UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് ആര്‍എസ്‌എസ്സിന് വിധേയർ; 1991ലെ കോലീബി സഖ്യം അവർത്തിക്കാൻ നീക്കം; ഗ്രാമപഞ്ചായത്തുകളിൽ അവിശുദ്ധ കൂട്ടുകെട്ട്

കേരളത്തിലെ കോൺഗ്രസ്സ് ആർഎസ്എസ്സിന് വഴിപ്പെട്ടിരിക്കുകയാണെന്ന് സിപിഎം സ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ ഇതിനെ സാധൂകരിക്കുന്ന സംഭവങ്ങളുണ്ടാകുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഗ്രാമപഞ്ചായത്തുകളിൽ കോൺഗ്രസ്സും ബിജെപിയും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നതിന് തെളിവുകളുണ്ടെന്നും കോടിയേരി പറഞ്ഞു.

തിരുവനന്തപുരം ജില്ലയിലെ മലയിന്‍കീഴ്‌ കോട്ടുകാല്‍, വയനാട്ടിലെ തരിയോട്‌ ഗ്രാമപഞ്ചായത്തുകളിലും എല്‍ഡിഎഫ്‌ ഭരണത്തെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരിക്കുകയാണ്‌. കോണ്‍ഗ്രസ്സും ബിജെപിയും ചേര്‍ന്നുകൊണ്ടാണ്‌ തിരുവനന്തപുരത്തെ രണ്ട്‌ പഞ്ചായത്തുകളിലും അവിശ്വാസം പാസ്സാക്കിയത്‌. തരിയോട്‌ കോണ്‍ഗ്രസ്‌, മുസ്ലീംലീഗ്‌, ബിജെപി പാര്‍ട്ടികൾ ചേര്‍ന്നുകൊണ്ടാണ്‌ എല്‍ഡിഎഫിനെ പുറത്താക്കിയത്‌. കേരളത്തില്‍ രൂപപ്പെട്ടുവരുന്ന അവിശുദ്ധ കൂട്ടുകെട്ടിന്റെ തുടക്കമാണിത്‌. ഇടതുപക്ഷത്തിനെതിരെ ആര്‍എസ്‌എസ്‌ എവിടേയും കോണ്‍ഗ്രസ്സുമായി നിര്‍ലജ്ജം കൈകോര്‍ക്കുകയാണ്‌.

ശബരിമല ക്ഷേത്രത്തിലെ യുവതീ പ്രവേശനത്തിന്റെ മറവില്‍ കോണ്‍ഗ്രസ്സും ബിജെപിയും യോജിച്ചും അല്ലാതെയും നടത്തിയ സമരങ്ങള്‍ ഇരുപാര്‍ട്ടികളെയും എവിടെ കൊണ്ടെത്തിച്ചുവെന്ന്‌ തെളിയിക്കുന്ന കൂട്ടുകെട്ടുകളാണ്‌ ഗ്രാമപഞ്ചായത്തുകളില്‍ രൂപപ്പെട്ടു വരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഈ പഞ്ചായത്തുകളില്‍ ഇപ്പോള്‍ അവിശ്വാസ പ്രമേയം നല്‍കേണ്ട പ്രത്യേക ഒരു സംഭവവുമുണ്ടായിട്ടുമില്ല. ശബരിമല പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ആര്‍എസ്‌എസ്‌ നടത്തിയ ഹര്‍ത്താലില്‍ ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ നടത്തിയ മലയിന്‍കീഴാണ്‌ ബിജെപിയും കോണ്‍ഗ്രസ്സും തമ്മില്‍ മുന്നണിയുണ്ടാക്കിയിരിക്കുന്നത്‌. ലോകസഭാ തെരഞ്ഞെടുപ്പ്‌ പടിവാതിക്കല്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തിലാണ്‌ ഇത്തരം കൂട്ടുകെട്ടുകള്‍ ഗ്രാമപഞ്ചായത്തുകളില്‍ രൂപം കൊള്ളുന്നത്‌. കോണ്‍ഗ്രസ്സുകാര്‍ ആര്‍എസ്‌എസ്സിന്‌ വിധേയപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവരായി കേരളത്തില്‍ മാറിക്കൊണ്ടിരിക്കുന്നുവെന്നാണ്‌ ഇത്‌ തെളിയിക്കുന്നത്‌.

കേരളത്തിലെ കോണ്‍ഗ്രസ്‌ ഘടകത്തില്‍ ആര്‍എസ്‌എസ്സിന്റെ സ്വാധീനം ഏറിവരികയാണ്‌. ഇതിന്റെ ഭാഗമായാണ്‌ ഇത്തരമൊരു അവിശുദ്ധ കൂട്ടുകെട്ട്‌ വ്യാപകമായിക്കൊണ്ടിരിക്കുന്നത്‌. കെപിസിസി പ്രസിഡന്റ്‌ ബിജെപി സര്‍ക്കാരിനെതിരെ യാത്ര നടത്തുന്ന സന്ദര്‍ഭത്തിലാണ്‌ ഇത്തരം കൂട്ടുകെട്ടുകള്‍ പലയിടത്തും വ്യാപിച്ചു കൊണ്ടിരിക്കുന്നത്‌. കെപിസിസി അംഗീകരിച്ച നയത്തിന്റെ ഭാഗമാണോ ഇത്തരം കൂട്ടുകെട്ടുകളെന്ന്‌ നേതൃത്വം വ്യക്തമാക്കണം. ബിജെപിയുമായി തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ വളര്‍ന്നുവരുന്ന കൂട്ടുകെട്ട്‌ 1991 ലെ ലോകസഭാ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ കോലിബി സഖ്യത്തിന്റെ മറ്റൊരു രൂപമാണെന്നും കോടിയേരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍