UPDATES

ട്രെന്‍ഡിങ്ങ്

“ശബരിമലയിൽ ദർശനം നടത്തണമോയെന്ന് തീരുമാനിക്കേണ്ടത് സ്ത്രീകളാണ്; സർക്കാരിന് കോടതിവിധി നടപ്പാക്കാനേ കഴിയൂ”: മുഖ്യമന്ത്രി

പൊതുജനാഭിപ്രായം ശരിയായ വിധത്തിൽ രൂപീകരിച്ചെടുക്കേണ്ട വലിയ ചുമതല മാധ്യമങ്ങൾക്കുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിശ്വാസികളോടുള്ള സമീപനം അർത്ഥശങ്കക്കിടയില്ലാത്ത വിധം സർക്കാർ പറഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതിന് സർക്കാൻ പ്രതിജ്ഞാബദ്ധമാണ്. അവരവരുടെ വിശ്വാസം പുലർത്തി ജീവിക്കാൻ എല്ലാ സ്വാതന്ത്ര്യവും കേരളത്തിലുണ്ട്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ അങ്ങനെ വിശ്വാസികളെ പരിഗണിക്കുന്നുണ്ടോയെന്ന് മാധ്യമങ്ങൾ ആലോചിക്കണം. തന്റെ വിശ്വാസം മാത്രമേ മറ്റുള്ളവർക്കു പാടൂ എന്ന് ശഠിച്ചാൽ എങ്ങനെയിരിക്കും? മതനിരപേക്ഷത എന്നതു കൊണ്ടുദ്ദേശിക്കുന്നത് ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശമാണെന്നത് ഓർക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരളത്തിലെ പരമ്പരാഗത മാധ്യമങ്ങളിലെ തൊഴിലാളികളുടെ സംഘടന കെയുഡബ്ല്യുജെയുടെ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കാനേ സംസ്ഥാന സർക്കാരിന് കഴിയൂ. യുവതികളെ പ്രവേശിപ്പിക്കണമെന്നാണ് കോടതി പറയുന്നതെങ്കിൽ അത് നടപ്പാകും. പ്രവേശിപ്പിക്കരുതെന്നാണ് കോടതി ആവശ്യപ്പെടുന്നതെങ്കിലും അതും നടപ്പാക്കും. ശബരിമലയിൽ പ്രവേശിക്കണമോയെന്നത് തീരുമാനിക്കേണ്ടത് സ്ത്രീകളാണെന്നും അദ്ദേഹം വ്യക്തമാക്കി.

തനിക്കുള്ള വിശ്വാസമേ മറ്റുള്ളവർക്കും പാടുള്ളൂ, മറ്റുള്ളവര്‍ ഈ രാജ്യത്ത് ജീവിക്കാൻ അവകാശമുള്ളവരല്ല എന്നെല്ലാം പലരും പറയുകയും സ്ഥാപിക്കുകയും ചെയ്യുന്നുണ്ട്. ന്യൂപക്ഷങ്ങളെ ഇങ്ങനെ ആക്രമിക്കുന്നത് തുറന്നു കാണിക്കേണ്ടതുണ്ടെന്നും അതെക്കുറിച്ച് മാധ്യമങ്ങൾ ചിന്തിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാർത്ത വെറുതെ കൊടുക്കലല്ല, അതിന്റെ പിന്നിലുള്ള ഉദ്ദേശ്യം മനസ്സിലാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി. സന്നിധാനത്ത് കഴിഞ്ഞദിവസം നടന്ന സംഭവം ഉദാഹരണമാണ്. ഭക്തരെ അറസ്റ്റ് ചെയ്തു എന്നായിരുന്നു ചില റിപ്പോർട്ടുകൾ. എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത്? ആർഎസ്എസ്സുകാരാണ് സ്ഥലത്തുണ്ടായിരുന്നു. അവരാണ് കുഴപ്പം കാണിച്ചത്. ഇതിൽ മുന്നനുഭവം നമുക്കുള്ളതുമാണ്. ചിത്തിര ആട്ടവിശേഷത്തിന് ഇത്തരം സംഭവങ്ങളുണ്ടായി. അങ്ങനെ വരുമ്പോൾ സാധാരണ ഭക്തരെയാണ് അറസ്റ്റ് ചെയ്തതെന്ന് വാർത്ത വരുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഈ സന്ദർഭത്തിൽ ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ കൂടെയാണോ അക്രമികളുടെ കൂടെയാണോ വാർ‌ത്ത പ്രചരിപ്പിക്കുന്നവർ നിൽക്കുന്നതെന്ന കാര്യം ആലോചിക്കേണ്ടതാണ്.

പൊതുജനാഭിപ്രായം ശരിയായ വിധത്തിൽ രൂപീകരിച്ചെടുക്കേണ്ട വലിയ ചുമതല മാധ്യമങ്ങൾക്കുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻപും നാടിന്റെ മതനിരപേക്ഷത തകർക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്. കേരളത്തെ അപമാനിക്കാനുള്ള ശ്രമമുണ്ടായപ്പോൾ കേരളത്തിലും പുറത്തുമുള്ള എല്ലാ മലയാളികളും ഒന്നിച്ചു നിന്ന് അതിനെ ചെറുത്തിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു സമൂഹമെന്ന നിലയിൽ രാജ്യത്തിനാകെ കേരളം മാത‍ൃകയായിട്ടുണ്ട്. ഇതിന് എല്ലാ തുറകളിൽ നിന്നുള്ള ഇടപെടൽ വേണം. മാധ്യമങ്ങളുടെ ഇടപെടലും അത്യന്താപേക്ഷിതമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സാവകാശ ഹര്‍ജിയുടെ വിധി എന്താവും? യുവതീ പ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിന്‍റേത് നിലപാട് മാറ്റാമോ?

ശബരിമല: മനോരമ ജനം ടിവിക്ക് പഠിക്കുന്നോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍