ആലങ്കോട് വില്ലേജോഫീസിലെ ചില്ല വെട്ടിമാറ്റലിന് ഇരയായി നിലത്തുവീണ് പരിക്കേറ്റ നീർക്കാക്ക മരിച്ചു. കാളികാവ് റെയ്ഞ്ച് ഓഫീസിൽ തീവ്രപരിചരണത്തിലായിരുന്നു ഈ കാക്ക. ജീവനോടെ രക്ഷപ്പെട്ട രണ്ട് നീർക്കാക്കകളെ ഫോറസ്റ്റ് ഓഫീസർമാർ പറത്തിവിട്ടിരുന്നു.
സെപ്തംബർ മാസത്തിലാണ് ചങ്ങരംകുളത്തെ ആലങ്കോട് വില്ലേജോഫീസിൽ നടന്ന പക്ഷി കൂട്ടക്കൊല വാര്‍ത്തയായത്. വില്ലേജോഫീസിനു മുമ്പിൽ നിന്നിരുന്ന മരങ്ങളിൽ കൂടുകൂട്ടിയ ദേശാടനപ്പക്ഷികൾ കാഷ്ഠിക്കുന്നതിന് ‘പരിഹാര’മായി വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ കൂട്ടക്കൊല നടത്തുകയായിരുന്നു.
വില്ലേജോഫീസർ അടക്കമുള്ളവർക്കെതിരെ കേസ്സെടുത്തിരുന്നു. കേസിൽ വില്ലേജ് ഓഫിസ് ഉദ്യോഗസ്ഥർക്കെതിരെ വൈകാതെ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയുന്നത്.
പല പ്രായത്തിലുള്ള കൊക്കുകളും നീർക്കാക്കളുമായി 89 പക്ഷിക്കുഞ്ഞുങ്ങളെ വനംവകുപ്പ് സ്ഥലത്തുനിന്ന് കണ്ടെടുത്ത് സംരക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. ഇവയെ തൃശ്ശൂർ മൃഗശാലയിലും വെറ്ററിനറി കോളജിലും എത്തിച്ചെങ്കിലും അധികൃതർ ഏറ്റെടുത്തില്ല. മൃഗശാലയ്ക്കെതിരെ വനംവകുപ്പ് നൽകിയ ഹർജി കോടതി തള്ളുകയും ചെയ്തു. ഈ കാലയളവിൽ പക്ഷികൾ മിക്കതും ചത്തൊടുങ്ങുകയായിരുന്നു.
ചങ്ങരംകുളം വില്ലേജ് ഓഫീസർ പക്ഷികളെ കൂട്ടക്കൊല ചെയ്ത സംഭവം: പ്രതിഷേധം ശക്തമാകുന്നു