UPDATES

വിദേശം

ലൈംഗികാതിക്രമ ആരോപണം: ന്യൂയോർക്ക് അറ്റോർണി ജനറൽ എറിക് ഷ്നീഡർമാൻ രാജിവെച്ചു

മൈക്കേൽ മാന്നിങ് ബാരിഷ്, തന്യാ സെൽവരത്നം എന്നീ സ്ത്രീകള്‍ തങ്ങളെ എറിക് ഷ്നീഡർമാൻ മദ്യപിച്ച് ആക്രമിച്ചിരുന്നുവെന്നാണ് ആരോപിക്കുന്നത്.

തങ്ങളെ ലൈംഗികമായി ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന നാല് സ്ത്രീകളുടെ വെളിപ്പെടുത്തലിനെ തുടർന്ന് ന്യൂയോർ‌ക്ക് അറ്റോർണി ജനറൽ എറിക് ഷ്നീഡർമാൻ‌ രാജിവെച്ചു. സ്ത്രീകൾക്കെതിരായ ലൈംഗികാക്രമണങ്ങൾ ചൂണ്ടിക്കാട്ടി ഓരോരുത്തരും വ്യതിപരമായ ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ലോകമെമ്പാടും വൈറലായി മാറിയ #MeToo ഹാഷ്ടാഗ് പ്രചാരണത്തിന് സജീവമായ പിന്തുണ നൽകിയയാളാണ് എറിക്.

ആരോപണമുന്നയിച്ച നാലുപേരിൽ രണ്ടുപേർ എറിക്കിന്റെ മുന്‍ പെൺസുഹ‍ൃത്തുക്കളാണെന്ന് വ്യക്തമായിട്ടുണ്ട്.

തന്റെ സ്വകാര്യബന്ധങ്ങളിൽ പലരുമായും സമ്മതത്തോടു കൂടിയുള്ള ലൈംഗികത ഉണ്ടായിട്ടുണ്ടെന്നു പറഞ്ഞ എറിക് താനാരെയും ഇതുവരെ ആക്രമിച്ചിട്ടില്ലെന്നും കൂട്ടിച്ചേർത്തു. തനിക്കെതിരായ ആരോപണങ്ങൾ ശക്തമായി നിഷേധിക്കുന്നുവെന്നും എങ്കിലും ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ സ്ഥാനത്തു നിന്നും ഇറങ്ങുകയാണെന്നും എറിക് വിശദീകരിച്ചു. തന്റെ തൊഴിൽജീവിതവുമായി ബന്ധപ്പെട്ട ആരോപണങ്ങളല്ലെ ഇവയൊന്നുമെങ്കിലും തൊഴിലിടത്തിൽ കാര്യക്ഷമമായി ജോലി ചെയ്യുന്നതിന് തടസ്സം സൃഷ്ടിച്ചേക്കാമെന്നതിനാലാണ് രാജി.

ന്യൂയോർക്ക് ഗവർണർ ആൻഡ്ര്യൂ കൂമോ എറിക്കിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. അറ്റോര്‍ണി ജനറലായി എറിക്കിന് തുടരാനാകില്ലെന്ന ഉറച്ചട നിലപാട് ആൻഡ്ര്യൂ എടുത്തു. ആരോപണങ്ങളിൽ അന്വേഷണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

മൈക്കേൽ മാന്നിങ് ബാരിഷ്, തന്യാ സെൽവരത്നം എന്നീ സ്ത്രീകള്‍ തങ്ങളെ എറിക് ഷ്നീഡർമാൻ മദ്യപിച്ച് ആക്രമിച്ചിരുന്നുവെന്നാണ് ആരോപിക്കുന്നത്. ബന്ധം അവസാനിപ്പിക്കാൻ മുതിർന്നാൽ തങ്ങളെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായി ഇരുവരും പറഞ്ഞു.

അതെസമയം, ഈ വിഷയത്തിൽ ചില പിന്നാമ്പുറ കഥകൾ കൂടിയുണ്ടെന്നും ആരോപിക്കപ്പെടുന്നുണ്ട്. അമേരിക്കൻ സിനിമാ നിർമാതാവായ ഹാർവി വീൻസ്റ്റണെതിരെ ലൈംഗികാതിക്ര കേസ് കൊടുത്തയാളാണ് എറിക് ഷ്നീഡർമാൻ. ദി ന്യൂ യോർക്കർ മാഗസിൻ ഈ ലൈംഗികാതിക്രമ സംഭവങ്ങൾ പുറത്തു കൊണ്ടു വന്ന ഘട്ടത്തിൽ, തൊഴിലിടത്തിൽ ലൈംഗികമായി ഉപദ്രവിക്കപ്പെടുന്നവർക്ക് തന്റെ ഓഫീസുമായി ബന്ധപ്പെടാമെന്ന് കാണിച്ച് ഫോൺ നമ്പർ സഹിതം ട്വീറ്റ് ചെയ്തിരുന്നു എറിക്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍