UPDATES

ട്രെന്‍ഡിങ്ങ്

പിണറായിയിലെ മരണങ്ങൾ കൊലപാതകം; സൗമ്യ കുറ്റം സമ്മതിച്ചു; വൻ ആസൂത്രണമുണ്ടെന്ന് സംശയം; കൂട്ടുപ്രതികളുണ്ടാകാമെന്നും പൊലീസ്

ഐശ്വര്യയുടെ ശരീരത്തിലും വിഷപദാർത്ഥത്തിന്റെ അംശമുണ്ടെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്ന പക്ഷം കൊലപാതകത്തിനു പിന്നിലെ ആസൂത്രിത നീക്കങ്ങളും കൂട്ടുപ്രതികളെയും കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമായി വരും.

കണ്ണൂർ പിണറായിയിൽ പിഞ്ചുകുഞ്ഞുൾപ്പെടെ ഒരു വീട്ടിൽ തുടർച്ചയായി സംഭവിച്ച നാലു മരണങ്ങളും കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുടുംബത്തിലെ ശേഷിക്കുന്ന വ്യക്തിയായ സൗമ്യ കുറ്റസമ്മതം നടത്തിയതുവഴിയാണ് സൗമ്യയുടെ മാതാപിതാക്കളുടെയും മക്കളുടെയും മരണകാരണങ്ങൾ വെളിപ്പെട്ടത്.

പിണറായിക്ക് സമീപം കല്ലടി വണ്ണത്താൻ വീട്ടിലാണ് തുടർച്ചയായി സമാനമായ രീതിയിലുള്ള മരണങ്ങൾ സംഭവിച്ചത്. സൗമ്യയുടെ ഇളയ മകൾ കീർത്തന (ഒരു വയസ്സ് ) 2012ലാണ് മരണപ്പെടുന്നത്. തുടർന്ന് സൗമ്യയുടെ മൂത്തമകൾ ഐശ്വര്യ കിഷോർ (എട്ടു വയസ്സ്) 2018 ജനുവരി 21നും, അമ്മ കമല (65 വയസ്സ്) 2018 മാർച്ച് 7നും, പിതാവ് വണ്ണത്താൻ വീട്ടിൽ കുഞ്ഞിക്കണ്ണൻ (77 വയസ്സ്) ഏപ്രിൽ 13നുമാണ് മരണപ്പെട്ടത്. നാലുപേരുടെയും മരണം ഛർദ്ദിയെയും വയറുവേദനയെയും തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കുമ്പോഴായിരുന്നു.

നാലുപേരും സമാന രീതിയിൽ മരണപ്പെട്ടതിനാലും, നാലുപേരെയും വ്യത്യസ്ത ഹോസ്പിറ്റലുകളിൽ ചികിത്സയ്ക്കായി സൗമ്യ കൊണ്ടു പോയി എന്നതിനാലുമാണ് സംഭവങ്ങൾക്ക് പിന്നിലെ അസ്വാഭാവികത പൊലീസ് ശ്രദ്ധിച്ചത്. കീർത്തനയെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിലും, ഐശ്വര്യയെ കോഴിക്കോട്ടെ ആശുപത്രിയിലും, കുഞ്ഞിക്കണ്ണനെ തലശ്ശേരി സഹകരണ ആശുപത്രിയിലും, കമലയെ തലശ്ശേരി സ്വകാര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മരണകാരണം സമാനമായിരുന്നു എന്നതുപോലെ നാലുപേരും ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത് തുടങ്ങിയ മറ്റു സാഹചര്യങ്ങളും സമാനമായിരുന്നു. നാലു പേരുടെയും മരണ സമയത്ത് ആശുപത്രിയിൽ കൂട്ടിരുന്നത് സൗമ്യയാണ്.കഴിഞ്ഞ ദിവസമാണ് ഛർദ്ദിയെയും വയറുവേദനയെയും തുടർന്ന് സൗമ്യയും ആശുപത്രിയിൽ ചികിത്സ തേടിയത്.

ഇതിനിടെ, കിണറ്റിലെ വെള്ളത്തിൽ വിഷാംശമുണ്ടെന്നും, താൻ വെള്ളം സ്വന്തമായി പരിശോധനയ്ക്കയച്ചപ്പോൾ അമോണിയയുടെ സാന്നിധ്യം സ്ഥിരീകരിക്കപ്പെട്ടതാണെന്നും നാട്ടുകാരിൽ പലരോടും സൗമ്യ പറയുകയുണ്ടായി. എന്നാൽ, പിന്നീട് സൗമ്യയുടേതുൾപ്പെടെ പ്രദേശത്തെ 25 വീടുകളിലെയും കിണറുകൾ ഭൂഗർഭജല വകുപ്പ് പരിശോധിച്ചപ്പോൾ അസ്വാഭാവികമായി ഒന്നുമില്ലെന്ന് തെളിയിക്കപ്പെട്ടു.

ഇത്തരത്തിലുള്ള സൗമ്യയുടെ നുണപ്രചരണങ്ങൾ മരണത്തെ സംബന്ധിച്ച നാട്ടുകാരുടെ സംശയങ്ങൾ വർധിപ്പിക്കാൻ കാരണമായി. സൗമ്യയുടെ പെരുമാറ്റത്തിലും കുടുംബത്തിൽ തുടർച്ചയായി സമാന രീതിയിൽ ആവർത്തിച്ച മരണങ്ങളിലും നാട്ടുകാർ മുൻപും സംശയം പ്രകടിപ്പിച്ചിരുന്നു. സംശയങ്ങളെ ബലപ്പെടുത്തിക്കൊണ്ടാണ് കുഞ്ഞിക്കണ്ണന്റെയും കമലയുടെയും ശരീരത്തിൽ സമാനമായ രീതിയിൽ വിഷപദാർത്ഥമായ അലുമിനിയം ഫോസ്‌ഫേറ്റിന്റെ സാന്നിധ്യമുണ്ടെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ഇതേത്തുടർന്നാണ് ഛർദ്ദിയും വയറുവേദനയുമായി ആശുപത്രിയിൽ ചികിത്സയിലിരുന്ന സൗമ്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.

ഈ വർഷം തുടക്കത്തിൽ മരണപ്പെട്ട മൂത്തമകൾ ഐശ്വര്യയുടെ ശരീരം പോസ്റ്റുമോർട്ടം ചെയ്യാതിരുന്നതിനാൽ യഥാർത്ഥ മരണകാരണം വ്യക്തമല്ലായിരുന്നു. അതിനാൽ തിങ്കളാഴ്ച്ച മൃതദേഹം വീണ്ടും പുറത്തെടുത്ത് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി. ഫലങ്ങൾ പുറത്തുവരാനിരിക്കെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ സൗമ്യ കുറ്റം സമ്മതിച്ചത്. ഐശ്വര്യയുടെ ശരീരത്തിലും വിഷപദാർത്ഥത്തിന്റെ അംശമുണ്ടെന്ന് റിപ്പോർട്ടുകൾ തെളിയിക്കുന്ന പക്ഷം കൊലപാതകത്തിനു പിന്നിലെ ആസൂത്രിത നീക്കങ്ങളും കൂട്ടുപ്രതികളെയും കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യമായി വരും. സൗമ്യയെ പോലീസ് റിമാന്റിൽ വിട്ടുവെന്നും, ഐശ്വര്യയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടുതൽ ഗൗരവത്തോടെ കണക്കിലെടുത്ത് അന്വേഷണം മുന്നോട്ട് കൊണ്ടു പോകുമെന്നും തലശ്ശേരി സിഐ പ്രേമചന്ദ്രൻ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍