസും ബിഎസ്പിയും ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രതികകള്‍ക്കെതിരേ മുഖം നോക്കാതെ നടപടിയെടുക്കുമെന്നായിരുന്നു ചണ്ഡിഗഡിലെ ബിജെപി എംപി കിരണ്‍ ഖേര്‍ പ്രതികരിച്ചത്. കേസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നു മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും പറഞ്ഞിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ചണ്ഡിഗഡിനു സമീപം മധ്യമാര്‍ഗില്‍വച്ച് ഒരു ഐഎഎസ് ഓഫിസറുടെ മകളായ വര്‍ണികയുടെ കാര്‍ വികാസും സുഹൃത്തും ചേര്‍ന്ന് പിന്തുടര്‍ന്നതും തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചതും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍