UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംഎൽഎ ഹോസ്റ്റല്‍ പീഡനക്കേസ്: പ്രതിപക്ഷ നേതാവിനോട് അഭ്യർത്ഥനയുമായി ഇരയായ പെൺകുട്ടിയുടെ അമ്മ

ഇരിങ്ങാലക്കുട കാട്ടൂർ സ്റ്റേഷനിലും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലും താൻ ഒരേ മൊഴിയാണ് നൽകിയതെന്നും പണവും സ്വാധീനവും ഉപയോഗിച്ച് പൊലീസ് മൊഴികളിൽ തിരുത്തൽ വരുത്തിയിരിക്കാമെന്നും പെൺകുട്ടി ആരോപിക്കുന്നു.

എംഎൽഎ ഹോസ്റ്റലിൽ വെച്ച് ഡിവൈഎഫ്ഐ നേതാവ് ജീവൻ ലാലിനെതിരെ പീഡനാരോപണമുന്നയിച്ച പെൺകുട്ടിയുടെ അമ്മ പ്രതിപക്ഷ നേതാവിന് പരാതി നൽകി. ജീവൻ ലാലിന് ഹൈക്കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് പെൺകുട്ടിയുടെ അമ്മയുടെ പരാതി. ജാമ്യത്തിലിറങ്ങിയ ശേഷം ജീവൻലാൽ ഫേസ്ബുക്കിലൂടെ വ്യക്തിഹത്യ നടത്തുകയാണെന്നും പരാതിയിൽ പറയുന്നുണ്ട്.

മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും ജീവൻലാലിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് തയ്യാറായിരുന്നില്ല. ഈ മാസം എട്ടാംതിയ്യതി പ്രതിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പെൺകുട്ടിയുടെ മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

എന്നാൽ, ഇരിങ്ങാലക്കുട കാട്ടൂർ സ്റ്റേഷനിലും തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലും താൻ ഒരേ മൊഴിയാണ് നൽകിയതെന്നും പണവും സ്വാധീനവും ഉപയോഗിച്ച് പൊലീസ് മൊഴികളിൽ തിരുത്തൽ വരുത്തിയിരിക്കാമെന്നും പെൺകുട്ടി ആരോപിച്ചിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രതി മകളെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അപവാദം പ്രചരിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു. എൻട്രൻസ് കോച്ചിങ്ങിന് അഡ്മിഷനു വേണ്ടി തിരുവനന്തപുരത്തെത്തിയ പെൺകുട്ടിയെ സഹായിക്കാനെത്തിയതായിരുന്നു ജീവൻലാലെന്നും ഹോസ്റ്റലിൽ വെച്ച് തന്നെ പീഡിപ്പിക്കാൻ‌ ശ്രമിക്കുകയായിരുന്നെന്നുമാണ് ആരോപണം. പാർട്ടിക്ക് പരാതി നൽകിയിട്ടും നടപടി വന്നിരുന്നില്ല.

സംഭവത്തിനു ശേഷവും പാർട്ടി പരിപാടികളിൽ സജീവ സാന്നിധ്യമാണ് ജീവൻലാൽ. ഇദ്ദേഹത്തിന്റെ ബന്ധുക്കൾ പലരും പാർട്ടിയുടെ ഉന്നതസ്ഥാനങ്ങളിലുള്ളതിനാലാണ് പാർട്ടി ശരിയായ നടപടിക്ക് തയ്യാറാകാത്തതെന്നും ആരോപണമുണ്ട്. ആദ്യം പരാതി നൽകിയത് പാർട്ടിക്കായിരുന്നു. പാര്‍ട്ടി സംഭവത്തെ മൂടിവെക്കാനാണ് ശ്രമം നടത്തുന്നതായി ആരോപണമുയരുകയും പെൺകുട്ടി പൊലീസിനെ സമീപിക്കുകയുമായിരുന്നു.

ഇരിങ്ങാലക്കുട കാട്ടൂരിലെ ‍ഡിവൈഎഫ്ഐ പ്രവർത്തകനാണ് ജീവൻലാൽ. ഇരിങ്ങാലക്കുട എംഎല്‍എ കെ.യു. അരുണന്റെ മുറിയില്‍ വെച്ചാണ് പീഡനശ്രമം ഉണ്ടായത്. പീഡനത്തിന് അവസരമൊരുക്കാൻ എംഎൽഎയുടെ പിഎ മുറിയിൽ നിന്നും മാറി നിന്നതായും ആരോപണമുണ്ടായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍