UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലയരയർ മകരവിളക്ക് പിടിച്ച് അകലെ നിൽക്കേണ്ടവരല്ല; രാഹുൽ ഈശ്വർ തെറ്റിദ്ധരിപ്പിക്കുന്നെന്ന് ഐക്യമലയരയ മഹാസഭാ നേതാവ് പികെ സജീവ്

രാഹുൽ ഈശ്വർ മലയരയരെയും സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ഐക്യമലയരയ സഭ സംസ്ഥാന ജനറൽ സെക്രട്ടറി പികെ സജീവ്. മകരവിളക്ക് കത്തിക്കാനുള്ള അവകാശം മലയരയർക്ക് നൽകണമെന്ന രാഹുൽ ഈശ്വറിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മലയരയരുടെ ക്ഷേത്രത്തിൽ എന്ത് കത്തിക്കണമെന്ന് അവർ തീരുമാനിക്കുമെന്നും അതിൽ രാഹുൽ ഈശ്വറിന് എന്താണ് കാര്യമെന്നും പികെ സജീവ് ചോദിച്ചു.

മലയരയർക്ക് മകരവിളക്ക് തെളിയിക്കാനുള്ള അവകാശം തിരികെ നൽകണമെന്നാണ് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അയ്യപ്പ ധർമസേനാ സമിതി അധ്യക്ഷൻ രാഹുൽ ഈശ്വർ പ്രസ്താവിച്ചത്. ഈ അവകാശം അവർക്ക് തിരികെ നൽകുമെന്ന് രണ്ടുവർഷം മുമ്പ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉറപ്പ് നൽകിയിരുന്നതാണെന്നും അത് പാലിക്കാൻ തയ്യാറാകണമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടിരുന്നു. ചീരപ്പൻചിറ ഈഴവ സമുദായ കളരിക്ക് ശബരിമലയിൽ ‘വഴിപാടിനുള്ള അവകാശം’ ഉണ്ടെങ്കിൽ അതും അനുവദിച്ച് നൽ‍കണമെന്നും അദ്ദേഹം പറയുകയുണ്ടായി.

രാഹുൽ ഈശ്വറിന്റെ ബന്ധുക്കൾ തങ്ങളുടെ ക്ഷേത്രത്തിൽ തന്ത്രി ജോലി ചെയ്യുന്നവരാണെന്ന് പികെ സജീവ് അഴിമുഖത്തോട് വിശദീകരിച്ചു. അവിടുത്തെ ആരാധനാക്രമം എന്തായിരിക്കണമെന്ന് തന്ത്രിജോലി ചെയ്യുന്നവർ തീരുമാനിക്കേണ്ടതില്ല. അത് ക്ഷേത്രത്തിന്റെ യഥാർത്ഥ അവകാശികൾ തീരുമാനിക്കും. മകരവിളക്ക് പിടിച്ച് അകലെ നിൽക്കേണ്ടവരല്ല മലയരയർ.

ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്ന് ചരിത്രബോധമുള്ളവരെല്ലാം അംഗീകരിച്ച വസ്തുതയാണെന്ന് ചരിത്രഗവേഷകൻ കൂടിയായ പികെ സജീവ് പറഞ്ഞു. ക്ഷേത്രത്തിലെ ഇതര അവകാശങ്ങൾ നൽകാമെന്നു പറഞ്ഞ് മലയരയരെ തെറ്റിദ്ധരിപ്പിക്കാമെന്ന് കരുതരുത്. ഇത്രയും കാലം മലയരയരെ തെറ്റിദ്ധരിപ്പിക്കാൻ ഇവർക്കെല്ലാം സാധിച്ചിരുന്നുവെന്നും അത് ഇനിയും തുടരാമെന്ന് കരുതരുതെന്നും അദ്ദേഹം പ്രതികരിച്ചു.

ശബരിമല: മലയരയർക്ക് മകരവിളക്ക് തെളിയിക്കാനുള്ള അവകാശം നൽകണമെന്ന് രാഹുൽ ഈശ്വർ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍