UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബാലഭാസ്കറിന്റെ നിലയിൽ നേരിയ പുരോഗതി; ജീവൻരക്ഷാ സംവിധാനങ്ങളുടെ തോത് കുറയ്ക്കുന്നു

ആരോഗ്യമന്ത്രി കെകെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി വിവരമുണ്ട്.

കാറപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സംഗീതജ്ഞൻ ബാലഭാസ്കറിന്റെ നിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ജീവൻരക്ഷാ സംവിധാനങ്ങളുടെ സഹായത്തോടെ തന്നെയാണ് ചികിത്സ നടന്നു കൊണ്ടിരിക്കുന്നത്. എങ്കിലും ഇവയുടെ തോത് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.

ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടെ നില മെച്ചപ്പെട്ടു വരികയാണെന്നും ഡോക്ടർ‍മാർ അറിയിച്ചു. ഡ്രൈവർ അർജുനന്റെ നിലയും മെച്ചപ്പെടുന്നതായി കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകളിലുണ്ടായിരുന്നു. പുതിയ റിപ്പോർട്ടുകളിൽ ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമല്ല.

ബാലഭാസ്കറിന്റെയും ഭാര്യയുടെയും ചികിത്സയ്ക്കായി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ നിന്നും വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ എത്തിക്കാൻ സർ‍ക്കാർ ആലോചിക്കുന്നുണ്ട്. ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രി കെകെ ശൈലജ കേന്ദ്ര ആരോഗ്യമന്ത്രിയുമായി സംസാരിച്ചതായി വിവരമുണ്ട്.

കഴുത്തിനും സുഷുമ്ന നാഡിക്കും ശ്വാകോശത്തിനുമുള്ള തകരാറുകളോടാണ് ബാലഭാസ്കർ ഇപ്പോൾ മല്ലിടുന്നത്. കഴുത്തിലെ കശേരുക്കൾക്ക് ക്ഷതമുണ്ടായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു. സുഷുമ്ന നാഡിക്കുണ്ടായ ക്ഷതം പരിഹരിക്കാനുള്ള ശസ്ത്രക്രിയയും നടത്തേണ്ടതുണ്ട്.

ചൊവ്വാഴ്ച പുലർച്ചെയായിരുന്നു ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ മകൾ തേജസ്വിനി മരിച്ചു. തൃശ്ശൂരിൽ നിന്നും ക്ഷേത്രദർശനം കഴിഞ്ഞ് തിരുവനന്തപുരത്തേയ്ക്ക് മടങ്ങുമ്പോൾ പള്ളിപ്പുറത്ത് വെച്ചാണ് അപകടമുണ്ടായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍