UPDATES

തെരഞ്ഞെടുപ്പ് 2019

ഉച്ചതിരിയുമ്പോൾ സംസ്ഥാനത്ത് പോളിങ് 57 ശതമാനം കടന്നു; വയനാടും കണ്ണൂരും ഉയർന്ന പോളിങ്

ആലത്തൂരിലാണ് ഏറ്റവും കുറവ് പോളിങ്.

സംസ്ഥാനത്ത് പോളിങ് ശതമാനം ഔദ്യോഗികമായി 55 ശതമാനം കടന്നു. 57 ശതമാനമെത്തിയെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നു. ഉച്ചതിരിഞ്ഞ് രണ്ടരയോടെ പുറത്തുവന്ന കണക്കുകൾ പ്രകാരമാണിത്. വയനാടും കണ്ണൂരുമാണ് ഏറ്റവും കൂടുതൽ പോളിങ് രേഖപ്പെടുത്തിയത്. വയനാട് 59.57 ശതമാനമാണ് പോളിങ്. കണ്ണൂരിൽ 59.29 ശതമാനം പോളിങ് രേഖപ്പെടുത്തി.

കോട്ടയത്തും നല്ല പോളിങ് നടക്കുന്നുണ്ട്. ഏറ്റവുമൊടുവിലത്തെ റിപ്പോർട്ട് പ്രകാരം 57.64 ആണ് പോളിങ്. ആലത്തൂരിലാണ് ഏറ്റവും കുറവ് പോളിങ്. ഇവിടെ 53.79 ശതമാനം പോളിങ് ഇതുവരെ രേഖപ്പെടുത്തി.

ഏറ്റവുമൊടുവിലെത്തിയ പോളിങ് കണക്കുകൾ

കാസറഗോഡ് 55.57
കണ്ണൂർ‌ 59.29
വടകര 55
വയനാട് 59.79
കോഴിക്കോട് 52.97
മലപ്പുറം 51.67
പൊന്നാനി 48.97
പാലക്കാട് 57.78
ആലത്തൂർ 53.79
തൃശ്ശൂര്‍ 56.43
ചാലക്കുടി 54.55
എറണാകുളം 50.87
ഇടുക്കി 56.42
കോട്ടയം 57.64
ആലപ്പുഴ 55.37
മാവേലിക്കര 54.16
പത്തനംതിട്ട 55.35
കൊല്ലം 55.06
ആറ്റിങ്ങൽ 55.00
തിരുവനന്തപുരം 55.30

അതെസമയം സംസ്ഥാനത്ത് ചിലയിടങ്ങളിൽ വോട്ടിങ് യന്ത്രത്തിൽ ക്രമക്കേടുണ്ടെന്നാരോപിച്ച പരാതിക്കാർക്കെതിരെ കേസ്സെടുക്കുന്ന നടപടികളിലേക്ക് ഇലക്ഷൻ കമ്മീഷൻ നീങ്ങുകയാണ്. ഇതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തു വന്നു. പരാതിപ്പെടുന്നവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന രീതിയാണിതെന്നും പരാതിക്കാർ തന്നെ സാങ്കേതിക പ്രശ്നം തെളിയിക്കണമെന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. കോവളം, പട്ടം, ചേര്‍ത്തല എന്നിവിടങ്ങളിലെ ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രത്തിന് തകരാറുണ്ടെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. കോവളത്തും ചേര്‍ത്തലയിലും ആക്ഷേപം ഉന്നയിച്ചവര്‍ പിന്‍വാങ്ങിയെങ്കിലും പട്ടത്ത് പരാതിക്കാരന്‍ ഉറച്ചുനിന്നു. എബിൻ എന്ന ഈ പരാതിക്കാരനെതിരെയാണ് നടപടി വന്നിരിക്കുന്നത്. ഐപിസി 177 പ്രകാരമാണ് കേസ്. വോട്ടിങ് മെഷീനിൽ താൻ വോട്ടു ചെയ്തയാൾക്കല്ല വിവിപാറ്റ് മെഷീനിൽ വോട്ട് വീണതായി കാണിച്ചതെന്നായിരുന്നു എബിന്റെ പരാതി. ഇതോടെ പരിശോധന നടത്താൻ പ്രിസൈഡിങ് ഓഫീസർ തയ്യാറെടുക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ വോട്ടിങ് മെഷീനിൽ രേഖപ്പെടുത്തിയ ആൾക്കു തന്നെ വോട്ട് വീണതായി കാണിച്ചു. ഇതോടെ പരാതിപ്പെട്ടയാൾ കുടുങ്ങി.

വോട്ടിങ് മെഷീനിൽ പ്രശ്നമുണ്ടെന്ന് ആരോപിക്കുന്നയാൾ തന്നെ അത് തെളിയിക്കണമെന്നാണ് ഇലക്ഷൻ കമ്മീഷൻ നിലപാടെടുത്തിരിക്കുന്നത്. ഇതിനു ശേഷം പരാതികളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആരോപണം തെറ്റാണെന്നു തെളിഞ്ഞാൽ പരാതിക്കാരനെ ഉടനെ പൊലീസിലേൽപ്പിക്കുമെന്ന കർക്കശ നിലപാടാണ് കമ്മീഷൻ എടുത്തിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍