UPDATES

ട്രെന്‍ഡിങ്ങ്

തമിഴ്നാട് പൊലീസ് അറിയാതെ ചെന്നൈയിൽ നിന്നും ‘വട്ടി രാജ’യെ പൊക്കിയത് ഇങ്ങനെ

കോടതിയിൽ മജിസ്ട്രേറ്റും പബ്ലിക് പ്രോസിക്യൂട്ടറും തമ്മിൽ വാക്കേറ്റം. വട്ടിരാജ ഇപ്പോൾ പത്തു ദിവസത്തെ കസ്റ്റഡിയിൽ.

കേരളത്തിൽ 500 കോടിയിലധികം രൂപ കൊള്ളപ്പലിശയ്ക്ക് നൽകിയ തമിഴ്നാട് സ്വദേശി മഹാരാജ പി മഹാദേവനെ അതി സാഹസികമായാണ് പൊലീസ് പിടികൂടിയത്. ചെന്നൈയില്‍ നേരിട്ടു ചെന്ന് മഹാദേവൻ താമസിക്കുന്ന സ്ഥലത്തിനു സമീപം തങ്ങുകയായിരുന്നു പള്ളുരുത്തി ഇൻസ്പെക്ടർ കെജി അനീഷും എളമക്കര എസ്ഐ എസ് പ്രംകുമാറും അടങ്ങുന്ന എട്ടംഗ സംഘം. വൻ ഗുണ്ടാസംഘത്തിന്റെ വലയത്തിലാണ് മഹാദേവൻ എപ്പോഴും സഞ്ചരിക്കുക എന്നതിനാൽ അറസ്റ്റ് എളുപ്പമായിരുന്നില്ല. തമിഴ്നാട് പൊലീസിനെ അറിയിച്ചാൽ മഹാദേവൻ രക്ഷപ്പെടുമെന്നും ഉറപ്പായിരുന്നു. ജീവൻ പണയം വെച്ചുള്ള നീക്കമാണ് കേരള പൊലീസ് നടത്തിയത്.

രണ്ടുമാസം മുമ്പ് ഇയാളെ പൊലീസ് പിടികൂടിയിരുന്നു. തമിഴ്നാട്ടിൽ നിന്ന് റോഡുമാർഗം കേരളത്തിലേക്ക് കൊണ്ടുവരുന്ന വഴി കോയമ്പത്തൂരിൽ വെച്ച് ഇയാളെ ഗുണ്ടകളെത്തി രക്ഷപ്പെടുത്തുകയായിരുന്നു. തമിഴ്നാട് പൊലീസിന്റെയും രാഷ്ട്രീയക്കാരുടെയും സഹായമുള്ള ഇയാളെ പിടികൂടി കേരളത്തിലെത്തിക്കുക പ്രയാസമാണെന്ന് തിരിച്ചറിഞ്ഞ് മറ്റൊരു പദ്ധതി തയ്യാറാക്കിയാണ് പൊലീസ് ഇത്തവണ പോയത്.

ചെന്നൈയിലെ വിരുതംപാക്കം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഇയാളുടെ ആഡംബര വീട്. വിഐപികൾ താമസിക്കുന്ന സ്ഥലത്തെ ഈ വീടിന് സദാസമയവും കാവലുണ്ട്. അഞ്ച് ദിവസത്തോളം മഹാദേവന്റെ നീക്കങ്ങള്‍ പൊലീസ് നിരീക്ഷിച്ചു. പ്രതിക്കൊപ്പം ഗുണ്ടകളില്ലാത്ത സമയം നോക്കിയായിരുന്നു പൊലീസിന്റെ നീക്കം. ഉച്ചയോടെ വീട്ടിൽ നിന്ന് തൊട്ടടുത്ത ജങ്ഷനിലേക്ക് ഇറങ്ങുകയായിരുന്ന മഹാദേവന്റെ കാറിനു കുറുകെ പൊലീസ് തങ്ങളുടെ കാർ നിറുത്തി. മഹാദേവനെ പിടികൂടുന്നതിനിടെ അനുയായികളും ഭാര്യയും മക്കളുമെല്ലാം തടയാനെത്തി. ഇതോടെ പൊലീസ് ആകാശത്തേക്ക് ഒരു റൗണ്ട് വെടി വെച്ചു.

പിടികൂടിയ ശേഷം വിമാനത്താവളത്തിലേക്ക് പോകാൻ തമിഴ്നാട് പൊലീസിന്റെ സഹായം ആവശ്യമായിരുന്നു. ഇതിനായി കേരളത്തിലെ പൊലീസ് ഉന്നതരാണ് തമിഴ്നാട് പൊലീസിനെ ബന്ധപ്പെട്ടത്. ഇതോടെ എയർപോർട്ടിലേക്ക് പോകാനുള്ള സംരക്ഷണം ലഭിച്ചു. എയർപോർട്ടിലെത്തും വരെയും മഹാദേവന്റെ അനുയായികൾ പൊലീസ് വാഹനത്തെ പിന്തുടരുന്നുണ്ടായിരുന്നു.

സെപ്തംബർ 30ന് രാവിലെ ആറു മണിയോടെ കരിപ്പൂർ വിമാനത്താവളത്തിൽ പൊലീസ് മഹാദേവനെ എത്തിച്ചു. ഞായറാഴ്ചയായതിനാൽ തോപ്പുംപടിയിലെ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്-2ന്റെ വീട്ടിലാണ് ആദ്യം ഹാജരാക്കിയത്. കോടതി ഉടൻ ജാമ്യം അനുവദിച്ചതോടെ പൊലീസ് വെട്ടിലായി. അതിസാഹസികമായി പിടികൂടിയ പ്രതിയെ ഉപാധികളില്ലാതെയാണ് ഒറ്റദിവസത്തെ ജാമ്യത്തിൽ വിട്ടത്. ഒരു മുൻകൂർ ജാമ്യം നിലനിൽക്കുന്നുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ അന്ന് ഹാജരായിരുന്നില്ല. എപിപിയുടെ അസാന്നിധ്യത്തിലാണ് ജാമ്യാപേക്ഷ അനുവദിച്ചത്.

തിങ്കളാഴ്ച ഹാജരാകണമെന്ന നിർദ്ദേശത്തോടെയാണ് പ്രതിക്ക് ഒരു ദിവസത്തെ മുൻകൂർ ജാമ്യം അനുവദിച്ചത്. ഇതനുസരിച്ച് തിങ്കളാഴ്ച ഹാജരായ പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് വാദമുയർന്നു. എന്നാൽ പത്തുദിവസത്തിനുള്ള അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകണമെന്ന ഉപാധി മുൻകൂർ ജാമ്യം അനുവദിച്ച ഹൈക്കോടതി വെച്ചിരുന്നെന്നും ഇത് നടപ്പാകാതിരുന്നതിനാൽ പ്രസ്തുത ജാമ്യം നിലനിൽക്കുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടർ വാദിച്ചു. തുടർന്ന് കോടതി പൊലീസിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചു. 10 ദിവസത്തെ കസ്റ്റഡിയിൽ വിടുകയും ചെയ്തു. മൂന്നു ദിവസത്തെ കസ്റ്റഡി മാത്രമേ ആവശ്യമുള്ളൂ എന്ന പ്രതിഭാഗം വക്കീലിന്റെ വാദത്തെ കോടതി തള്ളി.

പ്രതിയെ പൊലീസിനൊപ്പം വിട്ടതിനു ശേഷം മജിസ്ട്രേറ്റും എപിപിയും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്ക് സംസാരിക്കണമെന്നു പറഞ്ഞ് എഴുന്നേറ്റ പ്രോസിക്യൂട്ടറെ അതിന് മജിസ്ട്രേറ്റ് അനുവദിച്ചില്ല. എന്നാൽ പൊലീസ് ജീവൻ പണയം വെച്ച് പിടികൂടി കൊണ്ടുവന്ന പ്രതിയുടെ കാര്യത്തിൽ സർക്കാരിന്റെ ഭാഗം കേൾക്കാൻ തയ്യാറാകണമെന്ന് പ്രൊസിക്യൂട്ടർ പറഞ്ഞപ്പോൾ കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കാനാകില്ലെന്നായിരുന്നു മറുപടി. കസ്റ്റഡി അനുവദിച്ചതിനാൽ ഇനി വാദത്തിന് പ്രസക്തിയില്ലെന്നും മജിസ്ട്രേറ്റ് പറഞ്ഞു. ഇതെത്തുടർന്ന് ഇരുവരും വാക്കേറ്റമുണ്ടാകുകയും ജഡ്ജി ഇരിപ്പിടം വിട്ട് ചേംബറിലേക്ക് പോകുകയും ചെയ്തു.

പള്ളുരുത്തി സ്വദേശി ഫിലിപ്പിന്റെ പരാതിയിലാണ് മഹാരാജിനെ അറസ്റ്റ് ചെയ്തത്. തന്റെ ആഡംബര കാർ പണയം വച്ച് ഫിലിപ്പ് 45 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഈ തുക തിരിച്ചു നൽകിയിട്ടും കാർ തിരിച്ചു കിട്ടിയില്ല. ഇതേ കേസിൽ മഹാദേവന്റെ അനുയായികളായ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു. കേരളത്തിൽ നിവധി പേർ ഇയാളുടെ കെണിയിൽ കുടുങ്ങിയിട്ടുണ്ട്. ഓപ്പറേഷൻ കുബേരയുടെ കാലത്ത് ഇയാളുടെ കുറെ അനുയായികൾ കുടുങ്ങിയിരുന്നെങ്കിലും വീണ്ടും ബിസിനസ്സ് തഴച്ചു. സമ്പന്നരാണ് രാജയുടെ ഉപഭോക്താക്കളിൽ അധികവും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍