UPDATES

ട്രെന്‍ഡിങ്ങ്

മരട് അപകടം: കുളത്തിന് സംരക്ഷണഭിത്തി വേണമെന്ന ആവശ്യം നഗരസഭ അവഗണിച്ചു; വാഹനത്തിന്റെ ഫിറ്റ്നെസ് സംശയിച്ച് നാട്ടുകാർ

റോഡരികിലുള്ള പുല്ലിലൂടെ ടയറുകൾ‌ നീങ്ങിയപ്പോൾ വഴുതലുണ്ടായതാകാം കുളത്തിലേക്ക് മറിഞ്ഞതിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു.

മരടിൽ കുട്ടികളുമായി പോയ എസ്‍‌യുവി മറിഞ്ഞ് അപകടമുണ്ടായ കുളത്തിന് സംരക്ഷണ ഭിത്തി കെട്ടണമെന്നത് ദീർഘകാലമായി തങ്ങൾ നഗരസഭയോട് ആവശ്യപ്പെട്ടു വരുന്നതാണെന്ന് നാട്ടുകാർ. കുട്ടികളുടെയും ആയയുടെയും മരണം സംഭവിച്ചത് വെള്ളത്തിൽ മുങ്ങിയാണ്. സംരക്ഷണഭീത്തിയുണ്ടായിരുന്നെങ്കിൽ അപകടത്തിന്റെ തീവ്രത കുറയുമായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.

മരട് കാട്ടിത്തറ റോ‍ഡിൽ ഹരിശ്ചന്ദ്രൻ ലെയിനിൽ അയിനി ക്ഷേത്രത്തിനോട് ചേർന്നുള്ള റോഡിലാണ് അപകടമുണ്ടായത്. വളരെ വീതി കുറഞ്ഞ റോഡാണിത്. രണ്ടു വണ്ടികൾക്ക് ഒരേസമയം അങ്ങോട്ടുമിങ്ങോട്ടും പോകാൻ പറ്റാത്ത വിധത്തിൽ ഇടുങ്ങിയ ഈ റോഡിനരികിലുള്ള കുളത്തിലേക്കാണ് കുട്ടികളുമായി പോകുകയായിരുന്ന എസ്‍യുവി മറിഞ്ഞത്. വൈകീട്ട് മൂന്നേമുക്കാലോടെയായിരുന്നു അപകടം.

അയിനി ക്ഷേത്രത്തിനടുത്തുള്ള ഈ കുളത്തിന് ഒരു സംരക്ഷണഭിത്തി കെട്ടണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമാണ്. മുമ്പൊരിക്കൽ സമാനമായ അപകടം നടന്നപ്പോൾ നാട്ടുകാർ നഗരസഭയെ സമീപിച്ച് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് അവഗണിക്കപ്പെട്ടെന്ന് നാട്ടുകാർ പറയുന്നു.

മരിച്ച കുട്ടികളിലൊരാളായ വിദ്യാലക്ഷ്മിയെ വീട്ടിലാക്കാൻ വേണ്ടിയാണ് വണ്ടി ഈ വഴിയിലേക്ക് വന്നത്. റോഡരികിലുള്ള പുല്ലിലൂടെ ടയറുകൾ‌ നീങ്ങിയപ്പോൾ വഴുതലുണ്ടായതാകാം കുളത്തിലേക്ക് മറിഞ്ഞതിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. വാഹനത്തിന്റെ ടയറുകളും ശോചനീയാവസ്ഥയും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നുണ്ട്. നനവുള്ള പുൽത്തകിടിയിൽ ട്രെഡ് പൂർണമായും തേഞ്ഞു തീർന്ന ടയറുകൾ വഴുക്കിയതാകാമെന്നാണ് നാട്ടുകാർ പറയുന്നത്.

വാഹനം മറിഞ്ഞത് ആദ്യം കണ്ടത് മുകേഷ് എന്ന ചെറുപ്പക്കാരനാണ്. ഇദ്ദേഹം സമീപവാസികളെയെല്ലാം വിളിച്ചുകൂട്ടി. രക്ഷാപ്രവർത്തനം ഉടൻ തുടങ്ങിയെങ്കിലും ഡോറുകളെല്ലാം അകത്തു നിന്ന് ലോക്ക് ചെയ്തതിനാൽ ഉടനെ ആരെയും പുറത്തെടുക്കാനായില്ല. ചില്ലുകൾ തകർത്താണ് എല്ലാവരെയും പുറത്തെടുത്തത്. കുട്ടികളെ രക്ഷിക്കുന്ന തിരക്കിൽ‌ പെട്ടവർ ആയയെ ശ്രദ്ധിച്ചില്ല. ഇവരെ അവസാനം പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.

ചെളി നിറഞ്ഞ കുളത്തില്‍ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. കുട്ടികൾ പലരും ചെളിയില്‍ പൂഴ്ന്ന് ബോധരഹിതരായിരുന്നു. ഡ്രൈവർ ബാബുവും രക്ഷാപ്രവർത്തനത്തിനൊപ്പം ഉണ്ടായിരുന്നു. ബോധരഹിതരായ കുട്ടികളെ ഉടനെ പിവിഎസ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ സമീപത്തെ ആശുപത്രികളിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

ദേശീയപാതയിൽ നിന്ന് ഏറെ ഉള്ളിലാണ് അപകടം നടന്നത് എന്നതിനാൽത്തന്നെ പൊലീസിന് സ്ഥലത്തെത്തിപ്പെടാനും കുട്ടികളെ ആശുപത്രിയിലെത്തിക്കാനുമെല്ലാം സമയമെടുത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍