UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ്: ബിജെപി ഹാട്രിക് വിജയത്തിലേക്ക്, ആം ആദ്മി രണ്ടാം സ്ഥാനത്ത്

കഴിഞ്ഞ 10 വര്‍ഷമായി ബിജെപിയാണ് ഡല്‍ഹി മുന്‍സിപല്‍ കോര്‍പറേഷന്‍ ഭരിക്കുന്നത്

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പിലും ബി.ജെ.പി വന്‍ വിജയത്തിലേക്കെന്ന് സൂചനകള്‍. രാവിലെ എട്ടു മണിക്കാരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യഫലങ്ങള്‍ വരുമ്പോള്‍ മൂന്നു മുന്‍സിപ്പാലിറ്റികളിലും ബിജെപിയാണ് മുന്നില്‍. ഉച്ചയോടെ പൂര്‍ണഫലം പുറത്തുവരുമെന്നാണ് കരുതുന്നത്. എംസിഡി നോര്‍ത്ത്, എംസിഡി സൗത്ത്, എംസിഡി ഈസ്റ്റ് എന്നീ മൂന്ന്‍ കോര്‍പ്പറേഷനുകളാണ് ഉള്ളത്. മൂന്നിലും ബിജെപി വലിയ വിജയമാണ് നേടിയത്. തുടക്കത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ആം ആദ്മി പാര്‍ട്ടി വോട്ടെണ്ണല്‍ പുരോഗമിച്ചപ്പോള്‍ കോണ്‍ഗ്രസിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തി. എന്നാല്‍ ബിജെപിയെക്കാള്‍ ഏറെ പിന്നിലാണ്.

നിലവിലെ ലീഡ് നില:

എംസിഡി നോര്‍ത്ത് ബിജെപി 64
എഎപി 21
കോണ്‍ഗ്രസ് 16

എംസിഡി സൗത്ത്
ബിജെപി 68
എഎപി 16
കോണ്‍ഗ്രസ് 12

എംസിഡി ഈസ്റ്റ്
ബിജെപി 48
എഎപി 9
കോണ്‍ഗ്രസ് 2

നേരത്തെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ബി.ജെ.പിക്ക് വിജയം പ്രവചിച്ചിരുന്നു. ആകെയുളള 270 സീറ്റില്‍ ബി.ജെ.പി 200-ലേറെ സീറ്റുകള്‍ നേടുമെന്നായിരുന്നു പ്രവചനം. എന്നാല്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ആം ആദ്മി പാര്‍ട്ടി പുറത്തുവിട്ട അവരുടെ ആഭ്യന്തര കണക്കില്‍ തങ്ങള്‍ 212 സീറ്റുകള്‍ വരെ നേടുമെന്ന് അവകാശപ്പെട്ടിരുന്നു.

2012-ല്‍ 272 സീറ്റില്‍ 138 സീറ്റുകള്‍ നേടിയ ബി.ജെ.പിയാണ് കഴിഞ്ഞ 10 വര്‍ഷമായി ഡല്‍ഹി മൂന്‍സിപ്പല്‍ കോര്‍പറേഷന്‍ ഭരിക്കുന്നത്. ഇത്തവണ ശക്തമായ ത്രികോണ മത്സരം നടന്നെങ്കിലും യു.പി തെരഞ്ഞെടുപ്പ് വിജയത്തിന്റെ ബാക്കിയെന്നോണം ബി.ജെ.പി ഡല്‍ഹിയിലും കുതിപ്പ് തുടരുകയാണ് എന്നാണ് സൂചനകള്‍.

രണ്ടുവര്‍ഷമായ കെജ്‌രിവാള്‍ സര്‍ക്കാരിന്റെ വിലയിരുത്തലായിരിക്കും എം.സി.ഡി തെരഞ്ഞെടുപ്പ് ഫലങ്ങള്‍ എന്നായിരുന്നു ബി.ജെ.പിയുടെ പ്രചരണം. മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് ആയിരുന്നെങ്കിലും ബി.ജെ.പിയുടെ ദേശീയ നേതാക്കള്‍ തന്നെ ഇവിടെ പ്രചരണത്തിന് ഇറങ്ങിയിരുന്നു.

നരേന്ദ്ര മോദിയെ ലക്ഷ്യമിട്ടായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ പ്രചരണങ്ങള്‍. എന്നാല്‍ ഇവ വിജയിച്ചിട്ടില്ലെന്നും ജനം ബി.ജെ.പിയില്‍ തന്നെ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു എന്നുമാണ് ആദ്യഫലസൂചനകള്‍ വ്യക്തമാക്കുന്നത്. മുന്‍സിപ്പാലിറ്റിയില്‍ ശക്തമായ അടിത്തറയുള്ള കോണ്‍ഗ്രസ് ഡല്‍ഹിയില്‍ ഒരു തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും അടിപതറുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണാനാകുന്നത്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങലായിരിക്കും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം എന്നായിരുന്നു ബിജെപി അധ്യക്ഷന്‍ അമിത് ഷാ നേരത്തെ പറഞ്ഞിരുന്നത്. കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ 70-ല്‍ 67 സീറ്റും ആം ആദ്മി പാര്‍ട്ടി നേടിയപ്പോള്‍ ബിജെപിക്ക് കിട്ടിയത് വെറും രണ്ടു സീറ്റായിരുന്നു. എന്നാല്‍ 2014-ലെ ലോക് സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഇവിടെ നിന്നുള്ള ഏഴു ലോക്സഭാ സീറ്റുകളിലും വിജയിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍