UPDATES

ട്രെന്‍ഡിങ്ങ്

“ശ്രീവാസ്തവയെ രക്ഷിക്കാൻ കരുണാകരനാണോ റാവുവിനാണോ കൂടുതൽ താൽപര്യം?” -പിണറായി അന്ന് ചോദിച്ചു

രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിൽ കരുണാകരന് പ്രത്യേക താൽപര്യമുണ്ടെന്ന് പിണറായി നിയമസഭയിലെ ചർച്ചാവേളയിൽ ചൂണ്ടിക്കാട്ടി.

1994 ഡിസംബർ 12ന് കേരള സർക്കാർ പുറത്തിറക്കിയ ഒരു വിജ്ഞാനപനം മൂലം ഐഎസ്ആർഒ സിബിഐക്ക് കൈമാറിയിരുന്നു. അതേ വർഷം നവംബർ 30ന് ഡിജിപി നൽകിയ ശുപാർശയിന്മേലായിരുന്നു നടപടി. പിന്നീട് ഹൈക്കോടതിയുടെ ഭാഗത്തു നിന്നും ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള ദക്ഷിണമേഖലാ ഐജിപി രമൺ ശ്രീവാസ്തവയ്ക്കെതിരെ നടപടിയൊന്നും ഉണ്ടാകാത്തതിൽ വിമർശനം വന്നു. ഇതോടെ വിധി വന്ന അതേ ദിവസം (1995 ജനുവരി 13) ശ്രീവാസ്തവയെ സസ്പെൻഡ് ചെയ്തു. ഈ വിഷയങ്ങളിന്മേൽ‌ നിയമസഭയിൽ 1995 ജനുവരി 30ന് നടന്ന ചർച്ച കൗതുകകരമാണ്. രമൺ ശ്രീവാസ്തവയ്ക്കെതിരെ നടപടിയെടുക്കാൻ വൈകിയതിന്റെ പേരിൽ‌ പ്രതിപക്ഷം മുഖ്യമന്ത്രി കെ കരുണാകരനെ വളഞ്ഞിട്ടാക്രമിക്കാൻ ശ്രമിക്കുകയാണ്. എന്നാൽ തന്ത്രശാലിയായ കരുണാകരൻ പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾ സമർത്ഥമായി നേരിടുന്നുണ്ട്. പക്ഷെ, സ്വന്തം പാർട്ടിയിൽ നിന്നുള്ള അംഗങ്ങളാണ് പ്രതിപക്ഷ ആക്രമണങ്ങളുടെ മുൻനിരയിൽ നിന്നിരുന്നത് എന്നതിനാൽ കരുണാകരൻ തികച്ചും പ്രതിരോധത്തിലായിരുന്നു. ഇക്കൂട്ടത്തിൽ ഇന്നത്തെ സാഹചര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ട മറ്റൊരു ശബ്ദം കൂടിയുണ്ടായിരുന്നു. പിണറായി വിജയൻ എന്ന ഇടത് എംഎൽഎയുടേതായിരുന്നു അത്. രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാതിരിക്കുന്നതിൽ കരുണാകരന് പ്രത്യേക താൽപര്യമുണ്ടെന്ന് പിണറായി നിയമസഭയിലെ ചർച്ചാവേളയിൽ ചൂണ്ടിക്കാട്ടി.

ഭരണകക്ഷി എംഎൽഎയായിരുന്ന പിടി തോമസ്സാണ് കരുണാകരനെതിരായ നീക്കം തുടങ്ങിവെച്ചത്. പത്ത് ചോദ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. ക്രൈംബ്രാഞ്ച് ചാരക്കേസില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ലഭിച്ചിട്ടുണ്ടോയെന്നും അതിൽ ഏതെങ്കിലും ഉന്നത ഉദ്യോഗസ്ഥന് ബന്ധമുണ്ടെന്ന് പരാമർശിച്ചിട്ടുണ്ടോയെന്നും പിടി തോമസ് ചോദിച്ചു. രമൺ ശ്രീവാസ്തവയെ പരാമർശിക്കുന്ന റിപ്പോർട്ടായിരുന്നു പിടി തോമസ്സിന്റെ ലാക്ക്. എന്നാൽ ക്രൈംബ്രാഞ്ച് കേസ് അന്വേഷിച്ചിട്ടില്ലെന്നും പകരം ഒരു പ്രത്യേക അന്വേഷണവിഭാഗമാണ് അന്വേഷണം നടത്തിയതെന്നും കരുണാകരൻ മറുപടി നൽകി. പത്താമത്തെ ചോദ്യത്തിന്റെ ഉത്തരത്തിൽ‌ പക്ഷെ രമൺ ശ്രീവാസ്തവ കയറി വന്നു. ചാരക്കേസുമായി ബന്ധപ്പെട്ട് ഏതെങ്കിലും ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുണ്ടോ എന്ന ചോദ്യമായിരുന്നു അത്.

ഇതിനിടെ സിബിഐ ഹൈക്കോടതിയിൽ നൽകിയ അഫിഡവിറ്റ് ചർച്ചയാക്കാൻ പ്രതിപക്ഷത്തുള്ള എസി ഷൺമുഖദാസ് ശ്രമിക്കുകയുണ്ടായി. ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘം പ്രതികളെ ശാരീരികമായി പീഡിപ്പിച്ചാണ് കുറ്റം സമ്മതിച്ചതെന്ന് പറയുന്നത് ശരിയാണോയെന്ന് എസി ഷണ്മുഖദാസ് ചോദിച്ചു. ഇതോടൊപ്പം കുറ്റം ചെയ്തെന്ന് വ്യക്തമായി സസ്പെൻഡ് ചെയ്യപ്പെട്ടയാളെ (രമൺ ശ്രീവാസ്തവയെ) വെറുതെ വിഹരിക്കാൻ വിട്ടതിനെയും അദ്ദേഹം ചോദ്യം ചെയ്തു.

ശ്രീവാസ്തവയെ അറസ്റ്റ് ചെയ്തില്ലെങ്കിൽ അയാൾ തെളിവ് നശിപ്പിക്കുമെന്ന് ഡിജിപിയുടെ ചേംബറിൽ ഐബി ഉദ്യോഗസ്ഥരും ക്രൈംബ്രാഞ്ചിലെ സിബി മാത്യുവും ചർച്ച ചെയ്തിരുന്നോയെന്ന കുനുഷ്ഠ് ചോദ്യവുമായി പിടി തോമസ്സും രംഗത്തെത്തി. ഇതെക്കുറിച്ചൊന്നും തനിക്കോ സർക്കാരിനോ രേഖാമൂലമുള്ള വിവരമില്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു കരുണാകരൻ.

ഇതിൽത്തൂങ്ങി ഇടത് എംഎൽഎ സത്യൻ മൊകേരി രംഗത്തെത്തി. ഡിസംബർ 12 മുതൽ കേസിന്റെ ഗതി മാറിയെന്ന് ഹൈക്കോടതി വിധിയിൽ പരാമർശിച്ചത് മൊകേരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും കേസിൽ അന്യായമായി ഇടപെട്ടതിനു ശേഷമല്ലേ ഇത് സംഭവിച്ചതെന്നായിരുന്നു ചോദ്യം.

ഈ സന്ദർഭത്തിലാണ് പിണറായി വിജയന്റെ ഇടപെടലുണ്ടായത്. ഡിഐജിയുടെ നേത‍ത്വത്തിലുള്ള അന്വേഷണം നടന്നു കൊണ്ടിരിക്കവെ തന്നെ കേസ് സിബിഐക്ക് കൈമാറാൻ സംസ്ഥാനം ആവശ്യപ്പെടുകയായിരുന്നെന്ന് പറഞ്ഞു തുടങ്ങിയ പിണറായി പ്രധാനമന്ത്രി നരസിംഹറാവു തിരുവനന്തപുരത്തെത്തിയതും 24 മണിക്കൂർ തങ്ങിയതും കരുണാകരനെക്കണ്ടതും ശ്രദ്ധയിൽ കൊണ്ടു വരുന്നു. ഈ കൂടിക്കാഴ്ചയിൽ സ്വാഭാവികമായും ചാരക്കേസ് ചർച്ചയായിരിക്കുമല്ലോയെന്ന ചോദ്യമുന്നയിച്ച പിണറായി, രമൺ ശ്രീവാസ്തവയെ സംരക്ഷിക്കാൻ ഏറെ താൽപര്യം കരുണാകരനാണോ പ്രധാനമന്ത്രിക്കാണോയെന്ന മുനയും തൊടുത്തു. കരുണാകരന്റെ താൽപര്യം എല്ലാവർക്കും അറിയാമെന്നും പിണറായി പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥർ രണ്ടുതവണ ചോദ്യം ചെയ്തിട്ടും രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാത്തതിനെ മുൻനിർത്തി കെ കരുണാകരനെ പ്രതിപക്ഷവും ഭരണപക്ഷത്തെ എ ഗ്രൂപ്പും സഭയിലിട്ട് വിചാരണ ചെയ്തിട്ടും ഒറ്റയ്ക്കു നിന്ന് പ്രതിരോധിക്കുന്ന കരുണാകരനെയാണ് ഈ ചർച്ചയിലുടനീളം കാണാനാവുക. അന്ന്, കരുണാകരന്റെ ആശ്രിതനാണെന്ന കാരണംകൂടി മുൻ‌നിർത്തി രമൺ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യിക്കാൻ മുന്നിട്ടിറങ്ങിയ പിണറായി വിജയൻ ഇന്ന് ആ അബദ്ധത്തിന്റെ കണക്ക് ശ്രീവാസ്തവയെ സ്വന്തം പൊലീസ് ഉപദേശകനായി നിയമിച്ച് തീര്‍ത്തിരിക്കുന്നുവെന്ന് കരുതാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍