UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ പദവി ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

പാര്‍ലമെന്റ് നിയമപ്രകാരം സ്ഥാപിക്കപ്പെടുകയും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജാമിയ മിലിയ ഒരിക്കലും ന്യൂനപക്ഷ സ്ഥാപനമായി പരിഗണിക്കപ്പെട്ടിരുന്നില്ല എന്നാണ് എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ നിലപാട്.

ഡല്‍ഹി ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവിയുടെ കാര്യത്തില്‍ നിലപാട് മാറ്റി കേന്ദ്രസര്‍ക്കാര്‍. ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന കമ്മീഷന്‍ (എന്‍സിഎംഇഐ) ഉത്തരവ് (2011) പ്രകാരമുള്ള ന്യൂനപക്ഷ പദവി അംഗീകരിക്കുന്നതായിരുന്നു മുന്‍ നിലപാട്. എന്നാല്‍ ഇപ്പോള്‍ ഈ നിലപാട് തിരുത്തി ഡല്‍ഹി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജിയുമായി ബന്ധപ്പെട്ട് പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണ് മാനവ വിഭവശേഷി മന്ത്രാലയം. ജാമിയ മിലിയ ഒരു മതന്യൂനപക്ഷ സ്ഥാപനമാണെന്ന വിവരം വസ്തുതാപരമായി സംഭവിച്ച പിഴവാണെന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട്. പാര്‍ലമെന്റ് നിയമപ്രകാരം സ്ഥാപിക്കപ്പെടുകയും കേന്ദ്രസര്‍ക്കാരിന്റെ സാമ്പത്തികസഹായത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ജാമിയ മിലിയ ഒരിക്കലും ന്യൂനപക്ഷ സ്ഥാപനമായി പരിഗണിക്കപ്പെട്ടിരുന്നില്ല എന്നാണ് എച്ച്ആര്‍ഡി മന്ത്രാലയത്തിന്റെ നിലപാടെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2016 ജനുവരി 15ന് സ്മൃതി ഇറാനി മന്ത്രി വകുപ്പ് കൈകാര്യം ചെയ്യുന്ന സമയത്ത് എച്ച്ആര്‍ഡി മന്ത്രാലയത്തിന് അന്നത്തെ അറ്റോണി ജനറല്‍ മുകുള്‍ റോത്താഗി, ജെഎംഐ ന്യൂനപക്ഷ സ്ഥാപനമല്ലെന്ന നിലപാട് സ്വീകരിക്കണമെന്ന് നിയമോപദേശം നല്‍കിയിരുന്നു. എന്‍സിഎംഇഐയുടെ ഉത്തരവ് നിയമപരമായി സാധുതയില്ലാത്തതാണെന്നാണ് അറ്റോണി ജനറല്‍ നല്‍കിയിട്ടുള്ള ഉപദേശം. 1968ലെ അസീസ് ബാഷ വേഴ്‌സസ് യൂണിയന്‍ ഓഫ് ഇന്ത്യ കേസ് ചൂണ്ടിക്കാട്ടിയാണ് എജി ഈ നിലപാട് മാറ്റം ആവശ്യപ്പെട്ടത്. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമപ്രകാരം ഗവണ്‍മെന്റ് സ്ഥാപിച്ചതാണ് അലിഗഡ് മുസ്ലീം സര്‍വകലാശാലയെന്നും അല്ലാതെ അത് മുസ്ലീം സമുദായം സ്ഥാപിച്ച ഒന്നല്ലെന്നും സുപ്രീംകോടതി അസീസ് ബാഷ് കേസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനാല്‍ തന്നെ അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി അംഗീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഏതായാലും രണ്ട് സര്‍വകലാശാലകളുടെ കാര്യത്തിലും എജിയുടെ നിയമോപദേശം അന്ന് എച്ച്ആര്‍ഡി മന്ത്രാലയം സ്വീകരിച്ചു. അലിഗഡ് ന്യൂനപക്ഷ സര്‍വകലാശാല അല്ലെന്നായിരുന്നു 2016 ജനുവരിയില്‍ എന്‍ഡിഎ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട്. മുന്‍ യുപിഎ സര്‍ക്കാര്‍ അലിഗഡ് സര്‍വകലാശാലയുടെ ന്യൂനപക്ഷ പദവി സംബന്ധിച്ച് സ്വീകരിച്ചിരുന്ന നിലപാടിന് വിരുദ്ധമായിരുന്നു ഇത്.

മുസ്ലീം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടി മുസ്ലീങ്ങള്‍ സ്ഥാപിച്ച സര്‍വകലാശാലയാണെന്നും ഇതൊരു മുസ്ലീം ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനമാണെന്നുമായിരുന്നു എന്‍സിഎംഇഐയുടെ നിലപാട്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 (1) സെക്ഷന്‍ 2 പ്രകാരം, മത, ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള അവകാശമാണ് കമ്മീഷന്‍ ചൂണ്ടിക്കാട്ടിയത്. 2011ലെ ഉത്തരവിന് ശേഷം ഓരോ കോഴ്‌സിലും പകുതി സീറ്റ് ന്യൂനപക്ഷ 30 ശതമാനം സീറ്റ് മുസ്ലീം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മാറ്റി വച്ചിരുന്നു. 10 ശതമാനം സീറ്റുകള്‍ മുസ്ലീം പെണ്‍കുട്ടികള്‍ക്കും ബാക്കി 10 ശതമാനം മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഉള്‍പ്പെടുന്ന പട്ടികവര്‍ഗങ്ങള്‍ക്കും വേണ്ടി മാറ്റി വച്ചിരുന്നു. കമ്മീഷന്‍ ഉത്തരവ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ എച്ച്ആര്‍ഡി മന്ത്രിയായിരുന്ന കപില്‍ സിബല്‍ ഉത്തരവിനെ സര്‍ക്കാര്‍ പിന്തുണക്കുന്നതായി കാണിച്ച് ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.

1920ലാണ് മുസ്ലീം നേതാക്കള്‍ ചേര്‍ന്ന് അലിഗഡില്‍ ജാമിയ മിലിയ സ്ഥാപിക്കുന്നത്. നിസഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി, ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടം നടത്തുന്നതോ അല്ലെങ്കില്‍ ഗവണ്‍മെന്റ് സഹായത്തോടെ പ്രവര്‍ത്തിക്കുന്നതോ ആയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ദേശീയ പ്രസ്ഥാനത്തിന്റെ നേതാവായ എംകെ ഗാന്ധി ആഹ്വാനം ചെയ്തിരുന്നു. ഗാന്ധിയുടെ ഈ ആഹ്വാനം പരിഗണിച്ചാണ് ദേശീയവാദികള്‍ ചേര്‍ന്ന് ജാമിയ മിലിയയ്ക്ക് രൂപം നല്‍കിയത്. ഇത് പിന്നീട് ഡല്‍ഹിയിലേയ്ക്ക് മാറ്റി സ്ഥാപിക്കുകയും ജാമിയ മിലിയ ഇസ്ലാമിയ എന്ന രജിസ്റ്റേര്‍ഡ് സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. 1962ല്‍ കല്‍പ്പിത സര്‍വകലാശാലയായി (ഡീംഡ് യൂണിവേഴ്‌സിറ്റി) മാറി. 1988ല്‍ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തില്‍ ജെഎംഐ കേന്ദ്രസര്‍വകലാശാലയായി മാറി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍