UPDATES

ട്രെന്‍ഡിങ്ങ്

ആന്റണി മാടശ്ശേരിയിൽ നിന്നും പിടിച്ചെടുത്തത് 16 കോടി; റിപ്പോർട്ട് ചെയ്തത് 9.66 കോടി; ബാക്കി എവിടെയെന്ന് അന്വേഷിക്കാൻ പഞ്ചാബ് ഡിഐജിയുടെ ഉത്തരവ്

കണക്കിൽ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആൻറണി മാടശ്ശേരി ഉൾപ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

ഫ്രാങ്കോ മുളയ്ക്കലിന്റെ അടുത്ത അനുയായി ഫാദർ ആന്റണി മാടശ്ശേരിയിൽ നിന്നും പിടിച്ചെടുത്ത 16 കോടി രൂപയിൽ നിന്നും 6.4 കോടി രൂപ എവിടെപ്പോയെന്ന് അന്വേഷിക്കാൻ പഞ്ചാബ് ഡിഐജി ദിൻകർ ഗുപ്തയുടെ ഉത്തരവ്. തിങ്കളാഴ്ചയാണ് ജലന്ധറിലെ പ്രതാപ് പുരയിലുള്ള ഫ്രാൻസിസ്കൻ മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിൻറെ ജനറേറ്റർ ഓഫീസിൽ ചാക്കില്‍ കെട്ടിയ നിലയില്‍ പണം കണ്ടെത്തിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രൂപം കൊടുത്ത ഫ്രാൻസിസ്ക്കൻ മിഷണറീസ് ഓഫ് ജീസസിന്‍റെ ഡയറക്ട‍ർ ജനറാൾ ആണ് ഫാദർ ആന്റണി മാടശ്ശേരി. കണക്കിൽ പെടാത്ത പണം കൈവശം വച്ചതിന് ഫാ ആൻറണി മാടശ്ശേരി ഉൾപ്പടെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

16 കോടി രൂപ പിടിച്ചെടുത്തെങ്കിലും പൊലീസ് രേഖകളിൽ കാണിച്ചിരിക്കുന്നത് 9.66 കോടിയാണെന്നാണ്. ഇതിൽ നിന്നും 6.4 കോടി രൂപ കാണാതായ വിവരം ലുധിയാന ഡിഐജി ആർഎസ് ഖത്രിയാണ് ഡിഐജിയെ അറിയിച്ചത്. ഹവാല പണമാണിതെന്നാണ് പൊലീസ് കരുതുന്നത്.

വെള്ളിയാഴ്ച്ച രാത്രി എന്‍ഫോഴ്‌സ്‌മെന്റ് രൂപ കണ്ടെത്തിയപ്പോള്‍ ഫാ. ആന്റണി നല്‍കിയ വിശദീകരണം ആ പണം സ്‌കൂള്‍ നടത്തിപ്പിനായി സൂക്ഷിച്ചിരുന്നതാണെന്നാണ്. സ്‌കൂളുകളിലേക്ക് സ്റ്റേഷനറി സാധനങ്ങള്‍ വാങ്ങിക്കാനും ശമ്പളം നല്‍കുന്നതിനുമായുള്ള പണമാണിതെന്നും അടുത്ത ദിവസം അകൗണ്ടില്‍ നിക്ഷേപിക്കാനിരുന്നതാണെന്നും ഫാ. ആന്റണി എന്‍ഫോഴ്‌സിമെന്റിനെ അറിയിച്ചിട്ടുണ്ട്. ആന്റണിയുടെ ബാങ്കും ഈ പണം ഹവാല പണമല്ലെന്ന് അവകാശപ്പെട്ട് രംഗത്തുണ്ട്.

പൊലീസ് സംഘം നടത്തിയ വാഹനപരിശോധനയില്‍ ജലന്ധറില്‍ നിന്നും അംബാലയിലേക്ക് പോവുകയായിരുന്ന മാരുതി ബ്രീസ, ഇന്നോവ, ഫോഡ് ഇക്കോ സ്‌പോട്ട് എന്നീ വാഹനങ്ങളില്‍ നിന്നും 9,66,61,700 രൂപ കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ വന്നത്. ഇതില്‍ ഫോഡ് ഇക്കോ സ്‌പോട്ട് കാറില്‍ ഉണ്ടായിരുന്നത് ഫാ. ആന്റണി മാടശ്ശേരിയായിരുന്നു. ഫാ. ആന്റണിയെ കൂടാതെ പണം കണ്ടെത്തിയ സംഭവത്തില്‍ രച്പാല്‍ സിംഗ്, രവീന്ദര്‍ ലിംഗായത്ത്, ശിവാംഗി ലിംഗായത്ത്, അശോക് കുമാര്‍, ഹര്‍പാല്‍ സിംഗ് എന്നിവരെയും കസ്റ്റഡിയില്‍ എടുത്തിരുന്നു. സ്ത്രീയായ ശിവാംഗി രവീന്ദര്‍ ലിംഗായത്തിന്റെ ഭാര്യയാണ്. എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ എടുത്ത ഫാ. ആന്റണി അടക്കമുള്ളവരെ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചിരുന്നു. പിടിച്ചെടുത്ത പണത്തിന്റെ ഉറവിടവുംകണക്കുകളും ഹാജാരാക്കാന്‍ ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യമായ വിവരങ്ങളാണ് നല്‍കുന്നതെങ്കില്‍ പിടിച്ചെടുത്ത പണം തിരികെ നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍