UPDATES

മന്ത്രി കെ കെ ശൈലജ പങ്കെടുത്ത ആര്‍ എസ് എസ് സംഘടനയുടെ പരിപാടിയില്‍ മുന്‍പ് മുന്‍ മന്ത്രി കെ ബാബുവും പങ്കെടുത്തു; വിവാദം കൊഴുക്കുന്നു

അഹമ്മദാബാദിൽ സംഘടിപ്പിച്ച വേൾഡ് ആയുർവ്വേദ കോൺഗ്രസ്സിൽ പ്രത്യേക പ്രഭാഷകയായി പങ്കെടുത്തത് കേന്ദ്ര സർക്കാരിന്റെ പരിപാടിയായതിനാലെന്നാണ് മന്ത്രി കെകെ ശൈലജയുടെ വിശദീകരണം

സംഘപരിവാർ സംഘടനയായ വിജ്ഞാന ഭാരതി ഗുജറാത്തിലെ അഹമ്മദാബാദിൽ സംഘടിപ്പിച്ച വേൾഡ് ആയുർവ്വേദ കോൺഗ്രസ്സിൽ പ്രത്യേക പ്രഭാഷകയായി പങ്കെടുത്തത് കേന്ദ്ര സർക്കാരിന്റെ പരിപാടിയായതിനാലെന്നാണ് മന്ത്രി കെകെ ശൈലജയുടെ വിശദീകരണം. കേന്ദ്ര സർക്കാർ തങ്ങളുടെ പരിപാടികളിൽ ആർഎസ്എസ്സിനെ പങ്കെടുപ്പിക്കുന്നതിന് എന്തു ചെയ്യാനാകുമെന്ന് അവർ ചോദിച്ചു. സർക്കാർ പ്രതിനിധിയായാണ് പരിപാടിയിൽ താൻ പങ്കെടുത്തതെന്ന് ശൈലജ പറയുമ്പോഴും അത് സിപിഎമ്മുകാര്‍ പോലും മുഖവിലയ്ക്കെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന വിമർശനങ്ങൾ കാണിക്കുന്നത്. കുറെക്കൂടി ജാഗ്രത അവർ കാണിക്കേണ്ടതുണ്ടായിരുന്നുവെന്നാണ് വിമർശനം.

വേൾഡ് ആയുർവ്വേദ കോൺഗ്രസ്സിന്റെ വെബ്സൈറ്റിൽ സംഘാടകരുടെ വിവരങ്ങളിൽ കേന്ദ്ര ആയുഷ് മന്ത്രാലയവും ഉൾപ്പെട്ടിട്ടുണ്ട്. ആയുഷ് മന്ത്രാലയത്തോടൊപ്പം വിജ്ഞാന ഭാരതി, വേള്‍ഡ് ആയുർവ്വേദ ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് വെബ്സൈറ്റിൽ പറയുന്നു. വിജ്ഞാൻ ഭാരതി 2012ൽ തുടക്കമിട്ട സ്ഥാപനമാണ് വേൾഡ് ആയുർവ്വേദ ഫൗണ്ടേഷൻ. വിജ്ഞാന ഭാരതി മുൻകാലങ്ങളിൽ സ്ഥാപിച്ച സ്വദേശി സയൻസ് മൂവ്മെന്റിന്റെ തുടർച്ചയാണ് ഈ സ്ഥാപനമെന്നും വെബ്സൈറ്റിലുണ്ട്. സംഘപരിവാറിന്റെ വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളുടെ കൂട്ടത്തിലാണ് വിജ്ഞാന ഭാരതി ഉൾപ്പെടുന്നത്. ഏകൽ വിദ്യാലയ, സരസ്വതി ശിശു മന്ദിർ, വിദ്യാ ഭാരതി, വിജ്ഞാന ഭാരതി എന്നീ സംഘടനകളാണ് ഇക്കൂട്ടത്തിലുള്ളത്.

2014 നവംബർ മാസത്തിലാണ് ആയുഷ് വകുപ്പിനെ ആയ്ഷ് മന്ത്രാലയമായി കേന്ദ്ര സർക്കാർ ഉയർത്തുന്നത്. ബിജെപി അധികാരത്തിലെത്തിയതിനു ശേഷം. ഇതിനു പിന്നാലെയാണ് വേൾഡ് ആയുർവ്വേദ കോൺഗ്രസ്സിന്റെ സംഘാടനത്തിൽ ആയുഷ് മന്ത്രാലയം പങ്കാളിയാകുന്നത്. 2002ല്‍ കൊച്ചിയിലാണ് ആദ്യത്തെ ആയുർവ്വേദ കോൺഗ്രസ്സ് നടക്കുമ്പോൾ സംഘാടകരായി കേന്ദ്ര സർക്കാർ ഉണ്ടായിരുന്നില്ല. 2014ൽ സംഘടിപ്പിക്കപ്പെട്ട ആറാം കോൺഗ്രസ്സിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുകയുണ്ടായി. ഇതിനു പിന്നാലെയാണ് വേൾഡ് ആയുർവ്വേദ കോൺഗ്രസ്സ് മുഖ്യധാരയിലേക്ക് എത്തുന്നത്.

വിജ്ഞാന ഭാരതിയുടെ പ്രവർത്തനങ്ങളെ കോൺഗ്രസ്സ് സർക്കാരുകളും പിന്തുണച്ചിരുനെന്ന് വോൾഡ് ആയുർവ്വേദ കോൺഗ്രസ്സിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. 2006ൽ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൽ നിന്ന് ശാസ്ത്രസാങ്കേതിക പുരോഗതിക്കു വേണ്ടി പ്രവർത്തിച്ചതിന് അവാർഡ് വാങ്ങിയിട്ടുണ്ടെന്ന് വെബ്സൈറ്റ് അവകാശപ്പെടുന്നുണ്ട്. 2007ൽ അന്നത്തെ ശാസ്ത്രസാങ്കേതിക മന്ത്രിയായിരുന്ന കപിൽ സിബലിൽ നിന്നും അവാർഡ് വാങ്ങിയിട്ടുണ്ട്.

വിജ്ഞാന ഭാരതി സംഘടിപ്പിക്കാറുള്ള പല പരിപാടികളിൽ ഒന്നു മാത്രമാണ് ലോക ആയുർവ്വേദ കോൺഗ്രസ്സ്. വേൾഡ് ഓഷ്യൻ സയൻസ് കോൺഗ്രസ്സ് എന്നൊരു പരിപാടിയും ഇവർ സംഘടിപ്പിക്കാറുണ്ട്. 2015 ഫെബ്രുവരിയിൽ വേൾഡ് ഓഷ്യൻ സയൻസ് കോൺ‌ഗ്രസ്സ് നടന്നത് കൊച്ചിയിലായിരുന്നു. അന്നത്തെ യുഡിഎഫ് സർക്കാരിലെ ഫിഷറീസ്, തുറമുഖ, എക്സൈസ് മന്ത്രിയായിരുന്ന കെ ബാബു ഈ പരിപാടിയുടെ അധ്യക്ഷനായിരുന്നു. വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളെ തങ്ങളുടെ പരിപാടിയുടെ ഭാഗഭാക്കാക്കാൻ വിജ്ഞാൻ ഭാരതിക്ക് സാധിച്ചിരുന്നെന്ന് അന്നത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഈ പരിപാടിയിൽ കെ ബാബു പങ്കെടുത്തത് അന്ന് വിവാദമാകുകയുണ്ടായില്ല.

ഭരണഘടനയേന്തി സ്ത്രീകളുടെ വില്ലുവണ്ടി യാത്ര ഇന്ന്; പുരുഷ, ബ്രാഹ്മണ്യ കേരളത്തോട് സ്ത്രീകള്‍ക്ക് പറയാനുള്ളത്

മൻമോഹൻ സിങ് 2006 ജനുവരി 3നാണ് വിജ്ഞാന ഭാരതിക്ക് ജവഹർലാൽ നെഹ്റു അവാർഡ് സമ്മാനിച്ചത്. 93മത് ഇന്ത്യൻ സയൻസ് കോൺഗ്രസ്സിൽ വെച്ചായിരുന്നു ഇതെന്നത് ശ്രദ്ധേയമാണ്. ശാസ്ത്രത്തെ ജനകീയമാക്കിയതിനായിരുന്നു അവാർ‍ഡ്. ശാസ്ത്രത്തെ കാവിവൽക്കരിക്കാനും അന്ധവിശ്വാസങ്ങളെ ശാസ്ത്രവൽക്കരിക്കാനും ശ്രമിക്കുന്ന സംഘടനയെന്ന ആരോപണം വിജ്ഞാന ഭാരതിക്കെതിരെ നിലനിന്നിരുന്ന സന്ദർഭത്തിൽ തന്നെയായിരുന്നു ഈ അവാർ‍ഡ് ദാനം.

2007ൽ വിജ്ഞാന ഭാരതിക്ക് അന്നത്തെ കേന്ദ്ര ശാസ്ത്ര സാങ്കേതിക കപിൽ സിബൽ എൻസിഎസ്ടിസി അവാർഡ് സമ്മാനിക്കുകയുണ്ടായി.

ആയുർവ്വേദത്തെ ലോകമെമ്പാടും പ്രചരിപ്പിക്കാനും വളർത്താനുമാണ് വിജ്ഞാന ഭാരതി തുടങ്ങിയിട്ടുള്ളതെന്നാണ് സംഘടനയുടെ അവകാശവാദം. ഇന്ത്യയിൽ 23 സംസ്ഥാനങ്ങളിൽ ഇവർക്ക് യൂണിറ്റുണ്ട്. മുൻ ഐഎസ്ആർഒ ചെയർമാൻ ജി മാധവൻ നായർ ഈ സംഘടനയിൽ പ്രധാനിയാണ്. നേരത്തെ സ്വദേശി സയൻസ് മൂവ്മെന്റ് എന്നായിരുന്നു ഈ സംഘടനയുടെ പേര്. ബെംഗളൂരുവിലെ ഇന്ത്യൻ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ (ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്) ആണ് സംഘടനയുടെ പിറവിയെന്ന് വിക്കിപീഡിയ പറയുന്നു.

നേരത്തെ ഇരിഞ്ഞാലക്കുട എം എല്‍ എ പ്രൊഫ. അരുണന്‍ ആര്‍ എസ് എസ് പരിപാടിയില്‍ പങ്കെടുത്തത് വിവാദമായിരുന്നു.

ഗുജറാത്തിൽ സംഘപരിവാർ പരിപാടിയിൽ പ്രഭാഷകയായി മന്ത്രി കെകെ ശൈലജ പങ്കെടുത്തത് വിവാദമാകുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍