UPDATES

ട്രെന്‍ഡിങ്ങ്

സ്ത്രീപ്രവേശനം: മന്നത്തിനെ മറന്ന എൻഎസ്എസ്സിന് വൈക്കം സത്യാഗ്രഹയാത്ര ഓർമിപ്പിച്ച് എൻഎസ് മാധവന്റെ ട്വീറ്റ്

“ജാതിഹിന്ദുക്കൾ ഈ പഴയ അനാചാരങ്ങളെ നിഷ്കർഷിച്ചു കൊണ്ടിരിക്കുന്നതു ബുദ്ധിപൂർവകമായിരിക്കുകയില്ല എന്നും, കാലത്തിനു വരുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നത് ആവശ്യമാണെന്നും, ലോകം മുഴുവൻ സമ്മതിക്കുന്നതായ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടിരിക്കുന്നതു ശരിയല്ലെന്നും ആകുന്നു ഗവണ്മെന്റിനുള്ള അഭിപ്രായം”.

ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിന് അനുമതി നൽകിയ സുപ്രീംകോടതി വിധിക്കെതികെ റിവ്യൂ ഹരജി നൽകിയ എൻഎസ്എസ്സിന് എഴുത്തുകാരൻ എൻഎസ് മാധവന്റെ വാക് പ്രഹരം. വൈക്കം സത്യാഗ്രഹകാലത്ത് പുരോഗമനപരമായ നിലപാടെടുത്ത് മന്നത്ത് പത്മനാഭൻ ജാഥ നയിച്ച സംഭവം എൻഎസ് മാധവൻ ഓർമിപ്പിച്ചു.

അവർണർക്ക് വഴിനടക്കാൻ അവകാശം നൽകണമെന്നത് അടക്കമുള്ള നിരവധി ആവശ്യങ്ങളുന്നയിച്ചുള്ള വൈക്കം സത്യാഗ്രഹം മഹാപ്രസ്ഥാനമായി മാറിയ ചരിത്രമാണ് എൻഎസ് മാധവൻ തന്റെ ട്വീറ്റിലൂടെ ഓർമിപ്പിക്കുന്നത്. സത്യാഗ്രഹത്തിന് സവർണരുടെ പിന്തുണ ഉറപ്പാക്കാൻ ഗാന്ധിജി സമീപിച്ചത് മന്നത്ത് പത്മനാഭനെയായിരുന്നു. മന്നത്തിന്റെ നേത‍ൃത്വത്തിൽ വൈക്കത്തു നിന്ന് തുടങ്ങിയ ജാഥ തിരുവനന്തപുരത്തെത്തിയപ്പോഴേക്ക് വൻ പുരുഷാരമായി മാറിയ സംഭവം കുറിച്ചതിനു ശേഷം ‘ഓർമകളുണ്ടായിരിക്കണം’ എന്ന ഹാഷ്ടാഗും അദ്ദേഹം ചേർത്തിട്ടുണ്ട്.

സവർണരുടെ പിന്തുണ അത്യാവശ്യമാണ് സമരത്തിനെന്ന് തോന്നിയ ഗാന്ധിജി സവർണർ മാത്രമടങ്ങുന്ന ഒരു പദയാത്ര തിരുവനന്തപുരത്തേക്ക് സംഘടിപ്പിക്കണമെന്ന് നിർദ്ദേശിച്ചു. മന്നത്ത് പത്മനാഭന്റെ നേത‍ൃത്വത്തിൽ 500 പേരടങ്ങുന്ന ഒരു സംഘം വൈക്കത്തു നിന്നും 1924 നവംബർ ഒന്നിന് തിരിച്ചു. പുരോഗമനാശയങ്ങൾ ഉയർത്തിപ്പിടിച്ചുള്ള ഈ പദയാത്രയ്ക്ക് വലിയ സ്വീകരണമാണ് ചെന്നിടത്തെല്ലാം കിട്ടിയത്. വഴിയിൽ കൂടുതൽ പേർ ചേരുകയും ജാഥ ഒടുവിലെത്തിയപ്പോൾ വളരെ വലുതാവുകയും ചെയ്തു. തിരുവനന്തപുരത്തെത്തുമ്പോൾ അഞ്ഞൂരു പേരുടെ ജാഥ അയ്യായിരം പേരുടേതായി വളർന്നു. അന്നേദിവസം ശുചീന്ദ്രത്തു നിന്ന് പെരുമാൾ നായിഡുവിന്റെ നേതൃത്വത്തിൽ ആയിരം പേരുടെ ഒരു ജാഥയുടെ തിരുവനന്തപുരത്തെത്തി. പൊതുസമ്മേളനവും നടത്തി.

തിരുവിതാംകൂറിലെ ആദ്യകാല കോൺഗ്രസ്സ് നേതാവും സാമൂഹ്യപരിഷ്കർത്താവും എൻഎസ്എസ് പ്രസിഡണ്ടായിരുന്നിട്ടുള്ളയാളുമായ ചങ്ങനാശ്ശേരി പരമേശ്വരൻ പിള്ളയും സത്യാഗ്രഹത്തിന് പിന്തുണയുമായി എത്തിയിരുന്നു. റീജന്റ് റാണി ലക്ഷ്മിഭായിയെ കണ്ട് 25,000 സവർണർ ഒപ്പിട്ട ഒരു മെമ്മോറാണ്ടം ഇദ്ദേഹം സമർപ്പിക്കുകയുണ്ടായി. 1924 നവംബർ 13നായിരുന്നു ഇത്.

എസ്എൻഡിപി കാര്യദർശിയായിരുന്ന എൻ കുമാരൻ 1925 ഫെബ്രുവരി 7-ന് നിയമസഭയിൽ ഈ വിഷയം ഒറു പ്രമേയമായി അവതരിപ്പിച്ചിരുന്നു. ഈ പ്രമേയം വോട്ടിനിട്ട് പരാജയപ്പെട്ടെങ്കിലും ദിവാൻ രാഘവയ്യാ തന്റെ പ്രസംഗത്തിൽ അനുകൂലിച്ച് സംസാരിച്ചു. പ്രസംഹം ഉപസംഹരിച്ചത് യാഥാസ്ഥിതികർ കാലത്തിന്റെ സൂചനകൾ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടാണ്. ഇങ്ങനെയായിരുന്നു ദിവാന്റെ വാക്കുകൾ. “ജാതിഹിന്ദുക്കൾ ഈ പഴയ അനാചാരങ്ങളെ നിഷ്കർഷിച്ചു കൊണ്ടിരിക്കുന്നതു ബുദ്ധിപൂർവകമായിരിക്കുകയില്ല എന്നും, കാലത്തിനു വരുന്ന മാറ്റങ്ങൾ മനസ്സിലാക്കുന്നത് ആവശ്യമാണെന്നും, ലോകം മുഴുവൻ സമ്മതിക്കുന്നതായ അവകാശങ്ങളെ നിഷേധിച്ചു കൊണ്ടിരിക്കുന്നതു ശരിയല്ലെന്നും ആകുന്നു ഗവണ്മെന്റിനുള്ള അഭിപ്രായം”.

അതെസമയം, ആചാരാനുഷ്ഠാനങ്ങൾക്കുള്ള അവകാശം ഭരണഘടന തന്നെ നൽകിയിട്ടുണ്ടെന്ന് വാദിച്ച് എൻഎസ്എസ് ഇന്ന് സുപ്രീംകോടതിയിൽ റിവ്യൂ ഹരജി നൽകിയിട്ടുണ്ട്. ആചാരങ്ങൾ ഇല്ലാതായാൽ മതങ്ങൾ തന്നെ ഇല്ലാതാകുമെന്നും എൻഎസ്എസ് വാദിക്കുന്നുണ്ട്.

പതിനെട്ടാം പടിയില്‍ സിനിമ നടി നൃത്തം ചെയ്തിട്ടില്ലേ! ശബരിമലയില്‍ അവകാശം ഉണ്ടായിരുന്ന ഈഴവ കുടുംബത്തിന് എന്ത് സംഭവിച്ചു?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍