UPDATES

കേരളം

ശബരിമലയിൽ വൽസൻ തില്ലങ്കേരി പ്രവർത്തിച്ചത് പൊലീസ് നിർദ്ദേശ പ്രകാരം; വിളിച്ചത് സ്ഥിതി ശാന്തമാക്കാൻ: പിണറായി വിജയൻ

തില്ലങ്കേതി പൊലീസിന്റെ മെഗാഫോൺ ഉപയോഗിച്ചത് വിവാദമായി മാറിയിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

ശബരിമല സന്നിധാനത്ത് വൽസൻ തില്ലങ്കേരി പൊലീസിന്റെ മെഗാഫോണുമായി തന്റെ അനുയായികളോട് സംസാരിച്ചത് പൊലീസിന്റെ നിർദ്ദേശപ്രകാരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പ്രതിഷേധക്കാർക്ക് നിർദ്ദേശം നൽകുകയായിരുന്നു തില്ലങ്കേരി, സ്ഥിതി ശാന്തമാക്കാനാണ് ഇത്തരമൊരു നടപടിയുണ്ടായതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു.

ആർഎസ്എസ് നേതാവ് ക്രമസമാധാന ചുമതല ഏറ്റെടുക്കുകയും മെഗാഫോൺ ഉപയോഗിക്കുകയും ചെയ്തത് പൊലീസിന്റെ വീഴ്ചയല്ലേയെന്ന ചോദ്യത്തിന് സഭയിൽ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തില്ലങ്കേതി പൊലീസിന്റെ മെഗാഫോൺ ഉപയോഗിച്ചത് വിവാദമായി മാറിയിരുന്നു. ഈ വിഷയത്തിൽ മുഖ്യമന്ത്രി ഇതുവരെ പ്രതികരിച്ചിരുന്നില്ല.

നിരോധനാജ്ഞ പ്രഖ്യാപിച്ച ശബരിമലയിൽ ആർഎസ്എസ് നേതാക്കൾക്ക് പ്രത്യേക പരിഗണന ലഭിച്ചില്ലെന്ന് മുഖ്യമന്ത്രി മറ്റൊരു ചോദ്യത്തിനുത്തരമായി പറഞ്ഞു. ശബരിമലയിൽ ക്രമസമാധാനത്തിന് ചുമതലപ്പെട്ടവരൊഴികെ മറ്റാരെങ്കിലും ആധിപത്യം സ്ഥാപിച്ചതായി ശ്രദ്ധയിൽ പെട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലപ്രയോഗം നടത്തേണ്ട സാഹചര്യം ഒഴിവാക്കാന്‍ പൊലീസ് ശ്രമിച്ചിരുന്നു. പ്രതിഷേധക്കാർ മൂലം ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനായിരുന്നു ഇത്.

തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞതിനും മാധ്യമപ്രവർത്തകരെ ആക്രമിച്ചതിനും സന്നിധാനം, പമ്പ, നിലയ്ക്കൽ സ്റ്റേഷനുകളിലായി 58 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. കോടതി ഉത്തരവിന്റെ മറവിൽ വർഗീയധ്രുവീകരണം നടത്തി കേരളത്തെ കലാപഭൂമിയാക്കാൻ ചില ശക്തികൾ ശ്രമിച്ചു. പ്രതികളാക്കപ്പെട്ടവർ ആർഎസ്എസ്-ബിജെപി പ്രവർത്തകരാണ്. സംഘടനകൾ ശബരിമല വിഷയത്തിൽ അണിനിരക്കുന്നത് രാഷ്ട്രീയ നേട്ടത്തിനാണെന്നും അദ്ദേഹം വിശദീകരിച്ചു.

യുവതികളെ ആക്രമിക്കാൻ സാധ്യതയുണ്ടെന്നു കണ്ടാണ് അവർ‌ക്ക് പൊലീസ് സംരക്ഷണം നൽകിയത്. സന്നിധാനത്ത് രക്തച്ചൊരിച്ചിൽ ഒഴിവാക്കാൻ പൊലീസ് പരമാവധി സംയമനം പാലിച്ചു. പരമ്പരാഗത പാതയിലൂടെ വരുന്നവർക്ക് പാസ് ഏർപ്പെടുത്തിയിട്ടില്ല. കാനനപാത വഴി വരുന്നവർക്ക് വാക്കേഴ്സ് കൂപ്പൺ ഏർപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍