UPDATES

പ്രളയബാധിതര്‍ക്കുള്ള 10,000 രൂപയുടെ ധനസഹായം ഇന്ന് തുടങ്ങും, ബന്ധുവീടുകളിലേക്ക് മാറിയവര്‍ക്കും സഹായം

ഇത്തവണ ആകെ 90,000 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളിലെത്തിയെന്നാണ് കണക്ക്.

പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായവിതരണത്തിന് 100 കോടി രൂപ അനുവദിച്ചു. ദുരിത ബാധിതരായ ഓരോ കുടുംബത്തിനും 10,000 രൂപ വീതമുള്ള ധനസഹായത്തിന്റെ വിതരണം ഇന്നു തുടങ്ങും. ഓണത്തിനു മുന്‍പ് മുഴുവന്‍ പേര്‍ക്കും സഹായം എത്തിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ദുരന്തപ്രതികരണനിധിയില്‍ നിന്ന് ഇതിനായി 47.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇത്തവണ ആകെ 90,000 കുടുംബങ്ങള്‍ ദുരിതാശ്വാസക്യാമ്പുകളിലെത്തിയെന്നാണ് കണക്ക്. ബാക്കിയുള്ളവരുടെ പട്ടിക ഉടന്‍ ലഭ്യമാക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ധനസഹായം വേഗത്തില്‍ ലഭ്യമാക്കാന്‍ പ്രളയബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രഷറി വഴി നേരിട്ടായിരിക്കും തുക നല്‍കുക. കഴിഞ്ഞവര്‍ഷത്തെ മഹാപ്രളയത്തിന് ശേഷം കളക്ടര്‍മാര്‍ക്കും പിന്നീട് താലൂക്ക് ഓഫീസുകള്‍ക്കും തുക കൈമാറിയാണ് പ്രളയബാധിതര്‍ക്ക് എത്തിച്ചത്.

പ്രളയകാലത്ത് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയവര്‍ക്കും സഹായം നല്‍കും. ഏകദേശം 10,000 കുടുംബങ്ങള്‍ ഇങ്ങനെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറിയെന്നാണ് ആദ്യവിലയിരുത്തല്‍. ഇവരുടെ പട്ടിക തയാറാക്കാന്‍ പഞ്ചായത്ത് സെക്രട്ടറി, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് എന്‍ജിനീയര്‍, സന്നദ്ധപ്രവര്‍ത്തകന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീടുകളിലെത്തി പരിശോധന നടത്തും.

ദുരിത ബാധിതരുടെ വിവരശേഖരണത്തിനായി ഐടി മിഷന്‍ റീബില്‍ഡ് കേരള എന്ന പേരില്‍ മൊബൈല്‍ ആപ്പ് തയാറാക്കിയിട്ടുണ്ട്. പ്രളയത്തിലും ഉരുള്‍പൊട്ടലിലും വീടുകള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ ഇതിനൊപ്പമായി വിലയിരുത്തും. കഴിഞ്ഞ തവണത്തെപ്പോലെ പരാതികള്‍ക്ക് ഇടനല്‍കാതിരിക്കാന്‍ രേഖകളുടെയും നാശനഷ്ടത്തിന്റെയും ചിത്രങ്ങള്‍ പകര്‍ത്താനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതുകൂടി വിലയിരുത്തിയാണ് നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.

Read: പാര്‍ട്ടിയുണ്ടാക്കിയത് കെഎം മാണി, ചിഹ്നം രണ്ടില; എന്താകും ജോസ് ടോമിന്റെ ഭാവി?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍