UPDATES

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും

നാളെ ഉച്ചയ്ക്ക് 1.15ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.

കോൺഗ്രസ്സ് ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് കേരളം സന്ദർശിക്കും. ഇന്നും നാളെയുമായി അദ്ദേഹം പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കും. ഇന്ന് പത്തു മണിക്ക് ആലപ്പുഴ ചെങ്ങന്നൂരിലെ ക്യാമ്പിലായിരിക്കും ആദ്യ സന്ദർശനം.

ഉച്ചയ്ക്ക് 12 മണിക്കു ശേഷം ആലപ്പുഴയിലെ കാമെലോട്ട് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങിൽ രാഹുല്‍ പങ്കെടുക്കും. രക്ഷാപ്രവർത്തനത്തിൽ മത്സ്യത്തൊഴിലാളികൾ വഹിച്ച സ്തുത്യർഹമായ പങ്കിനെക്കുറിച്ച് അദ്ദേഹം സംസാരിക്കും. മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ടവര്‍ക്കു കെപിസിസി നിര്‍മിച്ചു നല്‍കുന്ന 1000 വീടുകളില്‍ 20 എണ്ണം നിര്‍മിക്കാനുള്ള തുക ഈ പരിപാടിയിൽ വെച്ച് രാഹുൽ ഗാന്ധി കൈമാറും. ആലപ്പുഴ, തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിലെ ക്യാമ്പുകൾ സന്ദർശിച്ച് സംവിധാനങ്ങൾ വിലയിരുത്തുകയും ദുരിതബാധിതരോട് സംസാരിക്കുകയും ചെയ്യും രാഹുൽ ഗാന്ധി. രാത്രി കൊച്ചിയിൽ സർക്കാർ ഗസ്റ്റ് ഹൗസിൽ തങ്ങും.

29നു രാവിലെ എറണാകുളം ജില്ലയിലെ ക്യാംപുകളില്‍ വിതരണം ചെയ്യാന്‍ ഡിസിസി സംഭരിച്ച ഭക്ഷ്യവസ്തുക്കളും മറ്റും നിറച്ച ലോറികളുടെ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. നാളെ വയനാട് മേഖലയിലെ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കാനും പരിപാടിയുണ്ട്. കേരളത്തെ പുനർനിർമിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സാലറി ചാല‍ഞ്ച് അടക്കമുള്ള പരിപാടികൾ നടക്കുന്നതിൽ രാഹുൽ ഗാന്ധി തന്റെ പങ്കാളിത്തവും ഉറപ്പുവരുത്തിയേക്കുമെന്ന് വാർത്തകളുണ്ട്.

നാളെ ഉച്ചയ്ക്ക് 1.15ന് കോഴിക്കോട് വിമാനത്താവളത്തിലെത്തുന്ന രാഹുൽ ഗാന്ധി പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് മടങ്ങും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍