UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോണ്ടിച്ചേരി സര്‍വ്വകലാശാലയിലെ ഫീസ് വർധന: സമരം താൽക്കാലികമായി അവസാനിപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ

അടുത്ത അധ്യയന വർഷത്തേക്കുള്ള ഫീസ് കുത്തനെ വർധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സമരം താൽക്കാലികമായി നിർത്തി വെച്ചു. സർവ്വകലാശാല അധികൃതർ വിദ്യാർത്ഥികളുമായി ചർച്ചയ്ക്ക് തയ്യാറായ സാഹചര്യത്തിലാണ് നടപടി. സ്റ്റുഡന്റസ് കൗൺസിലിനൊപ്പം എസ്.എഫ്.ഐ, എ.എസ്.എ, എൻ.എസ്.യു(ഐ), എം.എസ്.എഫ്, എസ്.ഐ.ഒ, എ.ഐ.എസ്.എഫ്, എ.പി.എസ്.എഫ് എന്നീ വിദ്യാർത്ഥി സംഘടനകളും ചേർന്നുള്ള ആക്ഷൻ കമ്മിറ്റിയാണ് ഈ സമരപരിപാടികൾ കുറച്ചുനാളായി സർവ്വകലാശാലയിൽ നടത്തി വരുന്നത്. പ്രൈവറ്റ് കോളജിനു സമാനമായ രീതിയിൽ ഫീസുകൾ കുത്തനെ വർധിപ്പിച്ചെന്നാണ് വിദ്യാര്‍ത്ഥികൾ ചൂണ്ടിക്കാണിക്കുന്നത്.

എംബിഎ ഡിപ്പാർട്മെന്റിലെ ഫീസ് 125 ശതമാനമായി വർധിപ്പിച്ചെന്ന് വിദ്യാർത്ഥികള്‍ പറയുന്നു. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും വ്യത്യസ്ത സാഹചര്യങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന ക്യാമ്പസ്സിൽ ഫീസ് വർധന സാമ്പത്തികമായി പ്രതിസന്ധി സൃഷ്ടിക്കുമെന്ന് സമരത്തിലേർപ്പെട്ട സംഘടനകൾ പറയുന്നു. ഉന്നത വിദ്യാഭ്യാസ സംവിധാനങ്ങളിൽ നിന്ന് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയ ഒരു ശതമാനത്തെ പിന്നോട്ട് വലിക്കുമെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. എബിവിപി ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തിലുണ്ട്.

യൂണിവേഴ്സിറ്റി തീരുമാനത്തിൽ സ്റ്റുഡന്റസ് കൗൺസിൽ പ്രതിഷേധം അറിയിച്ച് സർവ്വകലാശാല അധികൃതര്‍ക്ക് പരാതി നൽകിയിരുന്നു. അധികൃതർ യൂണിയൻ ഭാരവാഹികളുമായി ചർച്ചയ്ക്കു തയ്യാറായെങ്കിലും ഫീസ് കുറയ്ക്കുന്നതിൽ തീരുമാനമായില്ല. തുടർന്ന് യൂണിയനും ഭരണത്തിലുള്ള എസ്.എഫ്.ഐ യൂണിറ്റും മറ്റു സംഘടനകളുമായി ചേർന്ന് ബഹുജന വിദ്യാർത്ഥി പങ്കാളിത്തത്തോടെ പ്രതിഷേധം സംഘടിപ്പിക്കുകയായിരുന്നു.

പത്ത് ഡിപ്പാർട്മെന്റുകളിലെ ഫീസുകൾ‌ വർധിപ്പിച്ചതിൽ എം.സി.എ വിഭാഗത്തിന്റെ ഫീസ് വർധന 225 ശതമാനമായിരുന്നു. കഴിഞ്ഞ അധ്യയന വർഷം ഫസ്റ്റ് സെമസ്റ്ററിൽ 18,300 ആയിരുന്ന ഫീസ് പുതിയ അധ്യായന വർഷം 46,391 ആയി മാറി. ഇങ്ങനെ ഓരോ ഡിപ്പാർട്മെന്റിലും ഓരോ സെമസ്റ്ററിലും കുത്തനെയുള്ള വർധനയാണ് യൂണിവേഴ്സിറ്റി നടപ്പാക്കിയത്.
രാജ്യത്തെ കേന്ദ്ര സർവ്വകലാശാലകളിൽ എറ്റവുമധികം ഫീസ് ഈടാക്കുന്നത് പോണ്ടിച്ചേരി സർവ്വകലാശാലയാണെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു. മറ്റൊരു യൂണിവേഴ്‌സിറ്റിയും ഇത്രയും വർധന നടപ്പിലാക്കിയിട്ടില്ലെന്നും വിദ്യാർത്ഥികൾ പറയുന്നു.

ആകെ 83 ശതമാനത്തിന്റെ ഫീസ് വർധനവാണ് യൂണിവേഴ്സിറ്റി ആകമാനം എല്ലാ വിഷയങ്ങൾകൂടെ നടപ്പിലാക്കുക. അനിയന്ത്രിതമായ ഫീ വർധന പിൻവലിക്കുക, ദളിത് വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി ഹോസ്റ്റൽ സൗകര്യം ഏർപ്പെടുത്തുക, സെമസ്റ്റർ പരീക്ഷകൾക്ക് എക്സ്ടേർണൽ ഇവാല്യുവേഷൻ ഏർപ്പെടുത്തുകയും, റീവാല്യുവേഷൻ സാധൂകരിക്കുകയും ചെയ്യുക, പോണ്ടിച്ചേരിയിലെ വിദ്യാർത്ഥികൾക്ക് 25 ശതമാനം സംവരണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യങ്ങൾ. ചൊവ്വാഴ്ച്ച രാവിലെ ആരംഭിച്ച സമരം അഡ്മിൻ ബ്ലോക്കിന് മുൻപിൽ അഞ്ചു മണിക്കൂറോളം നീണ്ടു. തുടർന്ന് ജോയിന്റ് ആക്ഷൻ കൗൺസിലിലെ പതിനാറു അംഗങ്ങളുമായി ഇൻചാർജ് വി.സി നടത്തിയ ചർച്ചയിൽ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം അറിയിക്കാമെന്ന് പറഞ്ഞു.

താൽക്കാലികമായി സമരം നിർത്തി വെക്കാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഒരാഴ്ചയ്ക്കുള്ളിൽ അനുഭാവപൂർവ്വമായ നിലപാട് സർവ്വകലാശാലയുടെ ഭാഗത്തു നിന്നുണ്ടായില്ലെങ്കിൽ സമരവുമായി മുൻപോട്ടു പോകുമെന്ന് എസ്.എഫ്.ഐ പോണ്ടിച്ചേരി യൂണിറ്റ് സെക്രട്ടറി അഭിജിത് സുധാകരൻ പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍