UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ക്യാമ്പുകളിൽ രാഷ്ട്രീയം വേണ്ട; വികസനമുരടിപ്പില്ലാതെ കേരളത്തെ പുനർനിർമിക്കുക വെല്ലുവിളി: മുഖ്യമന്ത്രി

ക്യാമ്പുകളിൽ നിന്ന് വീടുകളിലേക്ക് തിരിച്ചുപോകുന്നവർക്ക് നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വീടുകളിലേക്ക് പോകുന്നവർക്ക് അത്യാവശ്യമായ സാധനങ്ങളടങ്ങിയ ഒരു കിറ്റ്‌ നൽകാൻ ആലോചനയുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്തിനു പുറത്തു നിന്നും കേരളത്തെ സഹായിക്കാനായി ഒരു മെഡിക്കൽ ടീം വരുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

നനഞ്ഞുപോയ നോട്ടുകൾ മാറ്റിക്കൊടുക്കാന്‍ റിസർവ്വ് ബാങ്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോട് റിസർവ്വ് ബാങ്ക് യോജിച്ചിട്ടുണ്ട്. ക്യാമ്പുകളുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വഴി മാത്രമേ സഹായങ്ങൾ നൽ‌കാൻ കഴിയൂ. നേരിട്ട് സഹായം നൽകണം എന്നു പറഞ്ഞാൽ അത് സമ്മതിക്കാൻ കഴിയില്ല.

ചില സംഘടനകൾ അവരുടെ അടയാളങ്ങളോടു കൂടി ക്യാമ്പില്‍ കടക്കാൻ ശ്രമിക്കുന്നുണ്ട്. അത് അനുവദിക്കാൻ കഴിയില്ല, ക്യാമ്പ് ഇപ്പോൾ ഒരു വീടാണ്. അത് നശിപ്പിക്കാൻ അനുവദിക്കില്ല.

ഓണം വേണ്ടെന്നു വെച്ചിട്ടുണ്ട്. ആർഭാടകരമായ ചടങ്ങുകളെല്ലാം ഒഴിവാക്കാം. എന്നാൽ ചില ചടങ്ങുകൾ നമുക്ക് പാലിക്കാം. ആർഭാടം ഒഴിവാക്കി ആ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ‌ തയ്യാറാകണം.

ദുരിതാശ്വാസത്തിന്റെ പേരിൽ ചിലർ ഫണ്ട് സ്വീകരിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനെതിരെ കർക്കശ നടപടി സ്വീകരിക്കും. ആളൊഴിഞ്ഞ വീടുകളിൽ കടന്നുകയറി മോഷണം നടത്തുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും.

രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊഴിലാളികൾക്ക് ഈ വരുന്ന 29ന് തിരുവനന്തപുരത്തു വെച്ച് ആദരവ് നൽകും. ഈ പരിപാടിയിൽ എല്ലാവരും പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. ഇവരെ പങ്കെടുപ്പിക്കാൻ അതാത് തദ്ദേശഭരണ സ്ഥാപനങ്ങളാണ് നേതൃത്വം നൽകേണ്ടത്. ഇതോടൊപ്പം രക്ഷാപ്രവർത്തനത്തിനിറങ്ങിയ യുവതീയുവാക്കളെയും മുഖ്യമന്ത്രി അഭിനന്ദിച്ചു. ഭാവിതലമുറ നമ്മുടെ ഉജ്ജ്വലമായ സംസ്കാരത്തിന്റെ പതാകാവാഹകരാകുന്നു എന്നതാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദുരിതമേഖലകളിൽ സേവനമനുഷ്ഠിച്ച ഡ്രൈവർമാരെയും സർക്കാർ മാനിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

നാട്ടിലെ അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം അടക്കമുള്ള സൗകര്യങ്ങൾ നൽകാൻ തദ്ദേശ സ്ഥാപനങ്ങൾ നേതൃത്വം നൽകും.

തകർന്നുപോയ ജീവിതങ്ങളെ തിരിച്ചു കൊണ്ടുവരാനാണ് ഇനി ഊന്നൽ നൽകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുനർനിർമാണത്തിന്റെ സാധ്യതകളെ വിശദമായി വിലയിരുത്തിയിട്ടുണ്ട്. സംസ്ഥാന വാർഷിക പദ്ധതി അടങ്കൽ 37428 കോടി രൂപയാണ്. ഇതിൽ പതിനായിരം കോടി രൂപ മാത്രമാണ് നിർമാണപ്രവർത്തനങ്ങൾക്കു വേണ്ടി മാറ്റിവെച്ചിട്ടുള്ളത്. ഏതാണ്ട് ഒരു വർഷത്തെ പദ്ധതി അടങ്കലിനുള്ള അതേ തുക തന്നെ വേണ്ടിവരും പുനർനിർമാണത്തിന്. വികസന മുരടിപ്പില്ലാതെ ഈ പ്രശ്നത്തെ പരിഹരിക്കുക എന്നതാണ് സംസ്ഥാനം ഇനി നേരിടാനുള്ള പ്രധാന വെല്ലുവിളി.

ഒരു പഞ്ചവൽസര പദ്ധതിക്ക് സമാനമായ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കാണ് നമ്മളിനി തയ്യാറെടുക്കേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന് ഇതൊരു വലിയ വെല്ലുവിളിയാണ്. ഇവിടെയാണ് കേന്ദ്ര സർക്കാരിന്റെ സഹായം അതിപ്രധാനമായി വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍