UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തിരുവല്ല കേന്ദ്രീകരിച്ച് ഇന്ന് രക്ഷാപ്രവര്‍ത്തനം; തഹസീൽദാരെ സസ്പെൻഡ് ചെയ്തു

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസീല്‍ദാര്‍ ചെറിയാന്‍ വി കോശിയെ ജില്ലാ കളക്ടര്‍ പിബി നൂഹ് സസ്‌പെന്‍ഡ് ചെയ്തു.

ജില്ലയിൽ പ്രളയം മൂന്നാംദിവസം പിന്നിടവേ ഇന്ന് തിരുവല്ല കേന്ദ്രീകരിച്ച് വിപുലമായ രക്ഷാപ്രവര്‍ത്തനം നടത്തുമെന്ന് ജില്ലാ കളക്ടര്‍ പിബി നൂഹ് പറഞ്ഞു. കുടുങ്ങിക്കിടക്കുന്ന എല്ലാവരേയും രക്ഷിക്കുന്നതിന് മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ്, ഡിഐജി ഷെഫീന്‍ അഹമ്മദ്, ജില്ലാ കളക്ടര്‍ പിബി നൂഹ്, ജില്ലാ പോലീസ് മേധാവി ടി. നാരായണന്‍ എന്നിവര്‍ തിരുവല്ല കേന്ദ്രീകരിച്ച് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കും.

പ്രളയക്കെടുതി രൂക്ഷമായ പെരിങ്ങര, നെടുമ്പ്രം, നിരണം, കടപ്ര, കുറ്റൂര്‍ തുടങ്ങിയ വില്ലേജുകള്‍ക്ക് ശ്രദ്ധ നല്‍കിയാവും രക്ഷാപ്രവര്‍ത്തനം. ഇതിനു പുറമേ സമീപ വില്ലേജുകളിലെ പ്രളയ സ്ഥിതി തല്‍സമയം വിലയിരുത്തി രക്ഷാപ്രവര്‍ത്തനം നടത്തും. ഇന്നത്തെ രക്ഷാ പ്രവര്‍ത്തനത്തിനായി തിരുവല്ലയില്‍ 70 ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്. രാവിലെതന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിക്കും.

ഇതിനാവശ്യമായ ഉദ്യോഗസ്ഥരെ എല്ലാ സ്ഥലങ്ങളിലും നിയോഗിച്ചിട്ടുണ്ട്. കോഴഞ്ചേരി താലൂക്കിലെ ഒറ്റപ്പെട്ടു കിടക്കുന്ന മേഖലകള്‍ കേന്ദ്രീകരിച്ച് ഇന്നും ഊര്‍ജിത രക്ഷാപ്രവര്‍ത്തനം തുടരും. ആറന്മുളയിലെ ആറാട്ടുപുഴ ഉള്‍പ്പെടെയുള്ള മേഖലകളില്‍ കുടുങ്ങി കിടക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റും. ഇന്നലെ ഏറ്റവും കൂടുതല്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത് ആറന്മുളയിലും കോഴഞ്ചേരി താലൂക്കിലെ മറ്റ് പ്രദേശങ്ങളിലുമായിരുന്നു. റാന്നി താലൂക്കില്‍ രക്ഷാപ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. വീടുകളില്‍ നിന്നു മാറാന്‍ സന്നദ്ധരല്ലാത്തവര്‍ മാത്രമാണ് ഇപ്പോഴും ഒറ്റപ്പെട്ട വീടുകളില്‍ തുടരുന്നത്.

അടൂര്‍ താലൂക്കിലെ പന്തളം മേഖലയില്‍ കുറച്ചു പ്രശ്‌നം അനുഭവപ്പെട്ടിട്ടുണ്ട്. ഇതു കണക്കിലെടുത്ത് ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ എടുത്തു കഴിഞ്ഞു. ഇന്നു വൈകിട്ടോടെ 95 ശതമാനവും നാളെയോടെ പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

തഹസീല്‍ദാരെ സസ്‌പെന്‍ഡ് ചെയ്തു

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസീല്‍ദാര്‍ ചെറിയാന്‍ വി കോശിയെ ജില്ലാ കളക്ടര്‍ പിബി നൂഹ് സസ്‌പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടുകയോ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നിരുത്തരവാദപരമായ പ്രവര്‍ത്തനം സ്വീകരിച്ചതിനുമാണ് സസ്‌പെന്‍ഷന്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍