UPDATES

പോസിറ്റീവ് സ്റ്റോറീസ്

ചോരവാർച്ചയുള്ള സ്ത്രീയെ കട്ടിലിൽ 10 കിമി. ചുമന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സിച്ച ഡോക്ടറെ പരിചയപ്പെടാം

താനൊരു ഡോക്ടറാകുമെന്നും പാവങ്ങളെ ചികിത്സിക്കുമെന്നും അമ്മയ്ക്ക് കൊടുത്ത വാക്കാണെന്ന് ഓംകാർ ഹോത പറയുന്നു.

ഓംകാർ ഹോത എന്ന ഡോക്ടറെക്കുറിച്ച് ആദരവോടെയാണ് ലോകം സംസാരിക്കുന്നത്. ഒഡീഷ മുഖ്യമന്ത്രി മുതൽ കരീന കപൂർ വരെയുള്ളവരാണ് ഡോക്ടറെന്ന നിലയില്‍ ഓംകാർ പുലർത്തുന്ന മാനുഷികതയെയും ഉയർന്ന മൂല്യബോധത്തെയും വാഴ്ത്തുന്നത്.

ചോരവാർച്ച ബാധിച്ച ഒരു ആദിവാസിസ്ത്രീയെ കട്ടിൽ ചുമന്നു കൊണ്ട് ഓംകാർ പബ്ലിക് ഹെൽത്ത് സെന്ററിലെത്തിക്കുന്ന ഒരു ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പത്ത് കിലോമീറ്ററാണ് ഡോക്ടർ രോഗിയെയും വഹിച്ച് നടന്നത്. സൈബർ ലോകം ഡോക്ടറെക്കുറിച്ച് ആദരവോടെ സംസാരിക്കാൻ തുടങ്ങി. ലോകമൊട്ടുക്കും ഓംകാറിനെക്കുറിച്ചുള്ള വാർത്തകളെത്തി.

കൊടുംകാട്ടിലെ പബ്ലിക്ക് ഹെൽത്ത് സെന്റർ

ഒഡീഷയിലെ പാപ്പുലൂർ എന്ന പ്രദേശത്തെ പബ്ലിക് ഹെൽത്ത് സെന്ററിലാണ് ഓംകാർ ഹോത ജോലി ചെയ്യുന്നത്. ഇദ്ദേഹത്തിനു മുമ്പ് ഈ ആശുപത്രിയിലെത്തിയെ ഡോക്ടർമാരാരും 24 മണിക്കൂറിൽക്കൂടുതൽ അവിടെ ജോലി ചെയ്യുകയുണ്ടായില്ല. കൊടുംകാട്ടിനടുത്ത് സ്ഥിതി ചെയ്യുന്ന ആശുപത്രിയിൽ വേണ്ടത്ര സൗകര്യങ്ങളില്ലായിരുന്നു. ഗോത്രവർഗക്കാരെ ആശുപത്രിയിലെത്തിക്കാനും ചികിത്സിക്കാനുമുള്ള പ്രയാസങ്ങൾ വേറെ. സൗകര്യങ്ങളൊന്നുമില്ലാത്ത കാട്ടുമുക്കിൽ ജീവിക്കേണ്ടി വരുമെന്ന പ്രശ്നവും ഡോക്ടര്‍മാർ ഇവിടെ വിട്ടു പോകാൻ കാരണമായി. 15 വർഷത്തോളം ഏതാണ്ട് ഡോക്ടർമാരില്ലാതെ കിടന്ന ആശുപത്രിയിലേക്കാണ് ഓംകാർ ഹോത എത്തിച്ചേരുന്നത്.

വളരെക്കുറച്ച് രോഗികൾ മാത്രമേ ആശുപത്രിയിലെത്തുന്നുള്ളൂ എന്ന് ഡോക്ടർ മനസ്സിലാക്കി. മിക്കവാറും പേർ രോഗങ്ങൾ വന്നാൽ ആശുപത്രിയിൽ ചെല്ലില്ല. പരമ്പരാഗത വൈദ്യത്തെയാണ് ആശ്രയിക്കുക. ഇത് സ്ഥിതി കൂടുതൽ വഷളാക്കാറേയുള്ളൂ. ഈ സ്ഥിതി മാറ്റാനാണ് ഓംകാർ‌ ആദ്യം ശ്രമിച്ചത്. ഓരോ ആദിവാസി വീടുകളിലും ചെന്ന് അവരെ ബോധവൽക്കരിച്ചു.

സമാനമായ പ്രശ്നമാണ് സുഭാമ മാർസെ എന്ന ആദിവാസി സ്ത്രീക്കും നേരിടേണ്ടി വന്നത്. പ്രസവം വീട്ടിൽ‌ത്തന്നെ നടത്തി. ബ്ലീഡിങ് ഉണ്ടായപ്പോഴാണ് ഡോക്ടറെ വിളിക്കുന്നത്. ഡോക്ടർ ഓടിച്ചെന്ന് അവരെ ആശുപത്രിയിലേക്ക് എത്തിച്ചു. കട്ടിലിൽ കിടത്തി, പത്തു കിലോമീറ്ററോളം ചുമന്ന്!

കട്ടിലുകളിൽ കയറി ആശുപത്രിയിലെത്തിക്കുന്ന ആദ്യത്തെ രോഗിയല്ല സുഭാമ. പാമ്പു കടിയേറ്റും മറ്റും അവശരാകുന്ന രോഗികളെയും വ‍ൃദ്ധരെയുമെല്ലാം കാടിനുള്ളിൽ നിന്നും ആശുപത്രിയിലേക്ക് കൊണ്ടുവരുന്നത് ചുമലിലേറ്റിയാണ്.

അമ്മയ്ക്ക് കൊടുത്ത വാക്ക്!

താനൊരു ഡോക്ടറാകുമെന്നും പാവങ്ങളെ ചികിത്സിക്കുമെന്നും അമ്മയ്ക്ക് കൊടുത്ത വാക്കാണെന്ന് ഓംകാർ ഹോത പറയുന്നു. അമ്മയ്ക്ക് കൊടുത്ത വാക്ക് എന്തു കഷ്ടപ്പാട് സഹിച്ചും അക്ഷരംപ്രതി പാലിക്കുകയാണ് ഓംകാർ ഹോത.

നിരവധി അവാർഡുകളാണ് ഓംകാർ ഹോതയെ തേടിയെത്തുന്നത്. ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും ഇദ്ദേഹത്തെം ആദരിക്കുകയുണ്ടായി. പഴയകാല സാമൂഹ്യപ്രവർത്തകനായിരുന്ന ഗോപബന്ധു ദാസിവന്റെ പേരിൽ‌ ഏർപ്പെടുത്തിയ അവാര്‍ഡും സമ്മാനിച്ചു.

യൂണിസെഫും ഡോ. ഓംകാർ ഹോതിനെ ആദരിക്കുകയുണ്ടായി. തന്നെ വളരെയധികം പ്രചോദിപ്പിച്ച വ്യക്തിത്വമാണ് ഓംകാറിന്റേതെന്നും യൂണിസെഫ് അംബാസ്സഡർ കൂടിയായ കരീന പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍