UPDATES

സിനിമാ വാര്‍ത്തകള്‍

കോട്ടയം നസീർ തന്റെ സിനിമ കോപ്പിയടിച്ചെന്ന് സുദേവൻ; ‘അനുകരണകല’യിൽ ഭാവി ശോഭനമാകട്ടെയെന്ന് ആശംസ

മിമിക്രി താരവും നടനുമായ കോട്ടയം നസീർ സംവിധാനം ചെയ്ത ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വസിനിമ സംവിധായകൻ സുദേവന്റെ ‘അകത്തോ പുറത്തോ’ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗം അതേപടി കോപ്പിയടിച്ചതാണെന്ന് ആരോപണം. സംവിധായകൻ ഡോ. ബിജുവും പിന്നാലെ സുദേവനും ഈ ആരോപണമുന്നയിച്ച് രംഗത്തെത്തി. കുട്ടിച്ചന്റെ ‘പ്രമേയം മാത്രമല്ല ക്യാമറ ആംഗിൾ , ട്രീറ്റ്മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി’യാണെന്ന് ഡോ ബിജു തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. സുദേവൻ നിയമപരമായി ഇതിനെ കൈകാാര്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

തന്റെ സിനിമയുടെ ആശയവും പരിചരണരീതിയും അതേപടി കോപ്പിയടിച്ചതായാണ് തനിക്ക് തോന്നിയതെന്ന് സുദേവൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. ‘അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു’ എന്നും സുദേവൻ കുറിച്ചു.

ഡോ. ബിജു എഴുതിയ കുറിപ്പ്

”കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതി ഉണ്ട്. ചെറിയ ഇൻഡിപെൻഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകൾ ഉണ്ടാക്കുക എന്ന രീതി. ലോക ക്ളാസ്സിക്കുകൾ വരെ സബ്ജക്ട് കോപ്പിയടിച്ചുണ്ടാക്കിയ സിനിമകളും ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മേലോഡ്രാമ കുത്തി നിറച്ചു കയ്യടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതാ ഇപ്പോൾ അതിൽ പുതിയൊരു അതിക്രമം .
കുട്ടിച്ചൻ എന്ന ഒരു ഷോർട്ട് ഫിലിം .കോട്ടയം നസീർ ആണ് സംവിധാനം. പ്രചാരണത്തിന് സൂപ്പർ താരങ്ങളും ഒപ്പമുണ്ട്. സുദേവന്റെ ഏറെ ശ്രദ്ധേയമായ “അകത്തോ പുറത്തോ” എന്ന ചിത്രത്തിലെ “വൃദ്ധൻ” എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്നു. പ്രമേയം മാത്രമല്ല ക്യാമറ ആംഗിൾ , ട്രീറ്റ്മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പി..സ്വന്തമായി സർഗ്ഗാത്മകത ഇല്ലെങ്കിൽ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ. ഇമ്മാതിരി മോഷണത്തിന് ഇറങ്ങണോ. സുദേവൻ തീർച്ചയായും നിയമപരമായി നീങ്ങണം. ഇത് നഗ്നമായ കോപ്പിയടി ആണ്. സുദേവൻ എത്ര മനോഹരമായി പൊളിറ്റിക്കൽ ആയി ചിത്രീകരിച്ച ഒരു സെഗ്‌മെന്റ്റ് ആണ് “വൃദ്ധൻ”. അത് എടുത്തു കട്ട പൈങ്കിളി ആയി ഒരു ഷോർട്ട് ഫിലിം എടുത്തു എന്നതാണ് മോഷണത്തെക്കാൾ മോശമായി കോട്ടയം നസീർ ചെയ്‌ത അതിക്രമം. കുട്ടിച്ചന്റെ ലിങ്ക് യൂട്യൂബിൽ ഉണ്ടാകും. (അത് ഇവിടെ ഇട്ട് മോഷണ വൈകൃതത്തെ പ്രോത്സാഹിപ്പിക്കാൻ ഉദ്ദേശമില്ല ) അകത്തോ പുറത്തോ കണ്ടവർക്ക് ആദ്യ ഷോട്ടിൽ.തന്നെ കാര്യം തിരിയും….”

സുദേവൻ എഴുതിയ കുറിപ്പ്

”ശ്രീ :കോട്ടയം നസീർ അറിയുവാൻ .
അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം . അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു .
താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചൻ ‘ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത് . പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച ”അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ..ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് ..ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല …എന്ന് വിചാരിക്കുന്നു. എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍