UPDATES

ട്രെന്‍ഡിങ്ങ്

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും: കടൽ പ്രക്ഷുബ്ധമാകുമെന്ന് മുന്നറിയിപ്പ്

ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

അറബിക്കടലിന്റെ തെക്കുകിഴക്കൻ ഭാഗത്ത് ഒക്ടോബർ ഏഴ് എട്ട് തിയ്യതികളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയിപ്പ് ലഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഒക്ടോബർ ആറ് മുതൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് സംസ്ഥാന ദുരന്തനിവാരണ അതോരിറ്റി അറിയിച്ചതായും പിണറായി വിജയൻ പറഞ്ഞു.

ആവശ്യമായ നടപടികൾ സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ദീർഘനാളത്തേക്ക് കടലിൽ പോയവരെ ഈ വിവരം അറിയിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

അറബിക്കടലിന്റെ തെക്ക് കിഴക്കൻ ഭാഗത്ത് ഒക്ടോബര്‍ ആറിന് ന്യൂനമർദ്ദം രൂപപ്പെടുവാന്‍ സാധ്യതയുള്ളതായി കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഒക്ടോബർ 7, 8 തീയതികളിൽ ഈ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്‍റെ വടക്ക് പടിഞ്ഞാറൻ ഭാഗത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം.

ന്യൂനമർദ്ദത്തെ തുടർന്ന് കടൽ അതീവ പ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാൽ കേരളത്തില്‍ നിന്നുള്ള മത്സ്യതൊഴിലാളികൾ ഒക്ടോബർ 6 മുതൽ അറബി കടലില്‍ മത്സ്യബന്ധനത്തിന് പോകരുത് എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.

ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകി. തീരദേശ ഗ്രാമങ്ങളിലും, തുറമുഖങ്ങളിലും, മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും, തീരപ്രദേശത്തെ ജനപ്രതിനിധികളെയും, മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റു സർക്കാർ സ്ഥപനങ്ങളെയും ഈ മുന്നറിയിപ്പ് അറിയിക്കുവാന്‍ ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് ഫിഷറീസ് വകുപ്പിനോട് നിർദ്ദേശിച്ചു.

ദീര്‍ഘനാളത്തെക്ക് അറബിക്കടലില്‍ മത്സ്യ ബന്ധനത്തിന് പോയവരെ ഈ വിവരം അറിയിക്കുന്നതിന് നടപടി സ്വീകരിക്കണം.
ഇവരെ ഒക്ടോബര്‍ 5ന് മുന്‍പ് തീരത്ത് എത്തിക്കാനുള്ള നടപടി സ്വീകരിക്കണം. ഇന്ന് മുതല്‍ കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ 5ന് മുന്‍പ് തീരത്തെത്താൻ നിർദ്ദേശിക്കണം. കടല്‍ ആംബുലന്‍സുകളും അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകളും സജ്ജമാക്കാനും ഫിഷറീസ് വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

മത്സ്യത്തൊഴിലാളികൾ ഒക്ടോബർ 6 മുതൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് തീരദേശങ്ങളില്‍ അറിയിപ്പ് നല്‍കാൻ തീരദേശ പൊലീസിനും മറൈൻ എൻഫോഴ്സ്മെൻറിനും നിർദ്ദേശം നൽകിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍