UPDATES

ഉമ്മന്‍ ചാണ്ടി ഇല്ല; ഒരു പാര്‍ട്ടിക്കും അവതരിപ്പിക്കാന്‍ കഴിയാത്ത സ്ഥാനാര്‍ത്ഥി പട്ടികയാണ് വരുന്നതെന്നു മുല്ലപ്പള്ളിയും ചെന്നിത്തലയും

മറ്റ് തിരക്കുകള്‍ ഉള്ളതിനാലാണ് ഉമ്മന്‍ ചാണ്ടി മത്സരിക്കാത്തതെന്നു നേതാക്കള്‍

ഒടുവില്‍ തീരുമാനമായി. ഉമ്മന്‍ ചാണ്ടി മത്സരിക്കുന്നില്ല. ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനുമാണ് മാധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്. ഉമ്മന്‍ ചാണ്ടിയെ കൂടാതെ മുല്ലപ്പള്ളിയും കെ സി വേണുഗോപാലും മത്സരിക്കുന്നില്ല. രാഹുല്‍ ഗാന്ധി ഇക്കാര്യങ്ങളില്‍ തീരുമാനം അറിയിച്ചതായാണ് വിവരം. ഇന്ന് വൈകിട്ടോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വിടുമെന്നും പ്രതിപക്ഷ നേതാവും കെപിസിസി പ്രസിന്റും പറയുന്നുമുണ്ട്. കോണ്‍ഗ്രസും യുഡിഎഫും കുതിക്കുന്ന തരത്തിലുള്ള സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും പുറത്തു വരികയെന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം.

കേരളത്തിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒരുപോലെ ആവശ്യപ്പെട്ടിരുന്ന കാര്യമായിരുന്നു ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നത്. പക്ഷേ, നിങ്ങള്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തന രീതി അറിയാമല്ലോ. അതുകൊണ്ടാണ് അദ്ദേഹം മത്സരിക്കാതിരുന്നത്. പക്ഷേ, കേരളത്തിലെ 20 മണ്ഡലങ്ങളിലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും മുല്ലപ്പള്ളിയുമാണ് മത്സരിക്കുന്നത്. ഞങ്ങള്‍ ഒറ്റക്കെട്ടായി മുന്നോട്ടുപോകും കോണ്‍ഗ്രസ് വന്‍ വിജയം നേടും; ഇതായിരുന്നു ഉമ്മന്‍ ചാണ്ടി മത്സരിക്കാത്തതെന്താണെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള രമേശ് ചെന്നിത്തലയുടെ മറുപടി. ഉമ്മന്‍ ചാണ്ടിക്ക് ഉത്തരവാദിത്വങ്ങള്‍ ഏറെയുണ്ടെന്നായിരുന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രതികരണം. മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും അവതരിപ്പിക്കാന്‍ കഴിയാത്തവിധം ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥി പട്ടികയായിരിക്കും കോണ്‍ഗ്രസിന്റെതാണ് മുല്ലപ്പള്ളിയും അവകാശപ്പെടുന്നത്. പട്ടിക പുറത്തു വരുമ്പോള്‍ ജനങ്ങളും അത് സമ്മതിക്കുമെന്നാണ് മുല്ലപ്പള്ളി പറയുന്നത്. കേരളത്തിലെ രാഷ്ട്രീയ കാലാവസ്ഥ പൂര്‍ണമായും കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമാണെന്നും ഇത് മാധ്യമങ്ങളുടെ സര്‍വേ മാത്രമല്ല, ജനങ്ങളുടെ സര്‍വേയും അങ്ങനെയാണെന്നും മുല്ലപ്പള്ളി അവകാശപ്പെടുന്നു.

നേരത്തെ, ഉമ്മന്‍ ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ അനിശ്ചിതത്വം തുടരുന്നതുകൊണ്ടാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വരാന്‍ വൈകുന്നതെന്നു വാര്‍ത്തകള്‍ വന്നിരുന്നു. കെപിസിസി ശക്തമായി തന്നെ ഉമ്മന്‍ ചാണ്ടിയെ മത്സരിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിനായി ഹൈ കമാന്‍ഡില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. ഇതിന്‍പ്രകാരം ആന്ധ്രയില്‍ ആയിരുന്ന ഉമ്മന്‍ ചാണ്ടിയെ ഹൈ കാമാന്‍ഡ് ഡല്‍ഹിയിലേക്ക് ഇന്നു വിളിപ്പിച്ചിരുന്നു. എന്നാല്‍ താന്‍ മത്സരിക്കുന്നില്ലെന്ന തീരുമാനം ഉമ്മന്‍ ചാണ്ടി ആവര്‍ത്തിച്ചതോടെയാണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്ന് അറിയുന്നു.

അതെസമയം സീറ്റുകൾ പങ്കിടുന്ന കാര്യത്തിലുള്ള ഗ്രൂപ്പു തർക്കങ്ങൾ മുറുകുകയാണ്. ഇടുക്കി, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളാണ് നിലനിൽക്കുന്നത്. ഇതിനിടെ മഹിളാ കോൺഗ്രസ്സ് തങ്ങൾക്ക് മൂന്ന് സീറ്റ് വേണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ടി സിദ്ദിഖ്, കെ പി അബ്ദുള്‍ മജീദ്, ഷാനിമോള്‍ ഉസ്മാൻ എന്നിവരുടെ പേരാണ് വയനാട് സീറ്റിന്റെ കാര്യത്തിൽ ഉയർന്നു വരുന്നത്. ഇടുക്കിയിൽ ഡീൻ കുര്യാക്കോസിനു വേണ്ടി എ ഗ്രൂപ്പും ജോസഫ് വാഴയ്ക്കനു വേണ്ടി ഐ ഗ്രൂപ്പും ശബ്ദമുയര്‍ത്തുന്നുണ്ട്. എറണാകുളം സീറ്റിൽ ഹൈബി ഈഡന്റെ പേര് ഐ ഗ്രൂപ്പ് ഉയർത്തുന്നു.വടകരയില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പേരാണ് ഇപ്പോള്‍ പറഞ്ഞു കേള്‍ക്കുന്നത്. വളരെ അപ്രതീക്ഷിതമായാണ് ഉണ്ണിത്താന്‍ വടകരയില്‍ എത്തിയിരിക്കുന്നത്. പി ജയരാജനാണ് ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി. ടി. സിദ്ദീഖിന്റെ പേരും ഉണ്ണിത്താനൊപ്പം ഉണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍