UPDATES

ട്രെന്‍ഡിങ്ങ്

രാജ്യസഭാ സീറ്റ് കിട്ടാത്തതിന്റെ മോഹഭംഗം പാർട്ടിയെ തകർക്കാൻ ഉപയോഗിക്കരുത്: വിഎം സുധീരനോട് 13 ചോദ്യങ്ങളുമായി യൂത്ത് കോൺഗ്രസ്സ് നേതാവ്

“ശ്രീ. അനിൽ അക്കര നിയമസഭയിൽ മത്സരിച്ചത് ആരുടെ ശുപാർശയിൽ ആണ്? ഇപ്പോൾ പരസ്യ പ്രതികരണം നടത്തിയതും അങ്ങയുടെ അറിവോടെ അങ്ങേക്ക് രാജ്യസഭാ സീറ്റിനു വേണ്ടിയല്ലേ?”

ആദർശധീരനായി അറിയപ്പെടുന്ന വിഎം സുധീരൻ പറയുന്ന ആദർശങ്ങളും പ്രവർത്തിക്കുന്ന ആദർശങ്ങളും രണ്ടാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ്സ് എക്സിക്യുട്ടീവ് വൈസ് പ്രസിഡണ്ടും മുൻ കെഎസ്‍യു നേതാവുമായ നിയാസ് ചിതറ രംഗത്ത്. കോൺഗ്രസ്സിന്റെ സിറ്റിങ് സീറ്റായ കൊല്ലം ആർഎസ്‌പിക്ക് കൊടുത്തയാളാണ് ഇപ്പോൾ രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ വിമർശനവുമായി രംഗത്തുള്ളതെന്നും നിയാസ് വിമർശിച്ചു.

വിഎം സുധീരന് രാജ്യസഭാ സീറ്റിൽ ഒരു നോട്ടമുണ്ടായിരുന്നെന്ന സൂചനയും നിയാസ് ചിതറ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ നൽകി.

പോസ്റ്റിന്റെ പൂർണരൂപം താഴെ.

ബഹുമാന്യനായ മുൻ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരൻ അവർകളെ,

അങ്ങയോടുള്ള ബഹുമാനവും സ്നേഹവും നിലനിർത്തി കൊണ്ട് ചില കാര്യങ്ങൾ പറഞ്ഞോട്ടെ… കോൺഗ്രസിന് നിലവിൽ ഉണ്ടായിരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നല്കിയതിലുള്ള കടുത്ത പ്രതിക്ഷേധം രേഖപ്പെടുത്തി കൊണ്ട് പറയുന്നു. വിഷ്ണുനാഥ്‌ കെഎസ്‌യു പ്രസിഡന്റ്‌ ആയിരുന്ന സമയത്തു കെ എസ് യു പ്രവർത്തകരായിരുന്ന ഞാൻ ഉൾപ്പെടെയുള്ള പ്രവർത്തകർ എന്നും എ. കെ ആന്റണിയും, വി എം സുധീരൻ ഉൾപ്പെടെയുള്ള ആദര്ശാധിഷ്ഠത നിലപാട് ഉള്ളവരെ വളരെ ആദരപൂർവം കണ്ടിരുന്നവരാണ്.

നമ്മളൊക്കെ കെ എസ് യു പ്രവർത്തനം അവസാനിപ്പിച്ചിട്ടും അങ്ങ് ഇപ്പോഴും കെ എസ് യു കാലഘട്ടത്തിലെ വീറും വാശിയും കാട്ടുന്നത് പാർട്ടിയെ ശക്തിപ്പെടുത്തുമെങ്കിൽ അനുകൂലിക്കാമായിരുന്നു.
അങ്ങയുടെ ഇപ്പോഴത്തെ നിലപാടുകൾ സംശയാസ്പദം ആണ്. പാർട്ടിയെ ശുദ്ധീകരിക്കാനും ശക്തിപെടുത്താനുമാണ് ഈ നിലപാടുകൾ എന്ന് വിശ്വസിക്കാൻ ആവില്ല.

ഇപ്പോൾ അങ്ങ് സ്വീകരിക്കുന്ന നിലപാടുകൾ തികച്ചും പാർട്ടി വിരുദ്ധമാണ്. അങ്ങയോടു വിനയ പൂർവ്വം ചിലതു ചോദിക്കാൻ ആഗ്രഹിക്കുന്നു.

1. കോൺഗ്രസിന്റെ സിറ്റിംഗ് സീറ്റായ കൊല്ലം ആർ എസ് പി ക്കു കൊടുത്തത് അങ്ങ് പി സി സി പ്രസിഡന്റ്‌ ആയിരുന്നപ്പോഴല്ലേ? അതിനോട് വിയോജിച്ച എന്നോട് അങ്ങയോടുള്ള പെരുമാറ്റത്തിൽ മനംനൊന്തു അങ്ങേക്ക് രാജി സമർപ്പിച്ചു പാർട്ടി പ്രവർത്തനം ഉപേക്ഷിച്ചത് അങ്ങ് മറന്നാലും ഞാൻ മറന്നിട്ടില്ല. അക്കാര്യം ഒന്ന് ഓർമിപ്പിക്കുന്നു. ആരോപണ വിധേയേരായ എത്ര പേര് അങ്ങ് മാറ്റി നിർത്തി?

2. 2007ൽ അറുപതോളമുള്ള യൂത്ത് കോൺഗ്രസ്‌ സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചപ്പോൾ അങ്ങ് അതിനെ കളിയാക്കിയത് ഓഡിറ്റോറിയം വേണ്ടി വരുമെന്നായിരുന്നു, പക്ഷെ അങ്ങ് പ്രഖ്യാപിച്ച കെ പി സി സി എക്സിക്യൂട്ടീവ് എത്ര പേര് ആയിരുന്നു? അത് കൂടാൻ മൈതാനം വേണ്ട സ്ഥിതി അല്ലായിരുന്നോ?

3.ജില്ലാ കമ്മിറ്റികളിൽ ഇതുവരെയും പാർട്ടി മീറ്റിംഗിന് പോകാത്തവരുൾപ്പെടെ 100 ൽ പരം ആളുകളെ ഉൾപ്പെടുത്തി വികസിച്ചപ്പോൾ താങ്കളുടെ ആദർശം എവിടെ പോയിരുന്നു?

4.അങ്ങ് പ്രസിഡന്റ്‌ ആയിരുന്നപ്പോൾ അല്ലേ,
പഞ്ചായത്ത്‌ തിരഞ്ഞെടുപ്പ് നടന്നത്? അന്ന് സംസ്ഥാനത്തു മത്സരിച്ച താഴെത്തട്ടിൽ പ്രവർത്തിച്ച പാർട്ടി പ്രവർത്തകർക്ക് അങ്ങ് എന്ത് സഹായമാണ് നൽകിയത്? മുൻ പ്രസിഡന്റ്‌മാർ പഞ്ചായത്തിൽ മൽത്സരിക്കുന്നവർക്കു സാമ്പത്തിക സഹായം നൽകിയത് അങ്ങേക്ക് അറിയില്ലെങ്കിലും നമുക്ക് അറിയാം.

5. പാർട്ടിയുടെ സീനിയർ ലീഡറായ അങ്ങ് ഒരു കത്ത് കോൺഗ്രസ്‌ പ്രസിഡന്റ്‌നു നൽകിയാൽ പരിഹരിക്കാൻ കഴിയുന്ന കാര്യങ്ങൾ അങ്ങ് പത്ര സമ്മേളനം നടത്തി പറയുന്നത് നമുക്ക് മാതൃക ആക്കാമോ? ആക്കിയാൽ പാർട്ടിയുടെ സ്ഥിതി എന്താകും?

6. താഴെത്തട്ടിൽ പാർട്ടി ദുർബലം ആയിരുന്നിട്ട് അതിനെ ശക്തിപ്പെടുത്താൻ രണ്ടു കൊല്ലത്തിലധികം പ്രസിഡന്റ്‌ ആയിരുന്ന താങ്കൾ എന്താണ് ചെയ്തത്? പേപ്പറിൽ ബൂത്ത്‌ കമ്മിറ്റികൾ എഴുതി വെയ്ക്കുക അല്ലാതെ കൃത്യമായ ഒരു മോണിറ്ററിങ് നടത്താനോ, കൃത്യമായ ഒരു മാർഗരേഖ നൽകാനോ താങ്കൾക്ക് കഴിഞ്ഞോ എന്ന് താങ്കൾ ആത്മ പരിശോധന നടത്താൻ തയാറാകണം.

6. ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ നയങ്ങളെ അങ്ങ് പലപ്പോഴും പരസ്യ വിമർശനം നടത്തിയതല്ലേ ആ സർക്കാരിന്റെ തുടര്ഭരണം നഷ്ടപ്പെടുത്തിയത്? പാർട്ടി വേദികളിൽ ചർച്ച ചെയ്തു ഹൈ കമാന്റ് നെ അറിയിച്ചിരുന്നെങ്കിൽ ശ്രീ. രാഹുൽ ഗാന്ധി ഇടപെട്ടു പരിഹരിക്കാമായിരുന്നില്ലേ?

7. താങ്കൾ കെ പി സി സി പ്രസിഡന്റ്‌ ആയിരുന്നപ്പോൾ എം. പി പെന്ഷനും, എം എൽ എ പെന്ഷനും ഉണ്ടായിട്ടും പ്രതിമാസം 50000 രൂപ പാർട്ടിയിൽ നിന്നു കൈ പറ്റിയത് ശെരിയാണോ?

8. രാഹുൽ ഗാന്ധി രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിൽ അക്ഷീണം, അഹോരാത്രം പണിയെടുക്കുമ്പോൾ അങ്ങ് പരസ്യമായി പ്രതികരിക്കുന്നത് ഈ പാർട്ടിയെ എവിടെ എത്തിക്കും?

9, സാധാരണ പാർട്ടി പ്രവർത്തകർക്ക് രാഹുൽ ഗാന്ധിയെ കാണുന്നതിന് പരിമിതികൾ ഉണ്ടാകാം, പക്ഷെ അങ്ങേക്ക് അതില്ലല്ലോ, നിഷ്പ്രയാസം കാണാമെന്നിരിക്കെ അങ്ങ് ഈ ചെയുന്നത് പാർട്ടിയെ കുഴിച്ചു മൂടലല്ലേ? അല്ലെങ്കിൽ ഒരു ഫാക്സ് മുഖേനയോ, അല്ലെങ്കിൽ ഇ -മെയിൽ മുഖേനയോ അറിയിച്ചാലും മതിയാകുമായിരുന്നല്ലോ നേതാവേ?

10. അങ്ങ് പ്രസിഡന്റ്‌ ആയി വന്നപ്പോൾ മുതലുള്ള എല്ലാ നിലപാടുകളും പാർട്ടി സ്നേഹത്തിൽ ഉള്ളത് തന്നെ ആയിരുന്നോ? അങ്ങ് ഒരു കോക്കസിന്റെ കൈയിലെ കളിപ്പാവ ആകുക ആയിരുന്നില്ലേ? അങ്ങ് നിയമസഭയിലേക്ക് ശുപാർശ ചെയ്ത ആളുകൾ ആരൊക്കെ ആയിരുന്നു. അവരുടെ പാർട്ടി സംഭാവന എന്തായിരുന്നു?

11. അങ്ങ് പ്രസിഡന്റ്‌ ആയിരുന്നപ്പോൾ എത്ര ചെറുപ്പക്കാർക്ക് അങ്ങ് അവസരം നൽകി? യോഗ്യരായ പലരും പുറത്തു നിന്നപ്പോൾ അങ്ങ് പ്രോത്സാഹിപ്പിച്ചത് ഗ്രൂപ്പിന്റെ സ്ഥിരം മുഖങ്ങൾ തന്നെയല്ലേ?

12. ശ്രീ. അനിൽ അക്കര നിയമസഭയിൽ മത്സരിച്ചത് ആരുടെ ശുപാർശയിൽ ആണ്. ഇപ്പോൾ പരസ്യ പ്രതികരണം നടത്തിയതും അങ്ങയുടെ അറിവോടെ അങ്ങേക്ക് രാജ്യസഭ സീറ്റിനു വേണ്ടിയല്ലേ?

13. പാര്ലമെന്റ് സീറ്റ് കിട്ടാഞ്ഞിട്ടാണ് ഞാൻ പ്രതിക്ഷേധിച്ചതെന്നു പലരും പറഞ്ഞപ്പോൾ അങ്ങേക്ക് അറിയാമായിരുന്നല്ലോ ഞാൻ പാർട്ടിയിൽ നിന്നു രാജിവെച്ചതിന്റെ കാര്യം. അങ്ങനെയെങ്കിൽ താങ്കൾ ഇപ്പോൾ കാട്ടുന്നത് രാജ്യസഭാ സീറ്റുകിട്ടാത്തതിന്റെ മോഹംഭംഗം ആണെന്ന് ഞാൻ പറഞ്ഞാൽ താങ്കൾ അതിനെ എങ്ങനെ നിഷേധിക്കും?

കരുണാകരന് മുന്‍പില്‍ വിറച്ചില്ല, പിന്നയല്ലേ ഉമ്മന്‍ ചാണ്ടി; സുധീരന്‍ ഇങ്ങനെയൊക്കെയാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍