UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സർക്കാർ റിവ്യൂ ഹരജി പോകില്ല; ബോർഡിനെ വിമർശിച്ച് പിണറായി; ഏതാനും ക്രിമിനലുകളുടെ കോപ്രായം കണ്ട് നടപടിയെടുക്കരുത്

കോടതിവിധി ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സർക്കാര്‍ തയ്യാറല്ലെന്ന് പിണറായി വ്യക്തമാക്കി.

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ സംസ്ഥാന സർക്കാർ പുനപ്പരിശോധനാ ഹരജി നൽകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പത്തനംതിട്ടയിൽ എൽഡിഎഫ് വിശദീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. റിവ്യൂ ഹരജി നൽകാനുള്ള ദേവസ്വം ബോർഡിന്റെ നീക്കത്തെ അദ്ദേഹം വിമർശിച്ചു. റിപ്പോർട്ടും കൊണ്ടുപോയാൽ തിരിച്ചു കിട്ടുന്നത് എന്തായിരിക്കുമെന്ന ബോധ്യമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും കൂട്ടരുടെ കോപ്രായം കണ്ട് ദേവസ്വം ബോർഡ് നടപടിയെടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് വലിയ ഭവിഷ്യത്തുണ്ടാക്കും. ശബരിമല ദർശനത്തിനു വരുന്നു ഭക്തർക്ക് സുരക്ഷയും ശാന്തിയും സൗകര്യവും സർക്കാർ ഒരുക്കും.

തന്ത്രിയുടെ കോന്തലയിൽ തൂക്കിയിട്ട താക്കോലിലാണ് ശബരിമലയുടെ അധികാരമെന്ന് കരുതരുത്. തന്ത്രിയുടെയോ പന്തളം കൊട്ടാരത്തിന്റെയോ സ്വത്തല്ല ശബരിമല. ദേവസ്വം ബോർഡിന്റെ സ്വത്താണത്. അത് മനസ്സിലാക്കി വേണം പെരുമാറാൻ. സാമൂഹ്യ പരിഷ്കരണത്തിനെതിരെ യാഥാസ്ഥിതികർ എക്കാലത്തും പ്രതിഷേധിച്ചിട്ടുണ്ടെന്നും പിണറായി വിജയൻ പറഞ്ഞു.

കോടതിവിധി ദുർബലപ്പെടുത്തുന്ന ഒരു നടപടിക്കും സർക്കാര്‍ തയ്യാറല്ലെന്ന് പിണറായി വ്യക്തമാക്കി. സന്നിധാനത്ത് ചില ക്രിമിനലുകൾ കഴിഞ്ഞദിവസങ്ങളിൽ തമ്പടിച്ചിരുന്നു. അവർക്ക് തങ്ങാനുള്ള സ്ഥലമല്ല ശബരിമല. എല്ലാവർക്കും ദർശനത്തിനു പോകാവുന്ന ഒരു കേന്ദ്രത്തെ അങ്ങനെയല്ലാതാക്കുന്നതിനുള്ള ബോധപൂർവ്വമായ നീക്കമാണ് ആർഎസ്എസ് നടത്തുന്നതെന്നും പിണറായി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍