UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വാജ്പേയിക്കും ഗാന്ധിക്കും നെഹ്റുവിനുമെതിരെ മോശം പരാമർശം; എഎപി നേതാവിനെതിരെ പൊലീസ് കേസ്

ജനശ്രദ്ധ കിട്ടാനായി ശ്രമം നടത്തുകയായിരുന്നു അശുതോഷെന്ന് കോടതി പറഞ്ഞു.

എഎപി നേതാവ് അശുതോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ദില്ലി പൊലീസിന് നിർദ്ദേശം. അടൽ ബിഹാരി വാജ്പേയി, ജവഹർലാൽ നെഹ്റു, മഹാത്മാ ഗാന്ധി എന്നിവർക്കെതിരെ തന്റെ ബ്ലോഗിൽ നടത്തിയ പരാമർശങ്ങളാണ് അശുതോഷിന് വിനയായത്. 2016ൽ എഴുതിയ ഒരു ബ്ലോഗിലാണ് കേസിനാസ്പദമായ പരാമർശങ്ങൾ വന്നത്.

ലൈംഗികാപവാദത്തിൽ കുടുങ്ങിയ ഒരു എഎപി മുൻ എംഎൽഎയെ പ്രതിരോധിക്കാനായി രാജ്യം ബഹുമാനിക്കുന്ന നേതാക്കൾക്കെതിരെ കടുത്ത ലൈംഗികാപവാദങ്ങൾ പ്രചരിപ്പിച്ചു എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനാലാണ് കോടതി അശുതോഷിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉത്തരവിട്ടത്.

ശ്രദ്ധ നേടാൻ വേണ്ടി മഹാത്മാ ഗാന്ധിക്കു നേരെ വിൽ ചൂണ്ടാൻ എളുപ്പമാണെന്നും എന്നാൽ, അദ്ദേഹത്തോളം ഉയരാൻ എളുപ്പമല്ലെന്നും അഡീഷണൽ ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റ് ഏക്ത ഗൗബ നിരീക്ഷിച്ചു. ജനശ്രദ്ധ കിട്ടാനായി ശ്രമം നടത്തുകയായിരുന്നു അശുതോഷെന്ന് കോടതി പറഞ്ഞു. യുവാക്കളുടെ മനസ്സിൽ തെറ്റായ ധാരണകൾ കടത്തുവാനേ അശുതോഷിന്റെ ലേഖനത്തിന് സാധിക്കൂവെന്നും കോടതി വ്യക്തമാക്കി.

എന്നാൽ, ഗാന്ധിജിയുടെ കടുത്ത ആരാധകനായ താൻ അദ്ദേഹത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കില്ലെന്ന് അശുതോഷ് ട്വീറ്റ് ചെയ്തു. ബ്ലോഗ് പോസ്റ്റ് ചെയ്ത് രണ്ടു വർഷത്തിനു ശേഷം കോടതിയിൽ പോയവരുടെ ഉദ്ദേശ്യം തന്നെ കുടുക്കുക എന്നതും അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുക എന്നതുമായിരുന്നെന്ന് അശുതോഷ് ആരോപിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍