UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കർണാടകത്തിലെ എംഎൽഎമാർ കേരളത്തിലേക്ക് വരുന്നു; കുതിരക്കച്ചവടം അനുവദിക്കില്ലെന്ന് ഉറപ്പു നൽകി കടകംപള്ളി

നേരത്തെ, കേരളാ ടൂറിസം വകുപ്പിന്റെ ഒരു ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിൽ ജെഡിഎസ്സിനോടും കോൺഗ്രസ്സിനോടും തങ്ങളുടെ അനുകൂലമനോഭാവം കേരളം വ്യക്തമാക്കിയിരുന്നു.

കർണാടകത്തിലെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ കേരളത്തിലേക്ക് വരുന്നതായി വിവരം കിട്ടിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. എല്ലാവരെയും ആഹ്ലാദപൂർവ്വം കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രി അറിയിച്ചു.

കർണാടകത്തിൽ ബിജെപി നടത്താനിടയുള്ള കുതിരക്കച്ചവട സാധ്യതകളെ മുന്നിൽക്കണ്ട് കോൺഗ്രസ്സും ജെഡിഎസ്സും തങ്ങളുടെ എംഎൽഎമാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് എത്തിക്കുകയാണ്. ലഭ്യമായ വിവരങ്ങൾ പ്രകാരം 100 കോടി വരെ വാഗ്ദാനം ചെയ്യാൻ അമിത് ഷായുടെ ടീം തയ്യാറാണ്. ഇത്തരം പ്രലോഭനങ്ങളെ അതിജീവിക്കാൻ എത്ര മനുഷ്യർക്ക് സാധിക്കുമെന്ന് കോൺഗ്രസ്സിനും ജെഡിഎസ്സിനും ആശങ്കയുണ്ട്. ഇക്കാരണത്താലാണ് എല്ലാവരെയും കേരളത്തിലേക്ക് മാറ്റാൻ നേതൃത്വങ്ങൾ തീരുമാനമെടുത്തത്.

ഇന്ന് അധികാരത്തിലേറിയ ബിജെപിയുടെ യെദ്യൂരപ്പയ്ക്ക് വിശ്വാസം തെളിയിക്കാൻ ഒരാഴ്ചത്തെ സമയമാണ് ഗവർണർ നൽകിയിരിക്കുന്നത്. ഇതിനകം എന്തു വില കൊടുത്തും അധികാരം നിലനിർത്താൻ ബിജെപി ശ്രമിക്കുമെന്ന് ഇരുകക്ഷികള്‍ക്കും ഉറപ്പായിരുന്നു.

നേരത്തെ, കേരളാ ടൂറിസം വകുപ്പിന്റെ ഒരു ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള ട്വീറ്റിൽ ജെഡിഎസ്സിനോടും കോൺഗ്രസ്സിനോടും തങ്ങളുടെ അനുകൂലമനോഭാവം കേരളം വ്യക്തമാക്കിയിരുന്നു. കേരളം സുരക്ഷിതമായ ഇടമാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ട്വീറ്റ് ദേശീയതലത്തിൽ ശ്രദ്ധ നേടിയിരുന്നു.

എംഎൽഎമാർക്ക് എല്ലാ സൗകര്യങ്ങളും സുരക്ഷയും കേരളം നൽകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ഒരു തരത്തിലുള്ള കുതിരക്കച്ചവടത്തിനും തങ്ങള്‍ അവസരം നൽകില്ലെന്നും കടകംപള്ളി തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

കർണാടക തെരഞ്ഞെടുപ്പിനു ശേഷം നടക്കുന്ന ജനാധിപത്യ വിരുദ്ധമായ നടപടികളിൽ രാജ്യമെമ്പാടും അമർഷം പുകയുകയാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍