UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലിഗയുടെ മരണം ശ്വാസം തടസ്സപ്പെട്ടെന്ന് ഡോക്ടർമാർ; ലൈംഗികാതിക്രമം നടന്നിട്ടില്ല; കൊലപാതകമാണെന്ന വാദത്തിലുറച്ച് ബന്ധുക്കൾ

മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം തല വേർപെട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. തല മുറിഞ്ഞതല്ലെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും പറഞ്ഞിട്ടുണ്ട്.

തിരുവനന്തപുരത്ത് വിദേശവനിത ലിഗ മരിച്ച സംഭവത്തിൽ ദുരൂഹത വര്‍ധിക്കുന്നു. മരണം ശ്വാസം മുട്ടിയാകാമെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഇത് അന്തിമനിഗമനമല്ല. പൊലീസിനെ ഡോക്ടർമാർ അനൗദ്യോഗികമായി അറിയിച്ചതാണ് ഇക്കാര്യം.

രണ്ടുദിവസമെടുക്കും ഡോക്ടർമാർക്ക് അന്തിമ നിഗമനത്തിലെത്താനെന്നാണ് അറിയുന്നത്. ലൈംഗികാതിക്രമം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. പരശോധനാഫലങ്ങൾ വൈകുന്നതാണ് കാരണം. മൃതദേഹം അഴുകിയിരുന്നതിനാൽ നിഗമനങ്ങളിലെത്താൻ സമയമെടുക്കുന്നതാണ്.

കൊലപാതകമാണന്ന വാദത്തിൽ ബന്ധുക്കൾ ഉറച്ചു നിൽക്കുന്നതിന് കാരണം ഇവയാണ്: സ്ഥലപരിചയമില്ലാത്ത ലിഗ കണ്ടൽക്കാടിനുള്ളിൽ എങ്ങനെയെത്തി?, ലിഗയെ കാണാതാകുമ്പോൾ ധരിച്ചിട്ടില്ലാത്ത ജാക്കറ്റ് മൃതദേഹത്തിൽ എങ്ങനെ വന്നു?, മൃതദേഹത്തിന്റെ കഴുത്ത് വേർപെട്ടതെങ്ങനെ?

എന്നാൽ വിദേശ ടൂറിസ്റ്റുകൾ ഈ കണ്ടൽക്കാട്ടിലേക്ക് വള്ളത്തിലൂടെയും നടന്നും വരാറുണ്ടെന്ന് പൊലീസ് പറയുന്നു. ലിഗ ആത്മഹത്യ ചെയ്യാനുറച്ച് കാട്ടിലേക്ക് വന്നതാകാമെന്നാണ് പൊലീസിന്റെ നിഗമനം. ലിഗ ഓട്ടോയിൽ കോവളത്ത് ചെന്നിറങ്ങിയ സ്ഥലത്തു നിന്ന് അരമണിക്കൂര്‍ നടന്നാൽ ഈ സ്ഥലത്തെത്താം.

ലിഗയുടെ ശരീരത്തിൽ കണ്ടെത്തിയ ജാക്കറ്റിൽ ‘മേഡ് ഇൻ ചൈന’ എന്നെഴുതിയിട്ടുണ്ട്. ഇത്തരം ജാക്കറ്റുകൾ കോവളത്തെ കടകളിൽ തന്നെ കിട്ടാനുണ്ട്. അതെപ്പറ്റി അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറയുന്നു.

മൃതദേഹത്തിന്റെ കാലപ്പഴക്കം മൂലം തല വേർപെട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. തല മുറിഞ്ഞതല്ലെന്ന് പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടറും പറഞ്ഞിട്ടുണ്ട്. ഇക്കാരണത്താൽ ഈ വിഷയത്തിൽ ദുരൂഹതയില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍