UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇതിലധികം എന്തു തെളിവു വേണം? ജലീൽ ഉടനെ രാജിവെക്കണമെന്ന് രമേശ് ചെന്നിത്തല

പികെ ഫിറോസ് പുറത്തുവിട്ട രേഖകൾ ആധികാരികമാണെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു.

തന്റെ ബന്ധുവിനെ വഴിവിട്ട രീതിയിൽ നിയമനം നൽകുന്നതിന് മന്ത്രി കെടി ജലീൽ ഇടപെട്ടതിന്റെ തെളിവുകൾ പുറത്തുവന്നതായും അദ്ദേഹം ഉടൻ രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ തസ്തികയിൽ തന്റെ ബന്ധുവിനെ നിയമിക്കുന്നതിനായി യോഗ്യതയിൽ മാറ്റം വരുത്താൻ മന്ത്രി നിർദ്ദേശിച്ചെന്നാരോപിച്ച് ചില രേഖകളുമായി മുസ്ലിം യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന.

പികെ ഫിറോസ് പുറത്തുവിട്ട രേഖകൾ ആധികാരികമാണെന്ന് രമേശ് ചെന്നിത്തല അവകാശപ്പെട്ടു.

വ്യക്തമായ സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണ് നടന്നിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. ഇനിയും ജലീൽ മന്ത്രിസ്ഥാനത്തു തുടരുന്നത് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. മുഖ്യമന്ത്രി രാജി ചോദിച്ചു വാങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി കെടി ജലീലിനെ കരിങ്കൊടി കാട്ടിയുള്ള പ്രതിഷേധം മുസ്ലിം ലീഗ് തുടരുകയാണ്. ഇന്ന് കൊല്ലത്ത് മുസ്ലിം ലീഗ് കരിങ്കൊടി കാട്ടുകയുണ്ടായി. ചാത്തന്നൂരിൽ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്ത അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍