UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജമ്മു കശ്മീർ നിയമസഭ പിരിച്ചു വിട്ട നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കാലാവധി പൂർത്തിയാക്കാൻ രണ്ടു വർഷം കൂടി ശേഷിക്കുന്ന ജമ്മു കശ്മീർ നിയമസഭ പിരിച്ചുവിട്ട ഗവർണറുടെ നടപടി ജനാധിപത്യ വിരുദ്ധമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനഹിതത്തിന് എതിരായ നീക്കമാണിത്. ബിജെപിക്ക് പങ്കില്ലാത്ത ഒരു സർക്കാർ ഉണ്ടാകുമെന്ന് ഉറപ്പായപ്പോഴാണ് ഗവർണർ നിയമസഭ പിരിച്ചുവിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സർക്കാർ രൂപീകരിക്കാൻ പിഡിപി അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ അവർക്ക് ഭൂരിപക്ഷം തെളിയിക്കാനുള്ള അവസരം നൽകാൻ ഗവർണർക്ക് ഭരണഘടനാപരമായ ബാധ്യതയുണ്ടായിരുന്നു. എന്നാൽ യാതൊരു പരിശോധനയും നടത്താതെ ഗവർണർ നിയമസഭ പിരിച്ചുവിടുകയാണുണ്ടായതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗവർണർമാരെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന രാഷ്ട്രീയക്കളിയുടെ ഭാഗമായേ ഇതിനെ കാണാനാകൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ നയം ദുരുപദിഷ്ടമാണ്. വർഗീയ ധ്രുവീകരണമുണ്ടാക്കാനാണ് ബിജെപി ശ്രമിച്ചു വരുന്നത്. ജനങ്ങളെ കൂടുതൽ അകറ്റാനേ ഈ നയം ഉപകരിക്കൂ എന്നും പിണറായി വ്യക്തമാക്കി.

അതെസമയം, 20 വർഷത്തെ രാഷ്ട്രീയ ജീവിതത്തിനിടയിൽ ഇത്രയും വിചിത്രമായ സാഹചര്യത്തിലൂടെ താൻ കടന്നുപോയിട്ടില്ലെന്നു വ്യക്തമാക്കി പിഡിപി നേതാവ് മെഹബൂബ മുഫ്തി രംഗത്തെത്തി. വിചിത്രമായ നടപടിയിലൂടെ ജമ്മു കശ്മീർ ഗവർണർ നിയമസഭ പിരിച്ചു വിട്ടതിനോട് പ്രതികരിക്കുകയായിരുന്നു അവർ.

തന്റെ ഫാക്സ് സ്വീകരിക്കാൻ ജമ്മു കശ്മീർ രാജ് ഭവൻ തയ്യാറാകാത്തതിൽ പ്രതിഷേധമറിയിച്ച് മെഹ്ബൂബാ മുഫ്തി കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തിരുന്നു. രാജ്ഭവന്റെ ഫാക്സ് മെഷീൻ പ്രവർത്തിക്കുന്നില്ലെന്നു കണ്ട് സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം മെഹബൂബ പിന്നീട് ഗവർണറുടെ ട്വിറ്റർ ഹാൻഡിലിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്യുകയും ചെയ്തു. ഒരു രാഷ്ട്രീയക്കാരിയെന്ന നിലയിൽ 20 വർഷം പിന്നിട്ട താൻ എല്ലാം കണ്ടുവെന്നാണ് ധരിച്ചിരുന്നതെന്നും എന്നാൽ യാഥാർത്ഥ്യം അങ്ങനെയല്ലെന്ന് മനസ്സിലായെന്നും മുഫ്തി ട്വീറ്റ് ചെയ്തു. ഇതേ ട്വീറ്റിൽ നാഷണൽ കോൺഫറൻസ് നേതാവ് ഒമർ അബ്ദുള്ളയ്ക്കും കോണ്‍ഗ്രസ്സ് നേതാവ് അംബികാ സോണിക്കും നന്ദി അറിയിക്കുകയും ചെയ്തു മുഫ്തി. രസകരമായ ഒരു സംഗതി ഈ ട്വീറ്റ് ഒമർ അബ്ദുള്ള റീട്വീറ്റ് ചെയ്തതാണ്. ഏതെങ്കിലും കാലത്ത് മെഹബൂബ മുഫ്തിയുമായി യോജിക്കേണ്ടി വരുമെന്ന് കരുതിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍